Jump to content

ഡെന്മാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Denmark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെൻമാർക്ക് രാജ്യം

Kongeriget Danmark
Flag of Denmark
Flag
Coat of arms of Denmark
Coat of arms
ദേശീയ മുദ്രാവാക്യം: none
(Royal motto: Guds hjælp, Folkets kærlighed, Danmarks styrke
"The Help of God, the Love of the People, the Strength of Denmark")
ദേശീയ ഗാനം: Der er et yndigt land (national)

Location of  Denmark  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  Denmark  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
and largest city
കോപ്പൻഹേഗൻ ‍
ഔദ്യോഗിക ഭാഷകൾDanish1
വംശീയ വിഭാഗങ്ങൾ
91.1% Danish, 8.9% (Germans, Greeks, Bosnian, Russian, Turks, Arabs)
നിവാസികളുടെ പേര്Danish or Danes
ഭരണസമ്പ്രദായംParliamentary democracy and Constitutional monarchy
• Monarch
Frederik X
മെറ്റെ ഫ്രഡറിക്സൻ
Pia Kjaersgaard
V Government
Consolidation 
8th century
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
43,098.31 കി.m2 (16,640.35 ച മൈ) (134th²)
•  ജലം (%)
1.6²
ജനസംഖ്യ
• 1 October 2008 estimate
5,505,995 (108th)
•  ജനസാന്ദ്രത
127.8/കിമീ2 (331.0/ച മൈ) (78th²)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$203.519 billion[1] (49th)
• പ്രതിശീർഷം
$38,207[1] (IMF) (14th)
ജി.ഡി.പി. (നോമിനൽ)2008 estimate
• ആകെ
$312.046 billion[1] (27th)
• Per capita
$57,386[1] (IMF) (6th)
ജിനി (1997)24.7
low · 1st
എച്ച്.ഡി.ഐ. (2007)Increase 0.949
Error: Invalid HDI value · 14th
നാണയവ്യവസ്ഥഡാനിഷ് ക്രോൺ (DKK)
സമയമേഖലUTC+1 (CET²)
• Summer (DST)
UTC+2 (CEST²)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+454
ISO കോഡ്DK
ഇൻ്റർനെറ്റ് ഡൊമൈൻ.dk2,3
1 Co-official with Greenlandic in Greenland, and Faroese in the Faroe Islands. German is recognised as a protected minority language in the South Jutland (Sønderjylland) area of Denmark. Danish is recognised as a protected minority language in the Schleswig-Holstein region of Germany.
² For Denmark excluding the Faroe Islands and Greenland.
³ The TLD .eu is shared with other European Union countries.
4 The Faroe Islands use +298 and Greenland uses +299.

വടക്കൻ യൂറോപ്പിൽ സ്കാൻഡിനേവിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ രാജ്യമാണ്‌ ഡെന്മാർക്ക്‌. ഡെന്മാർക്കിനെയും അയൽ രാജ്യങ്ങളായ സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളെയും കൂട്ടി  സ്കാന്ഡിനേവിയൻ രാജ്യങ്ങൾ എന്നാണ് വിളിക്കപ്പെടുന്നത്. ഭരണഘടനാനുസൃത രാജവാഴ്ച നിലനിൽക്കുന്ന ഈ രാജ്യം യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയിൽ അംഗമാണ്‌. 2008 ലെ ലോക സമാധാന പട്ടികയിൽ ഡെന്മാർക്കിന് രണ്ടാം സ്ഥാനം ഉണ്ട്. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമാണ് ഡെന്മാർക്ക്‌.[2] ഔദ്യോഗിക നാമം: കിങ്ഡം ഒഫ് ഡെൻമാർക്. ചരിത്രപരവും രാഷ്ട്രീയവുമായി ഡെൻമാർക് സ്കാൻഡിനേവിയയുടെ ഭാഗമാണെങ്കിലും, ഭൂമിശാസ്ത്രപരമായി തികച്ചും ജർമനിയുടെ ഭാഗമാണ്. പ്രധാന കരഭാഗമായ ജൂട്ട്‌ലാൻഡ് (Jutland) [3] (ഡാനിഷ്: യ്‌ലാൻഡ്) എന്ന വലിയ ഒരു ഉപദ്വീപും 443 ഓളം വരുന്ന നിരവധി ദ്വീപുകളും ഉൾകൊള്ളുന്ന ഡെന്മാർക്കിന്റെ  ഭൂപ്രകൃതി പ്രായോഗികാർഥത്തിൽ ഒരു ദ്വീപസമൂഹമാണ്. സീലാൻഡ് (Zealand) (ഡാനിഷ് : സെയ്‌ലാൻഡ്), ഫ്യൂനൻ (Funen) (ഡാനിഷ് : ഫ്യുൻ) എന്നിവയാണ് പ്രധാന ദ്വീപുകൾ. കോപ്പൻഹേഗൻ ആണ് രാജ്യതലസ്ഥാനവും ഏറ്റവും വലിയ നഗരവും.

ഡെൻമാർക്കിൽ നിന്ന് 2090 കി.മീ. അകലെ കാനഡയുടെ വ. കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡും, സ്കോട്ട്ലൻഡിന് വടക്കു സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്മാർക്കിന്റെ ഭാഗമായുള്ള സ്വയംഭരണ പ്രദേശങ്ങൾ ആണ്. ഫറോസ് ദ്വീപുകൾക്ക് 1948-ലും ഗ്രീൻലൻഡ് പ്രവിശ്യക്ക് 1979-ലും സ്വയംഭരണം ലഭിച്ചു. അതിരുകൾ: പടിഞ്ഞാറ് വടക്കൻ കടൽ (North Sea), വടക്കു പടിഞ്ഞാറ് സ്കാജെറാക്ക് ജലസന്ധി; വടക്ക് കറ്റ്ഗട്ട് (Kattegat) ജലസന്ധി[4]; തെക്കു ജർമനിയും, കിഴക്കു ബാൾട്ടിക്‌ സമുദ്രവും സ്ഥിതിചെയ്യുന്നു. വടക്ക് സ്കാജെറാക്ക്, കറ്റ്ഗട്ട് ജലസന്ധികൾ ഡെൻമാർക്കിനെ യഥാക്രമം നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്ന് വേർതിരിക്കുമ്പോൾ ജൂട്ട്‌ലാൻഡ് ഉപദ്വീപ് 68 കിലോ മീറ്റർ ജർമനിയുമായി കരാതിർത്തിയും പങ്കിടുന്നു.

