ഫിലോ
ക്രിസ്തുമതത്തിന്റെ ഉല്പത്തിയോടടുത്ത കാലത്ത് (ക്രി.മു. 20 BCE - ക്രി.പി. 50) ഈജിപ്തിലെ അലക്സാണ്ഡിയയിൽ ജീവിച്ചിരുന്ന ഒരു യവനീകൃത യഹൂദചിന്തകനായിരുന്നു ഫിലോ. അലക്സാണ്ഡ്രിയയിലെ ഫിലോ (ഗ്രീക്ക്: Φίλων ὁ Ἀλεξανδρεύς), ഫിലോ യൂദാസ്, അലക്സാണ്ഡ്രിയയിലെ ഫിലോ യൂദാസ്, യഹൂദനായ ഫിലോ, എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.
യവനചിന്തയേയും യഹൂദവിശ്വാസത്തേയും കൂട്ടിച്ചേർക്കാനും സമരസപ്പെടുത്താനും അദ്ദേഹം യഹൂദരചനകളുടെ പ്രതീകാത്മകവ്യാഖ്യാനത്തെ ആശ്രയിച്ചു. യഹൂദഗ്രന്ഥവ്യാഖ്യാനത്തിന്റേയും സ്റ്റോയിക് ചിന്തയുടേയും മാതൃകൾ കലർന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഫിലോയുടെ രചനകൾക്ക് അദ്ദേഹത്തിന്റെ കാലത്തെ യഹൂദസമൂഹത്തിൽ വ്യാപകമായ സ്വീകാര്യത കിട്ടിയില്ല. "അക്ഷരാർത്ഥവ്യാഖ്യാനത്തിന്റെ ദുസ്തർക്കക്കാർ"(Sophists of literalism) എന്ന് താൻ വിശേഷിപ്പിച്ചവർ [1], തന്റെ വ്യാഖ്യാനത്തിലെ അത്ഭുതങ്ങൾ കേട്ട് ഗർവോടെ കണ്ണുമിഴിച്ചു എന്നദ്ദേഹം പരാതിപ്പെട്ടു. എന്നാൽ ആദ്യകാലക്രിസ്ത്യാനികൾ ഫിലോയുടെ രചനകളെ ഉത്സാഹപൂർവം സ്വീകരിച്ചു. അവരിൽ ചിലർ അദ്ദേഹം രഹസ്യക്രിസ്ത്യാനി(Crypto Christian) ആയിരുന്നെന്നു കരുതുകപോലും ചെയ്തു.
ദൈവത്തിന്റെ സൃഷ്ടിതത്ത്വമായി ഫിലോ അവതരിപ്പിച്ച "ലോഗോസ്" എന്ന സങ്കല്പം ആദ്യകാല ക്രിസ്തുശാസ്ത്രത്തെ സ്വാധീനിച്ചു. യഹൂദദൈവശാസ്ത്രത്തിലെ ആശയങ്ങളെ ഗ്രെക്കോ-റോമൻ യോഗാത്മധാർമ്മികതയുമായി സംയോജിപ്പിച്ച ഫിലോയാണ്, യഹൂദമതത്തിലേയും ഗ്രെക്കോറോമൻ ചിന്തയിലേയും ആശയങ്ങളുടെ സങ്കരമായ ക്രിസ്തുമതത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നുപോലും വാദിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ അനുയായികൾ ഫിലോയുടെ ആശയങ്ങളെ സ്വീകരിച്ച് പുതിയനിയമത്തിന്റെ ഭാഗമായി തീർന്ന ലേഖനങ്ങളിൽ ചേർത്തിരിക്കാൻ സാധ്യതയുണ്ട്.[2]
ഫിലോയുടെ പശ്ചാത്തലം
[തിരുത്തുക]തലമുറകളായി അലക്സാണ്ഡ്രിയയിൽ ജീവിച്ചിരുന്ന ഒരു കുടുംബത്തിലാണ് ഫിലോ ജനിച്ചത്. സമ്പന്നവും മാന്യതകല്പിക്കപ്പെട്ടതുമായിരുന്നു ആ കുടുംബം. അവർക്ക് റോമൻ പൗരത്വം ഉണ്ടായിരുന്നു. അലക്സാണ്ടർ, ലൈസിമാക്കസ് എന്നീ രണ്ടു സഹോദരന്മാർ ഫിലോയ്ക്കുണ്ടായിരുന്നു. കസ്റ്റംസ് പിരിവ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അലക്സാണ്ടർ. അലക്സാണ്ടറുടെ മകൻ തിബേരിയസ് ജൂലിയസ്, യഹൂദമതം ഉപേക്ഷിക്കുകയും റോമൻ ഭരണത്തിൽ ഉന്നതസ്ഥാനമുള്ള ഉദ്യോഗങ്ങൾ വഹിക്കുകയും ചെയ്തു. റോമൻ സൈന്യം യെരുശലേമിനെതിരെ നടത്തിയ ഉപരോധത്തിൽ പോലും അദ്ദേഹം പങ്കുവഹിച്ചു. അലക്സാണ്ഡ്രിയയിൽ ഫിലോ ഉൾപ്പെട്ടിരുന്ന യഹൂദസമുദായം വളരെ വലുതും സ്വാധീനമുള്ളതും