ജോർജ് വാഷിംഗ്ടൺ
യഥാർത്ഥ പേര്: | ജോർജ് വാഷിംഗ്ടൺ |
കുടുംബപ്പേര്: | വാഷിങ്ടൺ |
തലപ്പേര്: | പ്രസിഡൻറ്അമേരിക്ക |
ജനനം: | 1732 ഫെബ്രുവരി 22, വെസ്റ്റ്മോർലാൻഡ് കൌണ്ടി, വിർജീനിയ |
മരണം: | 1799 ഡിസംബർ 14, 67 മത്തെ വയസ്സിൽ |
പിൻഗാമി: | ജോൺ ആഡംസ് |
മുൻഗാമി: | ആദ്യത്തെ പ്രസിഡന്റായിരുന്നു |
മാതാവ്: | മേരി ബാൽ വാഷിങ്ടൺ |
പിതാവ്: | അഗസ്റ്റിൻ വാഷിങ്ടൺ |
വിവാഹങ്ങൾ: | മാർത്താ ഡാന്ഡ്രിഡ്ജ്, കസ്റ്റിസ് വാഷിങ്ടൺ |
മക്കൾ: |
ജോർജ് വാഷിംഗ്ടൺ (George Washington),(1732 ഫെബ്രുവരി 22, – 1799 ഡിസംബർ 14 അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ്, അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപൻ എന്നീ നിലകളിൽ ലോകമെമ്പാടുമറിയപ്പെടുന്നു. ബ്രിട്ടനെതിരായി അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടി.
ആദ്യകാലം
[തിരുത്തുക]1732-ൽ അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ വെസ്റ്റ് മോർ ലാൻഡ് കൗണ്ടിയിൽ ബ്രിജസ് ക്രീക്കിൽ ആണ് അദ്ദേഹം ജനിച്ചത്.[1] ഇംഗ്ലണ്ടിലെ ഡേറമിനടുത്തുള്ള വാഷിങ്ങ്ടൺ എന്ന സ്ഥലത്ത് നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ പൂർവ്വികർ. പിതാവ് അഗസ്റ്റിൻ വാഷിങ്ങ്ടണും അമ്മ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന മേരി ബാളുമായിരുന്നു. ജോർജിന് ചെറുപ്പത്തിൽ സാമാന്യ വിദ്യാഭ്യാസം മാത്രമേ സിദ്ധിച്ചുള്ളൂ. തോട്ടക്കാരനായി തുടങ്ങിയ അദ്ദേഹം ഭൂമിയളക്കുന്ന ജോലിയാണ് പിന്നീട് ചെയ്തിരുന്നത്. ഇത് അദ്ദേഹത്തിന് വെർജീനിയയുടേ ഭൂമിശാസ്ത്രത്തെപ്പറ്റി വ്യക്തമായ ധാരണ നൽകി. പിന്നീട് ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന് ലെഫ്റ്റനന്റ് കേണൽ പദവി വരെയെത്താൻ ഈ പരിചയം അദ്ദേഹത്തെ സഹായിച്ചു. (1754)
തന്റെ അർദ്ധ സഹോദരനായ ലോറൻസ് വാഷിങ്ങ്ടന്റെ സ്വത്തുക്കൾ മരണശേഷം സ്വായത്തമാക്കുകയും, അദ്ദേഹത്തിന്റെ ജോലി കൂടി എറ്റെടുത്തു നടത്തുകയും ചെയ്തു. വൈകാതെ വാഷിങ്ടൺ ജില്ലാ സഹായി എന്ന തസ്തികയിലേക്ക് ഉയർന്നു. ഇരുപതാമത്തെ വയസ്സിൽ ഫ്രീ മേസൺസ് എന്ന പ്രസിദ്ധമായ മതസംഘടനയിൽ ചേർന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ കാര്യമായിരുന്നു. അദ്ദേഹം മേജർ എന്ന പദവിയിലേക്ക് ഉയർത്തപ്പെടുകയും നാട്ടു പട്ടാളത്തിന് പരിശീലനം നൽകാൻ നിയോഗിക്കപ്പെടുകയും ചെയ്തു.