എ.ഡി. 8-ആം നൂറ്റാണ്ടു മുതൽ രാജ്യത്തു രാജഭരണം നിലവിൽ വന്നു. 11-ആം നൂറ്റാണ്ടിൽ രാജ്യാതിർത്തി വിസ്തൃതമാക്കപ്പെട്ടു. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ അരങ്ങേറിയ നിരവധി യുദ്ധങ്ങൾ മൂലം രാഷ്ട്ര വിസ്തൃതി ഇന്നു കാണുന്ന നിലയിലേക്ക് പരിമിതപ്പെടുകയും ചെയ്തു. 1849 ജൂൺ 05 ന് നിലവിൽ വന്ന ഭരണഘടന  രാജാവിന്റെ പരമാധികാരം അവസാനിപ്പിക്കുകയും, ഭരണഘടനാനുസൃതമായ രാജവാഴ്ചയും, പാർലമെൻററി ജനാധിപത്യവും സ്ഥാപിക്കുകയും ചെയ്തു. രാഷ്ട്ര തലവൻ ഇപ്പോഴും രാജനേതൃത്വം ആണെകിലും, ഭരണതലവൻ ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന മന്ത്രിയാണ്.

ലോകത്തിലെ വളരെ വികസിച്ച രാജ്യമാണ് ഡെൻമാർക്ക്‌. ജനങ്ങ ളുടെ ജീവിത നിലവാരം, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശം, ജനാതിപത്യ ബോധം എന്നീ മേഖലകളിൽ ലോകത്തിലെ ഏറ്റവും മുന്തിയ സ്ഥാനമാണ് ഡെന്മാർക്കിനുള്ളത്. യൂറോപ്യൻ യൂണിയൻ, നാറ്റോ , യുണൈറ്റഡ് നേഷൻസ് എന്നിവയിൽ അംഗമാണ്.

  • വിസ്തൃതി: 43,077 ച. കി. മീ.,
  • തീരദേശ ദൈർഘ്യം: 7314 കി. മീ.;
  • ജനസംഖ്യ: 5,20,3000;
  • ജനസാന്ദ്രത: ച.കി. മീ. -ന് 121;
  • ഔദ്യോഗിക ഭാഷ: ഡാനിഷ്;
  • തലസ്ഥാനം: കോപ്പൻഹേഗൻ.

ഭൂപ്രകൃതിയും കാലാവസ്ഥയും

[തിരുത്തുക]

കൊച്ചുകൊച്ചു ഹരിതപാടങ്ങളും, നീലത്തടാകങ്ങളും, വെണ്മണൽ നിറഞ്ഞ കടൽത്തീരങ്ങളും കൊണ്ട് അനുഗൃഹീതമായ നാടാണ് ഡെൻമാർക്. ലോകത്തിലെ താരതമ്യേന ചെറു രാഷ്ട്രങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്‌. 43,094 ച. കി.മീ മാത്രം ഭൂവിസ്തൃതിയുള്ള ഡെൻമാർക്ക്,‌ ലോകത്തിൽ വലുപ്പത്തിൽ 130-ആം സ്ഥാനത്താണ്. ചെറു രാഷ്ട്രമായതുകൊണ്ടു തന്നെ പ്രാധ്യാനം അർഹിക്കുന്ന  നദികളും മലകളും പർവ്വതങ്ങളും രാജ്യത്തു കാണപ്പെടുന്നില്ല. ഉയരക്കുറവാണ് ഭൂപ്രകൃതിയുടെ മുഖ്യസവിശേഷത. ഭൂവിസ്തൃതിയുടെ 70 ശതമാനത്തോളം വ്യാപിച്ചിരിക്കുന്ന ജൂട്ട്ലൻഡ് പ്രധാന കരഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. 30 മീറ്റർ ശരാശരി ഉയരമുള്ള ജൂട്ട്‌ലൻഡിന്റെ പൂർവ-മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന യഡിഗ്ഷോവ്ഹോജ് (Ydig shovhoj) കുന്നുകളാണ് ഡെൻമാർക്കിലെ ഏറ്റവും ഉയരം കൂടിയ ഭൂഭാഗം. സമുദ്രനിരപ്പിൽ നിന്ന് 173 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവയുടെ ഭൂരിഭാഗവും ഹിമാനീകൃതനിക്ഷേപമായ മൊറൈൻ (Moraine)[5] കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ചുരുക്കം ചില മേഖലകളിൽ മാത്രം അടിസ്ഥാന ശിലകൾ പ്രകടമായി കാണാം.

ഭൂപ്രകൃതിയനുസരിച്ച് ഡെൻമാർക്കിനെ 5 പ്രധാന ഭൂമേഖലകളായി വിഭജിച്ചിരിക്കുന്നു.

  1. പശ്ചിമ ഡ്യൂൺ തീരപ്രദേശം,
  2. പശ്ചിമ മണൽ സമതലങ്ങൾ,
  3. പൂർവ-മധ്യകുന്നുകൾ,
  4. ഉത്തരവിശാല സമതലം,
  5. ബോൺഹോം (Bornholm).

പശ്ചിമ ഡ്യൂൺ തീരപ്രദേശം

[തിരുത്തുക]

പൊതുവേ മണൽ കുന്നുകൾ നിറഞ്ഞ ഡെൻമാർക്കിന്റെ പടിഞ്ഞാറൻ തീരപ്രദേശമാണിത്. ഫിയോർഡുകൾ (Fiords)[6] എന്ന പേരിൽ അറിയപ്പെടുന്ന ഇടുങ്ങിയതും നീളം കൂടിയതുമായ ഉൾക്കടൽ ഭാഗങ്ങൾ ഈ തീരപ്രദേശത്തിന്റെ പ്രത്യേകതയാണ്. ഒരിക്കൽ കടലിന്റെ ഭാഗമായിരുന്ന ഫിയോർഡുകൾ ഇപ്പോൾ പൂർണമായും മണൽ തിട്ടകളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. തുടർച്ചയായി വേലിയേറ്റം അനുഭവപ്പെടുന്ന നിരവധി ചതുപ്പുനിലങ്ങൾ ഈ തീരപ്രദേശത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ കാണാം.