ആയിരുന്നു. നഗരത്തിൽ അവർക്ക് ഒട്ടേറെ ആരാധനാലയങ്ങളുണ്ടായിരുന്നു. ഏറെപ്പേരും നഗരത്തിലെ യഹൂദന്മാർ തിങ്ങിപ്പാർത്തിരുന്ന പ്രദേശത്താണ് താമസിച്ചിരുന്നത്. ചിലർ നഗരത്തിന്റെ ഇതരഭാഗങ്ങളിലും താമസിച്ചിരുന്നു. ആലക്സാണ്ഡ്രിയയിൽ യഹൂദർന്മാർക്ക് നഗരത്തിൽ സമ്പൂർണ്ണപൗരത്വം ഇല്ലായിരുന്നെങ്കിലും നിയമപരമായി അംഗീകരിക്കപ്പെട്ട അവകാശങ്ങളുള്ള ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗമായിരുന്നു അവർ.[3]
ഫിലോയുടെ ജീവിതത്തിലെ കാലഗണന സാധ്യമായ ഒരേയൊരു സംഭവം, അലക്സാണ്ഡ്രിയയിലെ യഹൂദരും യവനരുമായുള്ള സംഘർഷത്തെക്കുറിച്ച് ബോധിപ്പിക്കാനായി റോമിൽ ഗൈയസ് കലിഗുള ചക്രവർത്തിയുടെ അടുത്തേയ്ക്ക് പോയ ദൗത്യസംഘത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തമാണ്. ക്രിസ്തുവർഷം നാല്പതിലാണ് ഇത് നടന്നത്. ഫിലോയുടെ ജീവിതത്തെക്കുറിച്ച് ആകെ ലഭ്യമായ ചില്ലറ വിവരങ്ങൾ അദ്ദേഹത്തിന്റെ തന്നെ രചനകളിൽ, പ്രത്യേകിച്ച്, "ഗൈയസ് ചക്രവർത്തിയുടെ അടുത്തേയ്ക്കുള്ള ദൗത്യം"എന്ന രചനയിലും, ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ജോസഫസിന്റെ(ക്രി.വ. 37-100) രചനകളിലും ഉള്ളതാണ്.[4] ഫിലോയെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെയും ജോസെഫസിന്റേയും രചനകളിൽ നിന്നു കിട്ടുന്ന വിവരങ്ങളുടെ പശ്ചാത്തലം റോമിലേയ്ക്കുള്ള യഹൂദദൗത്യമാണ്.
ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ, ജോസെഫസ് എന്നറിയപ്പെടുന്ന ഫ്ലാവിയസ് ജോസഫ്, "യഹൂദ പൗരാണികത" എന്ന രചനയിൽ, അലക്സാണ്ഡ്രിയയിലെ യഹൂദരുടെ ഒരു ദൗത്യസംഘത്തിന്റെ നേതാവായി റോമിലേയ്ക്ക് ഫിലോ നടത്തിയ യാത്രയെക്കുറിച്ച് പറയുന്നുണ്ട്. നഗരത്തിലെ യവനരുമായി വളർന്നുവന്നിരുന്ന സംഘർഷത്തെക്കുറിച്ച് കലിഗുള ചക്രവർത്തിയെ ബോധിപ്പിക്കാൻ പോയ ദൗത്യസംഘത്തിലെ അംഗമായി അലക്സാണ്ഡ്രിയയിലെ യഹൂദസമൂഹം ഫിലോയെ തെരഞ്ഞെടുക്കുകയായിരുന്നെന്ന് ജോസെഫസ് പറയുന്നു. ഫിലോ തത്ത്വചിന്തയിൽ "അപ്രഗല്ഭനല്ലാത്തവനും" അലക്സാണ്ടർ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥന്റെ സഹോദരനും ആയിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.[5] ജോസെഫസിന്റെ അഭിപ്രായത്തിൽ, ചക്രവർത്തിയെ ദൈവമായി അംഗീകരിക്കാൻ വിസമ്മതിച്ച ഫിലോയും യഹൂദസമൂഹവും ചക്രവർത്തിയുടെ വിഗ്രഹം നിർമ്മിക്കാനും അദ്ദേഹത്തിനു വേണ്ടി ക്ഷേത്രങ്ങളും ബലിപീഠങ്ങളും നിർമ്മിക്കാനും വിസമ്മതിച്ചതാണ് സംഘർഷത്തിന് കാരണമായത്. തങ്ങളുടെ ഈ നിലപാടിന് ദൈവപ്രേരിതമാണെന്ന് ഫിലോ വിശ്വസിച്ചിരുന്നു. ഫിലോയെക്കുറിച്ച് ജോസെഫസ് നൽകുന്ന ഹ്രസ്വമായ വിവരണം, ഫിലോയുടെ തന്നെ രചനകളിൽ തെളിയുന്ന ചിത്രവുമായി ചേർന്നുപോകുന്നതാണ്.