സൈനിക ജീവിതം
[തിരുത്തുക]22 വയസുള്ളപ്പോൾ സൈനിക സേവനത്തിൽ പ്രവേശിച്ച ജോർജ് ആ കൊല്ലം തന്നെ യുദ്ധത്തിൽ പങ്കെടുത്തു. 1754-63 കാലത്ത് ഫ്രഞ്ചുകാർക്കും, അമേരിക്കൻ ഇന്ത്യക്കാർക്കുമെതിരായുള്ള യുദ്ധങ്ങളിൽ അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. അമെരിക്കൻ ഇന്ത്യക്കാരുമായി ചേർന്ന് ഫ്രഞ്ചു സൈന്യത്തെ തോൽപിക്കാൻ അദ്ദേഹത്തിനായി. ജൂമൊൻവില്ലെ എന്ന സ്ഥലത്തെ ഫ്രഞ്ചു സൈന്യത്തെ അറിയിപ്പൊനുമില്ലാതെ കടന്നാക്രമിച്ച് കശാപ്പു ചെയ്തു. ഫ്രഞ്ചുകാരുടേ ഡെക്വെസ്നേ കോട്ട അദ്ദേഹം പിടിച്ചെടുത്തു, പിന്നീട് നെസസ്സിറ്റി എന്ന കോട്ട കെട്ടി. വെർജീനിയയെ മോചിപ്പിച്ചു. ഇത് പിന്നീട് കൂടുതൽ യുദ്ധങ്ങൾക്ക് വഴിതെളിച്ച് ഫ്രഞ്ചുകാർ അമേരിക്കൻ ഇന്ത്യക്കാരുമായി സഖ്യം ചേർന്ന് തിരിച്ചടിച്ച് ജോർജിനെ ബന്ധനസ്ഥനാക്കിയെങ്കിലും, പിന്നീട് സന്ധിയിൽ വിട്ടയച്ചു.
ജൂമൊൻവില്ലെ സംഭവം ലോകം മുഴുവനും അറിഞ്ഞു. ഇത് കൂടുതൽ സമരങ്ങൾക്ക് വഴി തെളിച്ചു. ഫ്രഞ്ചു സൈന്യത്തിനോട് ലോകം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കപ്പിത്താനായി തരം താഴ്ത്തപ്പെടുന്നതിന്റെ അപമാനത്തിൽ നിന്നോഴിവാവാൻ വാഷിങ്ങ്ടൻ സൈന്യത്തിൽ നിന്ന് വിർമിച്ച് കൃഷിപ്പണിയാരംഭിച്ചു.
എന്നാൽ 1755-ൽ ബ്രിട്ടീഷ് ജനറൽ ബ്രാഡോക്ക് നഷ്ടപ്പെട്ട ഒഹൈയൊ പ്രവിശ്യ തിരിച്ചു പിടിക്കാൻ വലിയ നീക്കം നടത്തിയപ്പോൾ വാഷിങ്ങ്ടൺ സഹായം വാഗ്ദാനം ചെയ്തു. മൊണോൻഖേല എന്ന സ്ഥലത്തു വച്ചു നടന്ന യുദ്ധം ഒരു തിരിച്ചടിയായിരുന്നു. യുദ്ധത്തിനിടക്ക് വാഷിങ്ങ്ടന്റെ കുതിരകൾ രണ്ടെണ്ണം വെടികൊണ്ടു ചത്തു, അദ്ദേഹം വെടിയുണ്ടകളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്, നാലുണ്ടകൾ കോട്ടു തുളച്ചെങ്കിലും പരിക്കൊന്നുമില്ലാതെ നെഞ്ചു വിരിച്ച് മൈതാനം ഒന്നു രണ്ടു തവണ ചുറ്റി തോറ്റുകോണ്ടിരിക്കുന്ന സൈന്യത്തിന് തിരിച്ചു വരാൻ ആഹ്വാനം നൽകിക്കൊണ്ടിരുന്നു. ഇത് അദ്ദേഹത്തിന് വീര പരിവേഷം നൽകി. വർഷാവസാനം വാഷിങ്ടൺ കേണൽ സ്ഥാനത്തിന് അർഹനായി. അദ്ദേഹത്തെ നാടൻ സൈന്യത്തിന്റെ സർവ്വ സൈന്യാധിപനാക്കി മാറ്റി. ഏകദേശം മുന്നൂറു മൈൽ വരുന്ന ഭൂഭാഗത്തിന്റെ പ്രതിരോധച്ചുമതല ഏൽപിച്ചു.