പശ്ചിമ മണൽ സമതലങ്ങൾ

[തിരുത്തുക]

ഹിമയുഗത്തിൽ പ്രവർത്തനക്ഷമമായിരുന്ന ഹിമാനികളുടെ അപരദന-നിക്ഷേപണ പ്രക്രിയകളുടെ ഫലമായി രൂപപ്പെട്ടതാണ് പശ്ചിമ മണൽ സമതലങ്ങൾ. ഭൂരിഭാഗവും നിരപ്പാർന്ന ഭൂപ്രകൃതി ഈ മേഖലയുടെ പ്രത്യേകതയാകുന്നു.

പൂർവ-മധ്യകുന്നുകൾ

[തിരുത്തുക]
1658-ലെ ഡെന്മാർക്കിന്റെ ഭൂപടം

ഡെൻമാർക്കിലെ ഏറ്റവും വലിയ ഭൂഭാഗമാണിത്. ജൂട്ട്‌ലൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമീപ ദ്വീപുകളും ഇതിൽ ഉൾപ്പെടുന്നു. പ്രധാന കരഭാഗമായ ജൂട്ട്‌ലൻഡിന് ഏകദേശം 320 കി. മീ. നീളവും 160 കി. മീ. വീതിയുമണ്ട്. വിസ്തൃതി: 29767 ച. കി. മീ. തീരപ്രദേശത്തെ ഫിയോർഡുകൾ നൈസർഗിക തുറമുഖങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. 180 കി.മീ. നീളമുള്ള ലിം ഫിയോർഡ് (Lim fiord)[7] ആണ് ഇവയിൽ ഏറ്റവും വലുത്. 20 കി. മീ. വീതിയുള്ള ഒരു ഉൾനാടൻ തടാകത്തിനും ലിം ഫിയോർഡ് ജന്മം നൽകിയിട്ടുണ്ട്. തൈബോൺ കനാൽ (Thyborn canal)[8] ലിം ഫിയോർഡിനെ കടലുമായി ബന്ധപ്പിക്കുന്നു. 7,014 ച. കി. മീ. വിസ്തൃതിയുള്ള സീലാൻഡ് (Zealand) (ഡാനിഷ് : സെയ്‌ലാൻഡ്) ആണ് ഈ മേഖലയിലെ പ്രധാന ദ്വീപ്. ഡെൻമാർക്കിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് സീൽലൻഡ് എന്നും പേരുണ്ട്. ഓറെസൻഡ് ജലസന്ധി ഇതിനെ സ്വീഡനിൽ നിന്ന് വേർതിരിക്കുന്നു. ഡെൻമാർക്കിലെ പ്രധാന ജനാധിവാസ മേഖലയായ ഈ ദ്വീപിലാണ് തലസ്ഥാന നഗരമായ കോപെൻഹാഗെൻ സ്ഥിതിചെയ്യുന്നത്. ജനസംഖ്യയുടെ 2/5 ഉം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതിൽ ഭൂരിഭാഗവും കോപെൻഹാഗെനിലും പ്രാന്തപ്രദേശങ്ങളിലുമായാണ് നിവസിക്കുന്നത്.

സജെൽലൻഡിനും ജൂട്ട്‌ലൻഡിനും മധ്യേ സ്ഥിതിചെയ്യുന്ന ഫിൻ (Fyn) ദ്വീപാണ്[9] വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത്. വിസ്തൃതി: 2,984 ച. കി. മീ. ഡെൻമാർക്കിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഒഡെൻസി (Odense) സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. വൻകിട കപ്പൽ നിർമ്മാണ ശാലകൾക്കു പുറമേ നിരവധി ഇരുമ്പുരുക്ക് വ്യവസായ ശാലകളും ഭക്ഷ്യസംസ്ക്കരണ കേന്ദ്രങ്ങളും മോട്ടോർ നിർമ്മാണ ഫാക്ടറികളും ഇവിടെ പ്രവർത്തിക്കുന്നു. ഫാൾസ്റ്റെർ (falster),[10] ലോൾലൻഡ് (Loll land) എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ.

ഉത്തരവിശാല സമതലം

[തിരുത്തുക]

ഒരിക്കൽ സമുദ്രാടിത്തട്ടിന്റെ ഭാഗമായിരുന്ന ഭൂപ്രദേശമാണ് ഉത്തരവിശാല സമതലം. ഹിമാനികളാൽ മൂടപ്പെട്ടിരുന്ന ഈ പ്രദേശം ഇവയുടെ ദ്രവീകരണാനന്തരം കടലിന്നടിയിൽ നിന്നുയർത്തപ്പെട്ടു എന്നാണ് അനുമാനം. പ്രധാനമായും ഒരു കാർഷിക മേഖലയാണിത്.

ബോൺഹോം

[തിരുത്തുക]

ദക്ഷിണ സ്വീഡനു സമീപം സ്ഥിതിചെയ്യുന്ന അനേകം ചെറുദ്വീപുകളിൽ ഒന്നാണിത്. വിസ്തൃതി: 588 ച. കി. മീ. ഇതിന്റെ ഭൂരിഭാഗവും ഗ്രാനൈറ്റ് ശിലയാൽ ആവൃതമായിരിക്കുന്നു. ഗ്രാനൈറ്റിനു പുറമേ കയോലിനും ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നുണ്ട്. മത്സ്യബന്ധനമാണ് ദ്വീപുവാസികളുടെ പ്രധാന ഉപജീവനമാർഗം.[11]

ജലസമ്പത്ത്

[തിരുത്തുക]
അറെസോ തടാകം

ചെറിയനദികളും തടാകങ്ങളുമാണ് ജലസമ്പത്തിന്റെ മുഖ്യസ്രോതസ്സുകൾ. ഹിമാനികളുടെ ദ്രവീകരണ ഘട്ടത്തിൽ ഭൂതലത്തിലെ വിള്ളലുകളിലും ഗർത്തങ്ങളിലും മറ്റും മഞ്ഞുരുകിയ ജലം കെട്ടിനിന്നതിന്റെ ഫലമായാണ് ഇവ രൂപംകൊണ്ടിട്ടുള്ളത്. 41 ച. കി. മീ. വിസ്തൃതിയുള്ള അർറെസോ[12] ആണ് ഏറ്റവും വലിയ തടാകം; ഏറ്റവും വലിയ നദി ഗുഡെനും (Guden).[13] സുമാർ 158 കി. മീറ്ററാണ് ഇതിന്റെ നീളം.