ഫിലോയെക്കുറിച്ചുള്ള ജോസെഫസിന്റെ പരാമർശത്തിന്റെ പൂർണ്ണരൂപം ഇതാണ്:
- "അക്കാലത്ത് അലക്സാണ്ഡ്രിയയിലെ യഹൂദനിവാസികൾക്കും യവനർക്കുമിടയിൽ സംഘർഷം വളർന്നു വന്നു; ആ തർക്കത്തിൽ കഷികളായിരുന്നവരിൽ നിന്ന് മൂന്നു പ്രതിനിധികൾ (കലിഗുള)ചക്രവർത്തിയുടെ അടുത്തെത്തി. പ്രതിനിധികളിൽ ഒരാളായിരുന്ന ആപിയൻ, യഹൂദർക്കെതിരെ ഒട്ടേറെ ദൈവദൂഷണങ്ങൾ പറഞ്ഞു; റോമിന്റെ പ്രജകളായ മറ്റു ജനതകൾ ചക്രവർത്തിയ്ക്ക് ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ദൈവങ്ങളെ ബഹുമാനിക്കുന്നതുപോലെ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുമ്പോൾ യഹൂദർ മാത്രം ചക്രവർത്തിയുടെ പ്രതിമകൾ നിർമ്മിക്കുന്നതും അദ്ദേഹത്തിന്റെ നാമത്തിൽ സത്യം ചെയ്യുന്നതും അർഹിക്കുന്ന ബഹുമാനം നൽകുന്നതും അപമാനകരമായി കരുതുന്നെന്നും മറ്റും അയാൾ ആരോപിച്ചു. ഈ കഠിനതകളൊക്കെ അയാൾ പറഞ്ഞുകേൾപ്പിച്ചത്, യഹൂദർക്കെതിരെ ചക്രവർത്തിയുടെ കോപം ജ്വലിപ്പിക്കാനാണ്. സംഭവിച്ചതും അതു തന്നെയാണ്. എല്ലാത്തരത്തിലും പ്രഗല്ഭനും അലക്സാണ്ടറുടെ സഹോദരനും തത്ത്വചിന്തയിൽ അപ്രഗല്ഭനല്ലാത്തവനുമായ മുഖ്യയഹൂദപ്രതിനിധി ഫിലോ, ഈ ആരോപണങ്ങൾക്കെല്ലാം മറുപടി പറയാൻ ഒരുക്കമായിരുന്നു; എന്നാൽ അദ്ദേഹത്തെ വിലക്കുകയും പുറത്തുപോകാൻ ആവശ്യപ്പെടുകയുമാണ് ചക്രവർത്തി ചെയ്തത്; എന്തെങ്കിലും കടുംകൈ താമസിയാതെ ചെയ്തേക്കുമെന്ന് തോന്നിക്കും വിധം ക്രൂദ്ധനായിരുന്നു ചക്രവർത്തി. ഇതു സംഭവിച്ച ഉടനെ ഫിലോ പുറത്തു വന്ന് അവിടെ കാത്തുനിന്നിരുന്ന യഹൂദരോട് സംസാരിച്ചു. അവർ ധൈര്യം വെടിയരുതെന്നും ചക്രവർത്തി അവർക്കെതിരെ വലിയ ക്രോധം കാട്ടുന്നെങ്കിലും അതുവഴി ദൈവത്തെ തനിക്കെതിരായി തന്നെ തിരിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും ഫിലോ പറഞ്ഞു." (യഹൂദപൗരാണികത, xviii.8, § 1,)
ഫിലോ തരുന്ന ചിത്രം
[തിരുത്തുക]റോമിലേക്കുള്ള ദൗത്യം