വാഷിങ്ങ്ടന്റെ ഉള്ളിന്റെ ഉള്ളിൽ ബ്രിട്ടീഷ് സൈന്യത്തിലെ ജോലിയായിരുന്നു മോഹം. പ്രവിശ്യയിലെ സൈന്യത്തിലെ ജോലിയേക്കാൾ പ്രൗഢിയുള്ളതായിരുന്നു ബ്രിട്ടീഷ് രാജകീയ സൈന്യത്തിലെ ജോലി. ബ്രിട്ടീഷുകാരാകട്ടെ അമേരിക്കൻ നാട്ടുകാരെ അടുപ്പിച്ചുമില്ല. അങ്ങനെ സ്വപ്നം കണ്ട് കാലം പോക്കുകയല്ലാതെ പ്രതീക്ഷിച്ച ജോലി കിട്ടുകയില്ല എന്നായപ്പോൾ അദ്ദേഹം ജോലി രാജിവച്ച് തോട്ടം നോക്കി നടത്താൻ ഇറങ്ങി.
രാഷ്ട്രീയത്തിൽ
[തിരുത്തുക]തോട്ടമുടമയായിട്ടുള്ള ഈ സൈനികേതര ജീവിതത്തിനിടെ 1756 ജനുവരി ആറിന് അദ്ദേഹം മാർത്താ ഡൻഡ്രിഡ്ജ് കസ്റ്റിസ് എന്ന വിധവയെ വിവാഹം ചെയ്തു. അവർക്ക് കുട്ടികൾ ഒന്നുമുണ്ടായില്ലെങ്കിലും അവർ മാർത്തയുടെ കുട്ടികളായ ജോൺ പാർക്ക് കസ്റ്റിസ്, മാർത്ത പാർക്ക് കസ്റ്റിസ് എന്നിവരെ വളർത്തി. വസൂരി പിടിച്ചതോ ക്ഷയം ബാധിച്ചതോ കൊണ്ടായിരിക്കാം അദ്ദേഹത്തിന് കുട്ടികൾ ഉണ്ടാവാഞ്ഞത് എന്ന് കരുതപ്പെടുന്നു.
മാർത്ത ധനികയായിരുന്നു. ജോർജിന് അങ്ങനെ വൻപിച്ച സ്വത്ത് കൈവന്നു. കസ്റ്റിസിന് പാരമ്പര്യമായി കിട്ടിയ 1,8000 ഏക്കർ സ്ഥലത്തിന്റെ മൂന്നിലൊന്നും കുട്ടികളുടെ പേരിൽ ബാക്കിയുള്ളതും വാഷിങ്ങ്ടന് ലഭിച്ചു. ഇന്ന് വെസ്റ്റ് വെർജീനിയ എന്നറിയപ്പെടുന്ന സ്ഥലം അദ്ദേഹത്തിന് സൈന്യം സമ്മാനമായി കൊടുക്കുകയും ചെയ്തു. തുടർന്ന് വെർണോൺ എന്ന മലയ്ക്കു ചുറ്റുമുള്ള ഏകദേശം 6500 ഏക്കർ വിലക്കുവാങ്ങി തോട്ടകൃഷി ആരംഭിച്ചു. എന്നാൽ ബ്രിട്ടനുമായിട്ടായിരുന്നു കാർഷിക ഉൽപന്നങ്ങളുടെ വ്യാപാരം. ബ്രിട്ടീഷ് നിയമങ്ങളും കച്ചവടക്കാരുടേ തോന്ന്യസങ്ങളും വാഷിങ്ടണെ പോലുള്ള കച്ചവടക്കാരെ കഷ്ടത്തിലാക്കി. രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹം ഇടപെടാൻ തുടങ്ങിയത് ഇതിന് ഒരു പരിഹാരം കാണാം എന്നു കരുതിക്കൂടിയാണ്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മൂലം അദ്ദേഹം വെർജീനിയയിൽ നിന്നുള്ള ജന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.(1758)
വാഷിങ്ടന്റെ ജീവിതത്തെ പറ്റി നന്നായി അറിയണമെങ്കിൽ അമേരിക്കയുടെ സ്വാതന്ത്ര്യ സമര ചരിത്രം കൂടി അറിയേണ്ടതുണ്ട്. അത്രയ്ക്കും ഇഴചേർന്നതാണ് രണ്ടും. പതിനേഴാം നുറ്റാണ്ടിലാണ് അമേരിക്കൻ വൻകരയിൽ ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, നെതർലൻഡ്സ്, ജർമ്മനി, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറ്റം ആരംഭിച്ചത്.അവർ അവിടേ തോട്ടങ്ങൾ ഉണ്ടാക്കി, പണിയെടുക്കാൻ ആഫ്രിക്കയിൽ നിന്നും കറുത്ത വംശജരെ അടിമകളായി കൊണ്ടു വന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന സപ്തവത്സര യുദ്ധത്തിൽ ഫ്രാൻസിന്റെ പരാജയത്തെ തുടർന്ന് ഫ്രഞ്ച് കോളനികൾ ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു.