സസ്യജന്തുജാലം

[തിരുത്തുക]

വളരെ പരിമിതമാണ് ഡെൻമാർക്കിന്റെ വനഭൂമി (സുമാർ 9.8 ശതമാനം). ഭൂവിസ്തൃതിയുടെ ഭൂരിഭാഗവും കൃഷിക്കായി ഉപയോഗിക്കുന്നു. വനങ്ങളിൽ കോണിഫെർ,ബീച്ച്സ്, ഓക്, ആഷ് എന്നീ വൃക്ഷങ്ങൾക്കാണ് പ്രാമുഖ്യം. മധ്യയൂറോപ്പിൽ സാധാരണ കാണപ്പെടുന്ന വിവിധയിനം ഫേണുകളും മോസുകളും ഇവിടത്തെ വനാന്തരങ്ങളിൽ സുലഭമായി കാണാം. മാന്‍, അണ്ണാൻ, നരി, മുയൽ എന്നിവയ്ക്ക് പുറമേ കാട്ടുകോഴി ഉൾപ്പെടെയുള്ള നിരവധി പക്ഷിവർഗങ്ങളും ഡെൻമാർക്കിലുണ്ട്. ശുദ്ധജല മത്സ്യങ്ങളാൽ സമ്പന്നമാണ് ഡെൻമാർക്കിലെ നദികളും തടാകങ്ങളും.

കാലാവസ്ഥ

[തിരുത്തുക]

അതീവഹൃദ്യമാണ് ഡെൻമാർക്കിലെ കാലാവസ്ഥ. കരയുടെ ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ വർഷം മുഴുവൻ ഇവിടെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. സമുദ്രത്തിൽനിന്ന് വീശുന്ന പശ്ചിമവാതങ്ങളാണ് ഡെൻമാർക്കിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ശൈത്യത്തിൽ കടൽ കരയോളം തണുക്കുകയോ, വേനലിൽ അധികം ചൂടാകുകയോ ചെയ്യുന്നില്ല. തത്ഫലമായി സമുദ്രത്തിൽ നിന്ന് വീശുന്ന പശ്ചിമവാതങ്ങൾ ശൈത്യകാലത്ത് ഡെൻമാർക്കിന്റെ കരഭാഗത്തെ ചൂടുപിടിപ്പിക്കുകയും വേനലിൽ തണുപ്പിക്കുകയും ചെയ്യുന്നു. ഡെൻമാർക്കിന്റെ ഭൂവിസ്തൃതി വളരെ പരിമിതമായതിനാൽ ദേശവ്യത്യാസങ്ങൾക്കനുസൃതമായി കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം അനുഭവപ്പെടുന്നില്ല.[14]

ശൈത്യത്തിൽ താപനിലയുടെ ശരാശരി 0o സെ. വരെ താഴുന്നു. തണുപ്പ് ഏറ്റവും കൂടിയ ദിവസങ്ങളിൽ താപനിലയിൽ -9o സെ. മുതൽ -8oസെ വരെ വ്യതിയാനം രേഖപ്പെടുത്തുന്നു. വേനൽക്കാല താപനിലയുടെ ശരാശരി 17o സെ.

ഡെൻമാർക്കിൽ പ്രതിവർഷം 61 സെ.മീ. വരെ ശരാശരി വർഷപാതം അനുഭവപ്പെടാറുണ്ട്. മഴ, മഞ്ഞ്, ഈർപ്പം തുടങ്ങിയവയാണ് വർഷപാതത്തിന്റെ മുഖ്യ സ്രോതസ്സുകൾ. കിഴക്കൻ ഡെൻമാർക്കിനെ അപേക്ഷിച്ച് പടിഞ്ഞാറൻ ഡെൻമാർക്കിലാണ് വർഷപാതത്തിന്റെ തോത് വളരെ കൂടുതൽ. വർഷം മുഴുവൻ മഴ ലഭിക്കാറുണ്ടെങ്കിലും ആഗസ്റ്റ് ഒക്ടോബർ കാലയളവിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. വാർഷിക വർഷപാതത്തിന്റെ ശരാശരി: 610 മി. മീ. വർഷത്തിൽ 20 മുതൽ 30 ദിവസം വരെ മഞ്ഞ് വീഴ്ച അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും പശ്ചിമതീരപ്രദേശം പുകമഞ്ഞും മൂടൽമഞ്ഞും കൊണ്ടുമൂടിക്കിടക്കുക പതിവാണ്.[15]

ജനങ്ങളും ജീവിതരീതിയും

[തിരുത്തുക]

ജനസംഖ്യ

[തിരുത്തുക]

2000 ത്തിലെ കണക്കു പ്രകാരം ഡന്മാർക്കിലെ ജനസംഖ്യ 5,336,394, ആണ് . ഈ കണക്കനുസരിച്ച് ജനസംഖ്യയുടെ 85 ശതമാനവും നഗരങ്ങളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലുമായി നിവസിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ കോപൻഹേഗനിൽ മാത്രം സുമാർ 470,000 പേർ താമസിക്കുന്നുണ്ട്. അർഹുസ് (Arhus), ഒഡെൻസി, അൽബോർഗ് (Alborg) എന്നിവയാണ് കോപെൻഹാഗെൻ കഴിഞ്ഞാൽ 100,000-ൽ അധികം ജനസംഖ്യയുള്ള നഗരങ്ങൾ. 55100 ആണ് ഗ്രീൻലൻഡിലെ ജനസംഖ്യ.[16]

250,000 വർഷങ്ങൾക്കു മുമ്പുതന്നെ ഇന്നത്തെ ഡെൻമാർക് സ്ഥിതിചെയ്യുന്ന പ്രദേശത്ത് മനുഷ്യവാസം ആരംഭിച്ചതായി പ്രാക്ചരിത്ര-പുരാതത്ത്വ പഠനങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ ശിലായുഗത്തിൽ തെക്കു നിന്ന് ഒരു വിഭാഗം ഈ പ്രദേശത്ത് കുടിയേറിയതോടെയാണ് ഇവിടെ സ്ഥിര മനുഷ്യാധിവാസ കേന്ദ്രങ്ങൾ രൂപപ്പെടുന്നത്. കുടിയേറ്റക്കാരിൽ അവസാനം എത്തിയ ബാറ്റിൽ-ആക്സ് (Battle-Axe) ജനതയാണ്[17] ഇവിടെയെത്തിയ പ്രഥമ ഇൻഡോ-യൂറോപ്യൻ വിഭാഗം. ബി.സി. 2100-നും 1500 -നും മധ്യേ ഇവിടെ കുടിയേറിയ ഈ ജനവിഭാഗം ക്രമേണ ഈ പ്രദേശത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ഡാനിഷ് ഭാഷയുടെ പ്രാക്രൂപം സ്വായത്തമാക്കുകയും ചെയ്തു. മറ്റൊരു പ്രബല ജർമൻ ഗോത്രവിഭാഗമായ ഡേൻസ് (Danes)[18] ക്രിസ്തുവിനുമുമ്പ് ആദ്യ ശതകങ്ങളിൽ ഇവിടെ എത്തി.