[തിരുത്തുക]റോമിലേയ്ക്കു താൻ നടത്തിയ ദൗത്യയാത്രയുടെ കാര്യം ഫിലോയും പറയുന്നുണ്ട്. അലക്സാണ്ഡ്രിയയിലെ യഹൂദന്മാരുടെ കഷ്ടപ്പാടുകൾ വിവരിക്കുന്ന ഒരു നിവേദനം താൻ കൊണ്ടുപോയിരുന്നെന്നും ചക്രവർത്തിയോട് യഹൂദന്മാരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറയുന്നു. യഹൂദന്മാർക്ക് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് ജോസെഫസ് തരുന്നതിലും കൂടുതൽ വിവരങ്ങൾ ഫിലോ നൽകുന്നു. അനേകം യഹൂദരും യവനരുമായി ഒട്ടേറെപ്പേർ മരിച്ച സംഘർഷങ്ങളിൽ മുഖ്യമായും യഹൂദർ യവനരുടെ ആക്രമത്തിൽ ഇരകളാവുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു. വിദ്യാഭ്യാസവും, അറിവും, പ്രായവും ഉള്ള തന്നെ അസാധാരണമായ വിവേകത്തിനുടമയായി സ്വന്തം ജനങ്ങൾ കരുതിയെന്ന് ഫിലോ പറയുന്നു. റോമിലേയ്ക്കുള്ള ദൗത്യത്തിന് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ യഹൂദസമൂഹത്തെ പ്രേരിപ്പിച്ചത് അതായിരുന്നു. ദൗത്യം നടന്ന സമയത്ത്(ക്രി.വ. 40-ൽ) തന്നെ അദ്ദേഹം വൃദ്ധനായിരുന്നെന്ന് ഈ നിരീക്ഷണത്തിൽ നിന്ന് മനസ്സിലാക്കാം. യരുശലേമിലെ യഹൂദദേവാലയത്തിൽ സ്വന്തം പ്രതിമ സ്ഥാപിക്കാനുള്ള കലിഗുളയുടെ തീരുമാനത്തെ ഫിലോ വലിയ പ്രകോപനമായി കരുതി. "ഞങ്ങളുടെ ദേവാലയത്തിൽ നിങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്ന പരിഷ്കാരങ്ങളുടെ ഫലം എന്തായിരിക്കുമെന്നതിനെക്കുറിച്ച് നിങ്ങൾ അജ്ഞരായിരിക്കാൻ വഴിയില്ല. ഇത്തരം അപമാനം സഹിക്കുന്നതിനു പകരം സ്വന്തം നിയമങ്ങൾക്കുവേണ്ടി ഞങ്ങൾ പൊരുതുമെന്നും ദേശീയമര്യാദകൾക്കുവേണ്ടി മരിക്കാനൊരുങ്ങുമെന്നും നിങ്ങൾക്ക് അറിയാമെന്നിരിക്കെ, ഞങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയല്ലാതെ മറ്റെന്താണ് ഇതുവഴി നിങ്ങൾ ചെയ്യുന്നത്?" എന്ന് അദ്ദേഹം ചോദിച്ചു. ദേവാലയത്തിൽ ദൈവനിന്ദ അനുവദിക്കുന്നതിനു പകരം ചക്രവർത്തിക്കെതിരായി കലാപമുയർത്താനുള്ള ദൃഢനിശ്ചയമാണ് ഫിലോ ഉടനീളം പ്രകടിപ്പിക്കുന്നത്. യഹൂദസമൂഹവുമായി ഫിലോയ്ക്കുണ്ടായിരുന്ന ആഴമായ ബന്ധമാണ് ഈ നിലപാടിൽ പ്രകടമാകുന്നത്. (ഗൈയസ് ചക്രവർത്തിയുടെ അടുത്തേയ്ക്കുള്ള ദൗത്യം, അദ്ധ്യായങ്ങൾ 28-31)
അലക്സാണ്ഡ്രിയയിലെ യഹൂദർ
[തിരുത്തുക]ഫ്ലാക്കസ് എന്ന രചനയിൽ, ഗൈയസ് കലിഗുള റോമിൽ അധികാരത്തിൽ വന്നശേഷം അലക്സാണ്ഡ്രിയയിലെ യഹൂദന്മാരുടെ ജീവിതം ദുരിതപൂർണ്ണമായത് എങ്ങനെയെന്ന് ഫിലോ വിവരിക്കുന്നു. അക്കാലത്തെ ഈജിപ്തിലെ സമൂഹത്തെക്കുറിച്ച് ഫിലോ ഇങ്ങനെ പറയുന്നു: "അലക്സാണ്ഡ്രിയയിൽ രണ്ടു വർഗ്ഗം മനുഷ്യരുണ്ട്: ഞങ്ങളുടെ കൂട്ടരും നാട്ടുകാരും. ഈജിപ്ത് മുഴുവനിലേയും സ്ഥിതിയും ഇതുതന്നെയാണ്. ലിബിയയുടെ അതിർത്തിമുതൽ എത്യോപ്യയുടെ അതിർത്തി വരെ ഈജിപ്തിൽ ആകെയുള്ള യഹൂദരിൽ പുരുഷന്മാരുടെ തന്നെ സംഖ്യ പത്തുലക്ഷമെങ്കിലും വരും." അലക്സാണ്ഡ്രിയയിലെ വലിയ യഹൂദസമൂഹത്തെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതി: "നഗരത്തിൽ അഞ്ചു ജില്ലകളുണ്ട്. അക്ഷരമാലയിലെ ആദ്യത്തെ അഞ്ചക്ഷരങ്ങളുടെ പേരാണവയ്ക്ക്. ഇവയിൽ രണ്ടെണ്ണം യഹൂദമേഖലയായി കണക്കാക്കപ്പെടുന്നു. യഹൂദർ മിക്കവാറും ഇവിടെയാണ് ജീവിക്കുന്നത്." അലക്സാണ്ഡ്രിയയിലെ റോമൻ ഗവർണ്ണർ ഫ്ലാക്കസ്, അലക്സാണ്ഡ്രിയയിലെ സിനഗോഗുകളിൽ കലിഗുളയുടെ പ്രതിമ സ്ഥാപിക്കാൻ ഒരു പുരുഷാരത്തെ അനുവദിച്ചതിനെ, മുമ്പെങ്ങുമുണ്ടാകാത്ത തരം പ്രകോപനമായി ഫിലോ കണ്ടു. അതിനെ യഹൂദർ ശക്തി ഉപയോഗിച്ച് തടഞ്ഞിരിക്കണം. അതിനോട് പ്രതികരിച്ച് ഗവർണ്ണർ "യഹൂദരെ വിദേശികളെന്നും അന്യനാട്ടുകാർ എന്നും വിശേഷിപ്പിച്ച് ഒരു വിളംബരം ഇറക്കി......യഹൂദരെ യുദ്ധത്തടവുകാരായി കണക്കാക്കി അവർക്കെതിരെ അക്രമം കാട്ടാനും അവരുടെ കുലം മുടിക്കാനും ആർക്കുവേണമെങ്കിലും കഴിയുന്ന അവസ്ഥ വരുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം." ഇതിനെ തുടർന്ന് പുരുഷാരം "യഹൂദരെ നഗരത്തിലെ നാലു ജില്ലകളിലും നിന്ന് തുരത്തി, ഒരിടത്ത് കൂട്ടമാക്കി. അവരുടെ ഒഴിഞ്ഞ വീടുകൾ കടന്നാക്രമിച്ച് കൊള്ളയടിച്ച ജനങ്ങൾ യുദ്ധാവസരങ്ങളിലെന്ന പോലെ, കിട്ടിയതൊക്കെ പങ്കിട്ടെടുത്തു." ഇതിനൊക്കെ പുറമേ, സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ യഹൂദരെ വിവിധതരം പീഡനങ്ങൾക്കു വിധേയമാക്കിയതായും, ചില കുടുംബങ്ങളെ ശിശുക്കൾ അടക്കം ഒന്നോടെ ചുട്ടെരിച്ചതായും, ചിലരെ കുരിശിൽ തറച്ചതായും മറ്റും അദ്ദേഹം പറയുന്നു. ചിലപ്പോഴൊക്കെ ഈ ആക്രമണനടപടികൾ റോമിലെ തിയേറ്ററുകളിലെ ക്രൂരവിനോദങ്ങളുടെ മാതൃകയിലാണത്രെ അരങ്ങേറിയത്. പിന്നീട് അധികാരഭ്രഷ്ടനാക്കപ്പെട്ട ഗവർണ്ണർ ഫ്ലാക്കസിന് ഒടുവിൽ വധശിക്ഷ ലഭിച്ചു. (ഫ്ലാക്കസ്, അദ്ധ്യായങ്ങൾ 6 - 9 (43, 53-56, 62, 66, 68, 71-72)
യെരുശലേമിലെ യഹൂദദേവാലയം ഫിലോ ഒരു വട്ടം മാത്രം സന്ദർശിച്ചിരിക്കാനാണിട. [6]
എഴുത്തുകാരൻ
