Jump to content

എൽബ

Coordinates: 42°45.71′N 10°14.45′E / 42.76183°N 10.24083°E / 42.76183; 10.24083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽബ
Geography
Locationടൈറാനിയൻ കടൽ
Coordinates42°45.71′N 10°14.45′E / 42.76183°N 10.24083°E / 42.76183; 10.24083
Archipelagoടസ്കാൻ ദ്വീപസമൂഹം
Administration
ഇറ്റലി
Demographics
Population31,059

മധ്യധരണ്യാഴിയുടെ ഭാഗമായ ടൈറീനിയൻ കടലിൽ ഇറ്റലിക്കും കോർസിക്കയ്ക്കും ഇടയ്ക്കുകിടക്കുന്ന ടസ്കൻ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ്‌ എൽബ. ഭരണപരമായി ഇറ്റലിയുടെ ഭാഗമായ ഇവിടം സമ്പത്സമൃദ്ധവും പ്രകൃതിരമണീയവുമാണ്. വിസ്തീർണം 223 ച. കി. മീ. ജനസംഖ്യ 1,711,263 മുഖ്യനഗരം പോർട്ടോ ഫെറായിയോ.[1]

ഭൂപ്രകൃതി

[തിരുത്തുക]

എൽബയിലെ ഭൂപ്രകൃതി പൊതുവേ നിമ്നോന്നതമാണ്. പശ്ചിമ ഭാഗത്തായി സ്ഥിതിചെയ്യുന്ന മൗണ്ട് കപാൻ (1,019 മീ.) ആണ് ദ്വീപിലെ ഏറ്റവും ഉയരം കൂടിയ സ്ഥാനം. കടലോരം മിക്കവാറും ചെങ്കുത്തായ പാറക്കെട്ടുകൾ നിറഞ്ഞതാണ്. മെഡിറ്ററേനിയൻ മാതൃകയിലുള്ള കാലാവസ്ഥയും സസ്യജാലവുമാണുള്ളത്. മണ്ണ് പൊതുവേ ഫലഭൂയിഷ്ഠമാണ്. [2]

സാമാന്യം നല്ല മഴ ലഭിക്കുന്ന പശ്ചിമഭാഗങ്ങൾ കൃഷിനിലങ്ങളായി മാറിയിരിക്കുന്നു. മുന്തിരിയും ഒലിവ്മാണ് പ്രധാന വിളകൾ. ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളും മൾബറിയും കൃഷി ചെയ്തു വരുന്നു.[3]

ധാതുസമ്പത്ത്

[തിരുത്തുക]

എൽബയുടെ പൂർ‌‌വാർദ്ധം ധാതുസമ്പന്നമായ ഒരു മേഖലയാണ്. നന്നേ പ്രാചീനകാലം മുതൽക്കേ ആരംഭിച്ച ഇരുമ്പുഖനനം ഇപ്പോഴും തുടർന്നു വരുന്നു. ഇറ്റലിയിലെ ഇരുമ്പയിരുത്പാതനത്തിൽ 90 ശതമാനവും എൽബിയിൽ നിന്നാണ്. ചെമ്പ്, കറുത്തീയം, ഗന്ധകം, മാർബിൾ, അലബാസ്റ്റർ എന്നീ ധതുക്കളും ധാരളമായി ഖനനം ചെയ്തുവരുന്നു. കടലോര പ്രദേശത്ത് മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.[4]

അധിനിവേശം

[തിരുത്തുക]