നോർവീജിയൻ, സ്വീഡിഷ് വിഭാഗങ്ങളുമായി വംശീയ ബന്ധമുള്ളവരാണ് ഡാനിഷ് ജനത; ജർമൻ വംശജർ ന്യൂനപക്ഷവും. നാൽപ്പതിനായിരമാണ് ഇവരുടെ ജനസംഖ്യ. ജർമനിയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ ജട്‌ലൻഡ് മേഖലയാണ് ഇവരുടെ മുഖ്യ ആവാസ കേന്ദ്രം. 1920-നും 1970-നും മധ്യേ പതിനായിരത്തിലധികം ഡാനിഷ് വംശജർ അമേരിക്കയിലേക്ക് പലായനം ചെയ്തു. 1911-ൽ ഒരു വിഭാഗം ഡാനിഷ്-അമേരിക്കർ അൽബോർഗിന് സമീപമുള്ള റീബിൽഡി കുന്നിൽ ഒരു ദേശീയ ഉദ്യാനം നിർമ്മിക്കുകയും 1912-ൽ ഇത് ഡാനിഷ് ഗവൺമെന്റിന് സമർപ്പിക്കുകയും ചെയ്തു.

ലോകത്തെ ഉന്നത ജീവിതനിലവാരമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്. പ്രകൃതി വിഭവങ്ങളുടെ കടുത്ത അപര്യാപ്തതയെ അതിജീവിച്ചുകൊണ്ടാണ് ഡാനിഷ് ജനത ഉയർന്ന ജീവിതനിലവാരവും സമ്പൽസമൃദ്ധിയും കൈവരിച്ചത്. ഇവിടത്തെ ഉത്പന്നങ്ങൾ ഇന്ധനത്തിനും ലോഹങ്ങൾക്കും വേണ്ടി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

മധ്യകാല ഡാനിഷ് വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായി പ്രശോഭിക്കുന്ന നിരവധി കൊട്ടാരങ്ങളും കതീഡ്രലുകളും ആധുനിക കെട്ടിട സമുച്ചയങ്ങളും അധിവാസകേന്ദ്രങ്ങളും കൊണ്ട് മനോഹരമാണ് ഡെൻമാർക്കിലെ നഗരങ്ങൾ. ഉന്നത ജീവിത നിലവാരവും കാര്യക്ഷമമായ സാമൂഹിക ക്ഷേമപദ്ധതികളും നഗരങ്ങളെ ചേരിവിമുക്തമാക്കിയിരിക്കുന്നു. നഗരവാസികളിൽ ഭൂരിഭാഗവും ഫ്ളാറ്റുകളിലാണ് താമസിക്കുന്നതെങ്കിലും നഗരപ്രാന്തങ്ങളിലെ കുടുംബങ്ങൾ അധികവും വെവ്വേറെ വീടുകളിൽ താമസിക്കുവാൻ ഇഷ്ടപ്പെടുന്നു. സേവനവ്യവസായമാണ് നഗരങ്ങളിലെ പ്രധാന തൊഴിൽ മേഖല.

ആധുനിക ഗതാഗത സൗകര്യങ്ങളാണ് ഡെൻമാർക് നഗരങ്ങളുടെ മറ്റൊരു പ്രത്യേകത. സുഗമമായ ട്രെയിൻ-ബസ് സർവീസുകൾ നഗരങ്ങളെയും പ്രാന്തപ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. രാജ്യത്തെ എല്ലാ നഗരങ്ങളെയും റെയിൽ മാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ, ബസുകൾ, കാറുകൾ എന്നിവ നഗരഗതാഗതത്തെ ആദായകരമാക്കുന്നുണ്ടെങ്കിലും, ജനസംഖ്യാ വർധനവും മോട്ടോർ വാഹനങ്ങളുടെ ബാഹുല്യവും നഗരങ്ങളിൽ പതിവായി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ജനസംഖ്യയുടെ 20 ശതമാനത്തോളം ഗ്രാമീണരാണ്. ഡെൻമാർക്കിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തിന്റെ സിരാകേന്ദ്രങ്ങൾ നഗരങ്ങളാണെങ്കിലും ഗ്രാമങ്ങളിൽ കൃഷിയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. ഗ്രാമപ്രദേശത്തെ തുണ്ടുപാടങ്ങളിൽ അവിടെ താമസിക്കുന്നവർ തന്നെയാണ് കൃഷിയിറക്കുന്നത്. ഏക കുടുംബ സമ്പ്രദായമാണ് ഗ്രാമീണ ജീവിതത്തിന്റെ മറ്റൊരു പ്രത്യേകത.