[തിരുത്തുക]യഹൂദചിന്തയിന്മേൽ ഗ്രീക്ക് ദർശനം ചെലുത്തിയ സ്വാധീനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫിലോ. മതത്തിൽ യാഥാസ്ഥിതികനായിരുന്നപ്പോഴും തത്ത്വചിന്തയിൽ അദ്ദേഹം അടിസ്ഥാനപരമായി പ്ലേറ്റോണിസ്റ്റ് ആയിരുന്നു. ഗ്രീക്ക് ചിന്തയിലെ സ്റ്റോയിക്ക്, നവ-പൈതഗോറിയൻ സരണികളുടെ സ്വാധീനവും ഫിലോയുടെ രചനകളിൽ കാണാം. [7]
രചനകൾ
[തിരുത്തുക]ഫിലോയുടെ രചനകൾ മുഖ്യമായും "മോശെയുടെ നിയമം" എന്ന് യഹൂദർ വിളിച്ച ബൈബിളിലെ പഞ്ചഗ്രന്ഥിയുടെ വ്യാഖ്യാനമാണ്. ഗ്രീക്ക് ഭാഷയിൽ എഴുതിയ ഈ വ്യാഖ്യാനങ്ങൾക്ക് അദ്ദേഹം ആശ്രയിച്ചത് എബ്രായബൈബിളിന്റെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിനെയാണ്. ഫിലോയുടെ രചനകളെ, പ്രതീകാത്മകമായ വ്യാഖ്യാനങ്ങൾ, യഹൂദനിയമത്തിന്റെ വിശകലനം, ചോദ്യോത്തരങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിക്കാം.
പ്രതീകാത്മകവ്യാഖ്യാനത്തിൽ ഫിലോ ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ ആദ്യത്തെ പതിനേഴ് അദ്ധ്യായങ്ങളുടെ വിശദവും സങ്കീർണ്ണവുമായ ഭാഷ്യം അവതരിപ്പിക്കുന്നു. ഉല്പത്തിയിലെ ആദിമചരിത്രത്തേയും യഹൂദജനതയുടെ ആദിപിതാവായ അബ്രാഹമിന്റെ അലഞ്ഞുതിരിയലിനേയും, മനുഷ്യന്റെ ധാർമ്മികജീവിതത്തിന്റേയും മനുഷ്യാത്മാവിന്റെ അന്വേഷണങ്ങളുടേയും പ്രതീകാത്മകചിത്രമായി അദ്ദേഹം കാണുന്നു. ഫിലോയുടെ യഹൂദനിയമത്തിന്റെ വിശകലനം കുറേക്കൂടി വൈവിദ്ധ്യമുള്ളതാണ്. ഇതിൽ, യഹൂദഗോത്രപിതാക്കളുടെ ജീവചരിത്രങ്ങൾ, പത്തു കല്പനകൾ, മോശെയുടെ ഇതര നിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന ഫിലോ, ദൈവനിയമത്തെ അക്ഷരാത്ഥമായെടുത്തുള്ള വിധേയത്വത്തിനും അതിന്റെ പ്രതീകാത്മകവ്യാഖ്യാനത്തിനും തുല്യപ്രാധാന്യം നൽകുന്നു. ഫിലോയുടെ രചനാസമുച്ചയത്തിന്റെ മൂന്നാമത്തെ വിഭാഗമായ ചോദ്യോത്തരങ്ങൾ, കേടുപാടുകളോടെ കിട്ടിയ ഒരു അർമീനിയൻ പരിഭാഷയിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബൈബിളിലെ ഉല്പത്തി, പുറപ്പാട് പുസ്തകങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് ഇതിൽ. ഓരോ മറുപടിയിലും ആദ്യം അക്ഷരാർത്ഥത്തിലുള്ള നിരൂപണവും തുടർന്ന് പ്രതീകാത്മകവ്യാഖ്യാനവുമാണ്.[8]
ഫിലോയുടെ ചിന്ത