അമേരിക്കയിലെ കോളനികളിൽ ഇംഗ്ലണ്ടിലെ പാർലമെന്റിന് നേരിട്ട് നിയമ നിർമ്മാണം നടത്താമെന്നും നികുതി നിശ്ചയിക്കാമെന്നും അതിന് കോളനിവാസികളുടെ പ്രാതിനിധ്യം ആവശ്യമില്ല എന്നുമുള്ള സ്ഥിതി വന്നപ്പോൾ കോളനികൾ ഇംഗ്ലണ്ടിനെതിരായിത്തിരിഞ്ഞു. 1769 കളിൽ കോളണിവാസികളുടെ അമർഷം ശക്തി പ്രാപിച്ചു. വാഷിങ്ങ്ടന്റെ സുഹൃത്തായ ജോർജ് മേസൺ രൂപപ്പെടുത്തിയ ബ്രിട്ടീഷ നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണത്തോടെ പൊതുവേ ബ്രിട്ടീഷ് ഭരണത്തിനെതിരായി സമരം ആരംഭിച്ചു. (1775-83) തോമസ് ജെഫേർസൻ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, തോമസ് പെയ്‌ൻ എന്നിവരാണ് നേതൃത്വസ്ഥാനത്ത് ഉണ്ടായിരുന്നവർ. അവരുടെ സമരം അഹിംസാപരമായിരുന്നില്ല. തോക്കും, ആയുധങ്ങളും ഉപയോഗിച്ച സായുധസമരമായിരുന്നു അത്. ഒരു വൻ സൈന്യം എന്നും അമേരിക്കക്കായി തയ്യാറായിരുന്നു, അതിന്റെ തലവനായി ജോർജ് വാഷിങ്ങ്ടണും.
പിന്നീട് സ്റ്റാമ്പ് നിയമ പ്രതിസന്ധി (1765-66) ബോസ്റ്റൺ കൂട്ടക്കൊല (1770)ബോസ്റ്റൺ ടീ പാർട്ടി (1773) എന്നീ സംഭവങ്ങൾ സമരം കൂടുതൽ ആളിപ്പടർത്തി.
കോളനികൾ കോണ്ടിനെന്റൽ കോൺഗ്രസ് എന്ന സമ്മേളനം വിളിച്ചുകൂട്ടി. വെർജീനിയയുടെ പ്രതിനിധിയായിരുന്നു ജോർജ് വാഷിങ്ങ്ടൻ. 1775 ഫിലാഡെൽഫിയയിൽ നടന്ന രണ്ടാം കോൺഗ്രസ്സിൽ വാഷിങ്ങ്ടനെ സംയ്ക്ത സേനയുടെ നായകനായി തെരഞ്ഞെത്തു.
വാഷിംഗ്ടൺ ദിനം
[തിരുത്തുക]ഫെബ്രുവരിയിലെ മൂന്നാമത്തെ തീങ്കളാഴ്ച വാഷിംഗ്ടൺ ദിനമായി ആചരിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ രാധികാ സി. നായർ. ലോകനേതാക്കൾ, ഏട് 15, ഡി.സി. റെഫെറൻസ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5
- ↑ "Washington's Birthday".