നോർവീജിയന്‍, സ്വീഡിഷ് ഭാഷകളുമായി അഭേദ്യമായ ബന്ധമുള്ള ഡാനിഷാണ് (Danish) ഡെൻമാർക്കിന്റെ ഔദ്യോഗിക ഭാഷ. ഇംഗ്ലീഷും പ്രചാരത്തിലുണ്ട്. ജർമാനിക്‌ ഭാഷാകുടുംബത്തിൽ പെട്ട ഭാഷയാണ് ഡാനിഷ്. ഉത്തര ജട്‌ലൻഡിലും ബോൺഹോം ദ്വീപിലും തനതായ പ്രാദേശിക ഭാഷകൾ ഉപയോഗത്തിലുണ്ട്. ജർമനാണ് ജർമൻ വംശീയ ന്യൂനപക്ഷത്തിന്റെ മുഖ്യ വ്യവഹാരഭാഷ.[19]ഇന്തോ-യൂറോപ്യൻ ഗോത്രത്തിലെ ജർമാനിക് ഉപവിഭാഗത്തിൽ ഉത്തര സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഒരു ഭാഷ. ഏകദേശം അൻപതു ലക്ഷത്തിലധികം ജനങ്ങൾ ഉപയോഗിച്ചുവരുന്നു. ഡെൻമാർക്കിലെ ഔദ്യോഗിക ഭാഷയായ ഡാനിഷ്, ഗ്രീൻലാൻഡ്, ജ്ജൂട്ട്ലാൻഡ്, ഡാനിഷ് ദ്വീപുകൾ, ബോൺഹോം, ഫറോയ് ദ്വീപുകൾ എന്നിവിടങ്ങളിലാണ് മുഖ്യമായും പ്രചാരത്തിലിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി സ്ക്കാൻഡിനേവിയൻ ഭാഷകളായ നോർവീജിയൻ, സ്വീഡിഷ് എന്നിവയോട് അടുത്ത ബന്ധമുള്ള ഡാനിഷിന്റെ ഒരു ഭാഷാഭേഭമാണ് നോർവേ നഗരങ്ങളിൽ സംസാരിക്കപ്പെടുന്നതെന്ന് അഭിപ്രായമുണ്ട്. ഈ ഭാഷാഭേദത്തെ ഡാനോ-നോർവീജിയൻ എന്നു വിളിക്കുന്നു. ജർമൻ അതിർത്തി പ്രദേശങ്ങളിലും ഡാനിഷ് ഭാഷ സംസാരിക്കുന്നവരുണ്ട്. 1658 വരെ സ്വീഡൻ പ്രദേശങ്ങളായ സ്കെയിൻ, ബ്ലെകിംഗോ, ഹാലൻഡ് എന്നിവിടങ്ങളിലും 1500-1814 കാലഘട്ടത്തിൽ നോർവേയിലും ഐസ്ലാൻഡ്, ഫറോയ് ദ്വീപുകൾ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലും രണ്ടാം ഭാഷയായും ഡാനിഷ് ഉപയോഗിച്ചിരുന്നു. സ്ക്കാൻഡിനേവിയൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾക്ക് വിധേയമായ ഭാഷയാണ് ഡാനിഷ്. വിസ്തീർണത്തിൽ ചെറുതെങ്കിലും ഡെൻമാർക്കിൽ വൈവിധ്യമാർന്ന ധാരാളം ഭാഷാഭേദങ്ങൾ ഉപയോഗത്തിലുണ്ട്. ഡെൻമാർക്കിന്റെ തലസ്ഥാന നഗരിയായ കോപ്പൻഹാഗൻ, സീലാൻഡ് എന്നിവിടങ്ങളിൽ മാനക ഭാഷാ രൂപത്തിനാണ് പ്രചാരം. ഓരോ ദ്വീപിനും സ്വന്തമായി ഓരോ ഭാഷാഭേഭമുണ്ട്. ഈ ഭാഷാഭേദങ്ങൾ പരസ്പരം മനസ്സിലാക്കാനും പ്രയാസമാണ്. 'ഡാൻസ്ക്' എന്ന് തനതായ പേരുള്ള ഡാനിഷും നോർവിജിയനും ഒരേ ലിപിയാണുള്ളത്. ഇംനീഷിലെ ഇരുപത്താറ് അക്ഷരങ്ങൾക്ക് പുറമേ ae, ø, a° (aa) എന്നീ അക്ഷരങ്ങളും ഇവയിലുണ്ട്.

ജനസംഖ്യയിൽ 97 ശതമാനവും വ്യവസ്ഥാപിതമതമായ ലൂഥറെനിസത്തിൽ വിശ്വസിക്കുന്നു. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭരണഘടന ഇവാഞ്ചലിക്കൽ ചർച്ചിനെയാണ് ഡെൻമാർക്കിന്റെ ഔദ്യോഗിക ചർച്ചായി അംഗീകരിച്ചിട്ടുള്ളത്. ഒരു പരമോന്നത ആത്മീയാചാര്യന്റെ അഭാവമാണ് ലൂഥറെയിൻ ചർച്ചിന്റെ മുഖ്യസവിശേഷത. പത്ത് പാതിരിമാർ ഉൾപ്പെടുന്ന ഒരു സമിതിയാണ് ചർച്ചിന്റെ ദൈനംദിന വ്യവഹാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. അംഗങ്ങൾ നൽകുന്ന ദേശീയ നികുതിയാണ് ചർച്ച് സമ്പദ്ഘടനയുടെ അടിത്തറ. റോമൻ കാത്തോലിക്കരാണ് ജനസംഖ്യയിൽ രണ്ടാംസ്ഥാനത്ത്.[20]

വിദ്യാഭ്യാസം

[തിരുത്തുക]

11-ം ശതകത്തിന്റെ അവസാനം ചർച്ചിന്റെ നിയന്ത്രണത്തിൽ കതീഡ്രൽ സ്കൂളുകളും ഗ്രാമർ സ്കൂളുകളും ആരംഭിച്ചതോടെ ഡെൻമാർക്കിൽ വ്യവസ്ഥാപിത വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. ആധുനിക കാലഘട്ടത്തിന്റെ പ്രാരംഭം വരെ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം ചർച്ചുകളിൽ നിക്ഷിപ്തമായിരുന്നു. അതുവരെ മതപ്രബോധനമായിരുന്നു പാഠ്യപദ്ധതിയിലെ മുഖ്യവിഷയം. 1739-ൽ അധ്യാപകനും നാടകകൃത്തുമായ ലുഡ്വിഗ് ഹോൾബെർഗ് (Ludvig Holberg) തുടക്കം കുറിച്ച വിദ്യാഭ്യാസ നവീകരണ പ്രസ്ഥാനത്തിന്റെ ഫലമായി ലാറ്റിനു പകരം ഡാനിഷ് അധ്യയനഭാഷയാക്കി (1739). തുടർന്ന് പ്രകൃതി പഠനവും കരകൗശലവിദ്യയും പരീക്ഷണാർഥം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി.