[തിരുത്തുക]എബ്രായ ഭാഷയേക്കാൾ ഫിലോയ്ക്ക് അറിയാമായിരുന്നത് ഗ്രീക്ക് ആയിരുന്നു. അദ്ദേഹത്തിന്റെ പശ്ചാത്തലം യവനമായിരുന്നു. ഒരു യവനചിന്തകനായി അദ്ദേഹത്തെ കണക്കാക്കുന്നതിൽ തെറ്റില്ല. ഫിലോയുടെ ബൈബിൾ വ്യാഖ്യാനം ഗ്രീക്ക് തത്ത്വചിന്തയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ഗാഢപരിചയം പ്രകടിപ്പിക്കുന്നു. അന്യാപദേശപരവും പ്രതീകാത്മകവുമായ വ്യാഖ്യാനങ്ങളിൽ, ഫിലോ മോശയെ നിയമദാതാവും പ്രവാചകനും, പിൽക്കാല ദർശനങ്ങളുടെയെല്ലാം ഉറവിടമായ ഉന്നതദാർശനികനും ആയി ചിത്രീകരിച്ചു. ഗ്രീക്ക് തത്ത്വചിന്തയിലെ ഉദാത്തമായ ചിന്തകളെല്ലാം യഹൂദനിയമത്തിൽ അടങ്ങിയിരിക്കുന്നെന്നും, ആ ചിന്തയിലെ വലിയൊരു ഭാഗത്തിന്റെ ഉടവിടം മോശെ ആണെന്നും ഫിലോ വാദിച്ചു.[9] അലക്സാണ്ഡ്രിയയിലെ യവനപശ്ചാത്തലത്തിൽ എഴുതിയ ഫിലോ, യഹൂദസംസ്കാരം യവനസംസ്കാരത്തിന് ഒപ്പം നിൽക്കാൻ യോഗ്യതയുള്ളതാണെന്ന് സ്ഥാപിയ്ക്കാനാണ് ഈ വ്യാഖ്യാനങ്ങളിൽ ശ്രമിച്ചത്. ഫിലോയുടെ ദൈവസങ്കല്പത്തിൽ ദൈവത്തിന്റെ അതീതത്വത്തേയും സാമീപ്യത്തേയും(Transcendence & Immanence) കുറിച്ചുള്ള പ്ലേറ്റോയുടെ ആശയങ്ങൾ മുന്നിട്ടുനിൽക്കുന്നു. ദൈവത്തിന്റെ ഉണ്മയെ, പ്രപഞ്ചത്തിന്മേൽ പ്രവർത്തിക്കുന്ന ദൈവശക്തിയിൽ നിന്ന് അദ്ദേഹം വേർതിരിച്ചു. പിൽക്കാലചിന്തയെ ഏറെ സ്വാധീനിച്ച "ലോഗോസ്" എന്ന സങ്കല്പത്തെ യഹൂദ-യവന ചിന്താപാരമ്പര്യത്തിൽ നിന്ന് കണ്ടെത്തി സംസ്കൃതരൂപം നൽകിയത് ഫിലോയാണ്. സൃഷ്ടലോകവുമായി ബന്ധപ്പെട്ടുനിൽക്കുന്ന ദൈവഭാവമായിരുന്നു പരമ്പരാഗത സങ്കല്പത്തിലെ ലോഗോസ്. ദൈവജ്ഞാനമായ ലോഗോസ് ഫിലോയുടെ രചനകളിൽ, ദൈവത്തിൽ നിന്ന് വേറിട്ട അസ്തിത്വമുള്ള മറ്റൊരു ദൈവികതത്ത്വം(divine hypostasis) തന്നെയായി പ്രത്യക്ഷപ്പെടുന്നു.[8]
ഫിലോയുടെ സ്വാധീനം
[തിരുത്തുക]ക്രി.വ. 70-നടുത്ത് യെരുശലേമിലെ യഹൂദദേവാലയം നശിപ്പിക്കപ്പെട്ടതിനെ തുടർന്ന്, ഫിലോയുടെ രചനകൾക്ക് യഹൂദമതത്തിൽ സ്വാധീനവും പ്രചാരവും ഇല്ലാതെയായി.[7] എന്നാൽ ക്രിസ്തീയ ചിന്തയേയും ആദ്യകാല ക്രിസ്തുശാസ്ത്രത്തേയും ഫിലോ ആഴത്തിൽ സ്വാധീനിച്ചു. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിൽ അവസാനത്തേതും, ക്രിസ്തുവിന്റെ ദൈവസ്വഭാവത്തിൽ ഏറ്റവുമേറെ ഊന്നൽ കൊടുക്കുന്നതുമായ യോഹന്നാന്റെ സുവിശേഷത്തിന്റെ തുടക്കം തന്നെ, ഫിലോ വികസിപ്പിച്ചെടുത്ത ലോഗോസ് എന്ന സങ്കല്പത്തെ ചുറ്റിയാണ്. അതിൽ യോഹന്നാൻ യേശുവിനെ, ദൈവത്തിന്റെ സൃഷ്ടിതത്ത്വമായ ലോഗോസായി ചിത്രീകരിക്കുന്നു:-