ഗ്രീക്കുകാർ ഇതാലിയ എന്നും റോമാക്കാർ ഇൽ‌‌വ എന്നും വിളിച്ചുപോന്ന എൽബയ്ക്ക് സുദീർഘവും സംഭവബഹുലവുമായ ഒരു ചരിത്രമുണ്ട്. ഈ ദ്വീപിനെ ആദ്യം അധിവസിച്ചത് ലിഗൂറിയൻ ആയിരുന്നു. തുടർന്ന് എട്രൂറിയർ ഇവിടെ കുടിയേറി. ബി. സി. 453-ൽ സിറാക്കൂസിന്റെ അധീനതയിലായി. ഇരുമ്പും വസ്തുശിലകളും സംഭരിക്കുന്നതിനായി റോമാക്കാർ ഈ ദ്വീപിൽ ആധിപത്യം സ്ഥാപിക്കുകയും ഇതിനെ തങ്ങളുടെ ഒരു നാവികസേനാ കേന്ദ്രമാക്കി തീർക്കുകയും ചെയ്തു. പിൽക്കാലത്ത് ലോംബാർഡിയുടെയും തുടർന്ന് പിസയുടെയും കീഴിലായി. ഇക്കാലത്തിനിടയ്ക്കുതന്നെ ഈ ദ്വീപ് അറബികളുടെ അക്രമണങ്ങൾക്കു വിധേയമായിരുന്നു. 1290-ൽ ജെനോവയുടെയും 1399-ൽ ആപ്പിയാനോ പ്രഭുക്കന്മാരുടെയും നിയന്ത്രണത്തിലായി. 15 മുതൽ 18 വരെ നൂറ്റാണ്ടുകളിൽ കടൽക്കൊള്ളക്കാരുടെയും തുർക്കി, ഫ്രാൻസ്, ആരഗോൺ, സ്പെയിൻ, ജർമനി, ടസ്കനി, ബ്രിട്ടൻ എന്നീ ദേശക്കാരുടെയും ഇടവിട്ടുള്ള ആക്രമണ, നശീകരണങ്ങൾക്കും ഇവരിൽ ചിലരുടെ ഹ്രസ്വകാല അധീശ്വത്തിനും എൽബ വിധേയമായി. 1548-ൽ അപ്പിയാനോ പ്രഭുക്കന്മാർ ഈ ദ്വീപിന്റെ മേലുള്ള അവകാശം മെഡീസിയിലെ കോസിമോ ഒന്നിനു കൈമാറി 1596 മുതൽ 1700 സ്പെയ്നിന്റെ അധീനതയിലും തുടർന്ന് 1802 വരെ ഫ്രഞ്ച് ഭരണത്തിലും കഴിഞ്ഞശേഷം ഏതാണ്ട് അനാഥാവസ്ഥയിലെത്തി. 1814-ൽ ഇവിടേക്കു നാടുകടത്തപ്പെട്ട നെപ്പോളിയൻ എൽബ കേന്ദ്രമാക്കി ഒരു പരമാധികാര ഭരണകൂടം സ്ഥപിച്ചു. നെപ്പോളിയനാണ് ഈ ദ്വീപിന്റെ അഭിവൃത്തിക്കു തുടക്കമിട്ടത്. ഒരു വർഷത്തിനകം തന്നെ പോർട്ടോ ഫെറായിയോയെ ഒരു തുറമുഖമാക്കി വികസിപ്പിക്കുവാൻ നെപ്പോളിയനു കഴിഞ്ഞു. ഇദ്ദേഹം ദ്വീപിൽ കോട്ടകൊത്തളങ്ങൾ ഉറപ്പിക്കുകയും ഗതാഗതസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ജനങ്ങൾക്കു മെച്ചപ്പെട്ട സൈനിക പരിശീലനം നൽകുകയും ചെയ്തു. സാമൂഹിക സാമ്പത്തിക രംഗത്തും നിരവധി പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. നെപ്പോളിയന്റെ പതനത്തെത്തുടർന്ന് എൽബ ടെസ്കനിയോടു ചേർക്കപ്പെട്ടു. പിന്നീടു ടെസ്കനിയോടൊപ്പം ഐക്യ ഇറ്റലിയുടെ ഭാഗമായി. ഒന്നാം ലോകയുദ്ധക്കലത്ത് ഫ്രഞ്ച് അധീനതയിൽപ്പെട്ടുവെങ്കിലും വീണ്ടും ഇറ്റലിയുടെ ഭാഗമായി. ഇപ്പൊൾ എൽബ ഇറ്റലിയിലെ ലിവോർണോ പ്രവിശ്യയുടെ ഭാഗമാണ്.[5]

ഫോട്ടോ ഗ്യാലറി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://elbane.htu.myareaguide.com/demographics.html Elba: Tuscany's island Elba Demographics
  2. http://www.elba-online.com/Informazioni/infoeng/elbaeng.html[പ്രവർത്തിക്കാത്ത കണ്ണി] Elba Island
  3. http://www.elba-online.com/musei/cart_musei_E.htm Archived 2010-01-07 at the Wayback Machine. CULTURE, HISTORY AND NATURE ON THE ISLAND ELBA
  4. http://www.elba-online.com/comuni/riomarina/riomarina.htm Archived 2010-01-06 at the Wayback Machine. Rio Marina
  5. http://en.wikipedia.org/wiki/Elba Elba-Wikipedia (History)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൽബ&oldid=3626666" എന്ന താളിൽനിന്ന് ശേഖരിച്ചത്