19-ം ശതകത്തിന്റെ മധ്യത്തോടെ ഡെൻമാർക്കിൽ വയോജന വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു. ജട്‌ലൻഡിലെ ഫോക്ക് ഹൈസ്ക്കൂളിലാണ് ഈ വിദ്യാഭ്യാസ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. 1814 മുതൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കി. ആധുനിക ഡെൻമാർക്കിൽ എല്ലാ മുതിർന്ന പൗരന്മാരും സാക്ഷരരാണ്. ഡാനിഷ് നിയമം കുട്ടികൾക്ക് 9 വർഷത്തെ നിർബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നുണ്ട്. പ്രൈമറി തലത്തിൽ ആദ്യ ഏഴു ഗ്രേഡുകൾ ഉൾപ്പെടുന്നു. സെക്കൻഡറി വിദ്യാഭ്യാസത്തിന് മൂന്നു മുതൽ അഞ്ചുവരെ വർഷത്തെ ദൈർഘ്യമുണ്ട്. 1990-ലെ കണക്കനുസരിച്ച് പ്രൈമറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളും ഉൾപ്പെടെ 2130 സ്കൂളുകൾ ഡെൻമാർക്കിൽ പ്രവർത്തിക്കുന്നു എന്നു കാണുന്നു. ഫോക്ക് സ്കൂളുകൾ, കാർഷിക സ്കൂളുകൾ, ഹോം ഇക്കണോമിക് സ്കൂളുകൾ, വെക്കേഷൻ സ്കൂളുകൾ തുടങ്ങിയ ഇരുപതോളം പ്രത്യേക സ്കൂളുകളും ഡെൻമാർക്കിലുണ്ട്. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഡാനിഷ് ഫോക്ക് സ്കൂളുകൾ പ്രസിദ്ധമാണ്. ഗവൺമെന്റിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂളുകളിൽ ആറുമാസം ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളിൽ ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നീ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു. യുവതലമുറയെ കാര്യക്ഷമമായി ദേശീയോദ്ഗ്രഥനത്തിൽ പങ്കെടുപ്പിക്കുകയാണ് ഈ വിദ്യാഭ്യാസപദ്ധതിയുടെ ലക്ഷ്യം. 20-ൽ അധികം ഫോക്ക് സ്കൂളുകൾ ഡെൻമാർക്കിൽ പ്രവർത്തിക്കുന്നുണ്ട്.

അഞ്ചുവർഷത്തെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർവകലാശാലാ വിദ്യാഭ്യാസത്തിനു പ്രവേശനം ലഭിക്കുന്നു. ഡെൻമാർക്കിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ കോപ്പൻഹേഗൻ സർവകലാശാല 1479-ൽ സ്ഥാപിച്ചു. 24,000 വിദ്യാർഥികൾക്ക് ഇവിടെ ഉപരിപഠനത്തിന് സൗകര്യമുണ്ട്. അർഹുസ് (Arhus), ഒഡെൻസി എന്നിവ മറ്റു പ്രധാന സർവകലാശാലകളാകുന്നു. ഇവയ്ക്കു പുറമേ ദ് റോയൽ വെറ്റെറിനറി യൂണിവേഴ്സിറ്റി ഒഫ് ഡെൻമാർക്ക്, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഒഫ് ഡെൻമാർക്ക് എന്നിവയും ഡെൻമാർക്കിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിർണായക സ്ഥാനം അലങ്കരിക്കുന്നു[21]

ഗ്രന്ഥശാലകളും മ്യൂസിയങ്ങളും

[തിരുത്തുക]

1500-ൽ അധികം ഗ്രന്ഥശാലകൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നു. 1600-കളുടെ മധ്യത്തിൽ സ്ഥാപിച്ച റോയൽ ലൈബ്രറിയാണ് ഇവയിൽ പ്രധാനം. കോപ്പൻഹേഗനാണ് ഇതിന്റെ ആസ്ഥാനം. ഡെൻമാർക്കിന്റെ ദേശീയ ഗ്രന്ഥശാലയായ റോയൽ ലൈബ്രറിയിൽ 2.5 ദശലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. അർഹുസിലെ സർവകലാശാല ലൈബ്രറി, സ്റ്റേറ്റ് ലൈബ്രറി എന്നിവ ഇവിടത്തെ മറ്റു പ്രധാന ഗ്രന്ഥശാലകളാകുന്നു. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 250 പബ്ലിക് ലൈബ്രറികൾക്ക് ഗവൺമെന്റ് ധനസഹായം നൽകുന്നു.

കേന്ദ്ര-പ്രാദേശിക ഗവൺമെന്റുകളുടെ കീഴിൽ പ്രവർത്തിക്കുന്ന 280 മ്യൂസിയങ്ങൾ ഡെൻമാർക്കിലുണ്ട്. പ്രധാന മ്യൂസിയങ്ങളെല്ലാം കോപെൻഹാഗെനിലാണ് സ്ഥിതിചെയ്യുന്നത്. നാഷണൽ മ്യൂസിയത്തിലെ ഡാനിഷ് ചരിത്രരേഖകൾ ഏറെ വിജ്ഞാനപ്രദമാണ്. സ്റ്റേറ്റ് മ്യൂസിയം ഒഫ് ആർട്ടിൽ ഡാനിഷ്-യൂറോപ്യൻ കലാകാരന്മാരുടെ നിരവധി ചിത്രങ്ങളും ശില്പങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.[22]

ജോഹന്നെസ് ഇവാൾഡ് 18 - ആം ശതകത്തിലെ ശ്രദ്ധേയനായ ഡാനിഷ് കവി

മനോഹരമായ കരകൗശല വസ്തുക്കളുടെയും ഗൃഹോപകരണങ്ങളുടെയും ഒരു പ്രധാന ഉത്പാദന വിതരണ കേന്ദ്രമാണ് ഡെൻമാർക്. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക കരകൗശല പ്രദർശനശാല പ്രസിദ്ധമാണ്. കേന്ദ്ര ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന റോയൽ തിയെറ്റർ 1748-ൽ കോപെൻഹാഗെനിൽ പ്രവർത്തനം ആരംഭിച്ചു. നാടകം, ഓപെറ, ബാലെ തുടങ്ങിയ കലകളുടെ പ്രദർശന വേദിയാണ് ഈ തിയെറ്റർ. 1931-ൽ ഇതിന്റെ ശാഖയായ ന്യൂസ്റ്റേജ് സ്ഥാപിതമായി.