“ | ആദിയിൽ ലോഗോസ് ഉണ്ടായിരുന്നു. ലോഗോസ് ദൈവത്തോടു കൂടിയായിരുന്നു; ദൈവം തന്നെയായിരുന്നു ലോഗോസ്....എല്ലാ വസ്തുക്കളും ലോഗോസിനാൽ സൃഷ്ടിക്കപ്പെട്ടു. അവനിലൂടെയല്ലാതെ ഒന്നും സൃഷ്ടിക്കപ്പെട്ടില്ല......ലോഗോസ് മാംസരക്തങ്ങളായി നമുക്കിടയിൽ വസിച്ചു.[10][11] | ” |
സുവിശേഷങ്ങൾക്കു വഴിയൊരുക്കിയ "പഴയനിയമം" ആയി എബ്രായ ബൈബിളിനെ അംഗീകരിച്ച ആദ്യകാല സഭാപിതാക്കൾക്ക്, യഹൂദലിഖിതങ്ങളേയും ഗ്രീക്ക് ചിന്തയേയും സമന്വയിപ്പിക്കാൻ വഴി കാട്ടിക്കൊടുത്തത് ഫിലോയാണ്[7] അദ്ദേഹത്തിന്റെ അന്യാപദേശരീതിയും ദൈവശാസ്ത്രസങ്കല്പങ്ങളും അലക്സാണ്ഡ്രിയയിലെ ക്ലെമന്റ്, ഒരിജൻ തുടങ്ങിയ ക്രിസ്തീയലേഖകന്മാരെ സ്വാധീനിച്ചു. ബൈസാന്തിയൻ രചനകൾ അദ്ദേഹത്തെ "മെത്രാൻ" എന്നു വിളിക്കുകപോലും ചെയ്യുന്നു. ക്രൈസ്തവലോകത്ത് നേടാനായ സ്വീകാര്യത മൂലമാണ് ഫിലോയുടെ രചനകൾ പരിരക്ഷിക്കപ്പെട്ടതും കാലത്തെ അതിജീവിച്ചതും.[8]
അവലംബം
[തിരുത്തുക]- ↑ De Somniis, i.16-17
- ↑ 1843-ൽ, ക്രിസ്തുമതത്തിന്റെ യഥാർത്ഥ്യം: പതിനെട്ടാം നൂറ്റാണ്ടിന്റെ അനുസ്മരണവും പത്തൊൻപതാം നൂറ്റാണ്ടിലെ പ്രതിസന്ധിക്ക് ഒരു സംഭാവനയും" എന്ന കൃതി എഴുതിയ ബ്രൂണോ ബൗർ ഈ വാദം പിന്തുടർന്നവരിൽ പ്രമുഖനാണ്.
- ↑ അലക്സാണ്ഡ്രിയയിലെ ഫിലോ, കേംബ്രിഡ്ജ് ബൈബിൾ സഹായി(പുറങ്ങൾ 407-408)
- ↑ യഹൂദപൗരാണികത xviii.8, § 1; comp. ib. xix.5, § 1; xx.5, § 2
- ↑ ജോസഫസ്, യഹൂദപൗരാണികത viii. 8. 1.
- ↑ On Providence 2.64.
- ↑ 7.0 7.1 7.2 പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം, ബെർട്രാൻഡ് റസ്സൽ(പുറം 322)
- ↑ 8.0 8.1 8.2 ഫിലോ, ഓക്സ്ഫോർഡ് ബൈബിൾ സഹായി(പുറം 592)
- ↑ ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്(പുറങ്ങൾ 14-15
- ↑ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിന്റെ തുടക്കം
- ↑ "സീസറും ക്രിസ്തുവും", സംസ്കാരത്തിന്റെ ചരിത്രം(മൂന്നാം ഭാഗം) വിൽ ഡുറാന്റ്(പുറങ്ങൾ 594-95)