ലാറ്റിൻ‍, ജർമന്‍, ഡാനിഷ് എന്നീ ഭാഷകളിൽ രചിക്കപ്പെട്ടവയാണ് ഡാനിഷ് സാഹിത്യകൃതികൾ. പ്രസിദ്ധരായ നിരവധി എഴുത്തുകാരെ ഡെൻമാർക്ക് സംഭാവന ചെയ്തിട്ടുണ്ട്. 18-ം ശതകത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധ നാടകകൃത്ത് ലുഡ്വിഗ് ഹോൾബെർഗാണ് ഡാനിഷ് സാഹിത്യത്തിന്റെ പിതാവ്. 18-ം ശതകത്തിലെ തന്നെ ശ്രദ്ധേയനായ മറ്റൊരു കവിയായിരുന്നു ജോഹന്നെസ് ഇവാൾഡ് (Johannes Ewald). യക്ഷിക്കഥകളിലൂടെ ലോകപ്രസിദ്ധനായ ഹാൻസ് ക്രിസ്ത്യൻ ആൻഡെഴ്സെൻ (Hans Christian Andersen),[23] ഡാനിഷ് അസ്തിത്വവാദത്തിന്റെ ശക്തനായ വക്താവ് സോറെൻ കിർകെഗാർഡ്(Soren Kierkegaard) എന്നിവർ ഡാനിഷ് തത്ത്വശാസ്ത്രത്തെയും സാഹിത്യത്തെയും സമ്പന്നമാക്കിയവരിൽ പ്രസിദ്ധരാകുന്നു. 20-ം ശതകത്തിൽ ഡെൻമാർക്കിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ നോവലിസ്റ്റായിരുന്നു ജോഹന്നെസ് വി. ജെൻസൻ (Johannes V.Jensen). മനോഹരമായ നിരവധി കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 20-ം ശതകത്തിലെ ആദ്യകാല ഡാനിഷ് എഴുത്തുകാരിൽ പ്രസിദ്ധരായ ഹെന് റിക് (Henrik), ജോഹന്നെസ് വി. ജെൻസൻ, കാൾ ജെല്ലെറപ് (Kart Gjellerup) എന്നിവർ സാഹിത്യത്തിന് നോബൽ സമ്മാനം നേടിയിട്ടുണ്ട്. ഇസക് ഡിനെസെൻ(Isak Dinesen), മാർട്ടിൻ എ. ഹാൻസെൻ, മാർട്ടിൻ ആൻഡെർസെൻ നെക്സോ (Martin Andersen Nex) തുടങ്ങിയവരാണ് സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റു ഡാനിഷ് എഴുത്തുകാർ.

കാൾ എ. നെൽസെൻ

ആറു സിംഫണികൾ ഉൾപ്പെടെ നിരവധി സൃഷ്ടികളുടെ ജനയിതാവായ കാൾ എ. നെൽസെൻ (Carl A.Nielsen)[24] ഡെൻമാർക്കിന്റെ മഹാനായ സംഗീതജ്ഞനാകുന്നു. മാസ്കരേഡ് (Maskarade) എന്ന കോമിക് ഓപെറയുടെ ഉപജ്ഞാതാവ് കൂടിയാണ് ഇദ്ദേഹം. നൃത്തരംഗത്ത് ബാലേ മാസ്റ്റർ ആഗസ്റ്റ് ബൗർണൊവില്ലി (August Bournonville) നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.

മൈക്കിൾ ആങ്ഗെർ (Michael Ancher), സി. ഡബ്ലുയു. എകർസ്ബെർഗ് (C.W.Eckersberg), ഓൾഫ് ഹോസ്റ്റ് (Oluf), ക്രിസ്റ്റെൻ കോബ്കെ (Christen Kbke) തുടങ്ങിയവർ ഡെൻമാർക്കിലെ പ്രസിദ്ധ ചിത്രകാരന്മാരാകുന്നു. പ്രസിദ്ധ ശില്പി ബെർല്ലെറ്റ് തോർവാൾഡ്സെന്നിന്റെ (Berlet Thorvaldsen) ജന്മദേശം ഡെൻമാർക്കാണ്. കോപ്പൻഹേഗനിൽ ഇദ്ദേഹം നിർമിച്ചിട്ടുള്ള ക്രിസ്തുവിന്റെ ശില്പം വളരെ പ്രസിദ്ധമാണ്.

ലോകസിനിമാ രംഗത്തെ ശ്രദ്ധേയനായ സംവിധായകൻ കാൾ ഡ്രെയെർ (Carl Dreyer)[25] ഡെൻമാർക്കുകാരനാണ്. ഇദ്ദേഹം സംവിധാനം ചെയ്ത ദ് പ്യാഷൻ ഒഫ് ജോൺ ഒഫ് ആർക് സിനിമാലോകത്തെ ഒരു ഉത്തമ കലാസൃഷ്ടിയായി കണക്കാക്കപ്പെടുന്നു.

സമ്പദ് വ്യവസ്ഥ

[തിരുത്തുക]

പ്രകൃതി വിഭവങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിലും സുശക്തമാണ് ഡെൻമാർക്കിന്റെ സമ്പദ് വ്യവസ്ഥ. നോർത്ത് സീയിൽ നിന്ന് കുറഞ്ഞ അളവിൽ പ്രകൃതിവാതകവും പെട്രോളിയവും ലഭിക്കുന്നു. കളിമണ്ണ്, ഗുണനിലവാരം കുറഞ്ഞ കൽക്കരി എന്നിവയാണ് മുഖ്യഖനിജങ്ങൾ. പെട്രോളിയം, ഇരുമ്പ് ഉൾപ്പെടെയുള്ള ലോഹങ്ങളും ലോഹോത്പന്നങ്ങളും വൻതോതിൽ ഇറക്കുമതി ചെയ്യുന്നു. മണ്ണ് പോഷക സംവർധകമല്ലാത്തതിനാൽ വൻതോതിൽ രാസവളം പ്രയോഗിക്കേണ്ടിവരുന്നു. പൊതുവേ നിരപ്പായ പ്രതലങ്ങളിലൂടെ ഒഴുകുന്ന ഡെൻമാർക്കിലെ നദികൾ വൈദ്യുതോർജ നിർമ്മാണത്തിന് ഉപയുക്തമല്ല. ആഭ്യന്തര ഉപയോഗത്തിന്റെ പകുതിയോളം തടി ഉത്പാദിപ്പിക്കാൻ മാത്രം ശേഷിയുള്ള വനപ്രദേശമേ ഡെൻമാർക്കിലുള്ളൂ. കരയുടെ ഭൂരിഭാഗവും ചുറ്റിക്കിടക്കുന്ന കടൽ രാജ്യത്തിന്റെ ക്രയവിക്രയങ്ങളിൽ നിർണായക പങ്കുവഹിക്കുന്നു. മത്സ്യസമ്പന്നം കൂടിയാണ് കടൽ.[26]

ഡാനിഷ് തൊഴിൽ ശക്തിയുടെ ഭൂരിഭാഗവും സേവനവ്യവസായത്തെ ആശ്രയിച്ചിരിക്കുന്നു. 1994-ലെ കണക്കനുസരിച്ച് മൊത്തം ഉല്പാദനത്തിന്റെ 69 ശ. മാ. സേവനമേഖലയും, 27 ശ.മാ. വ്യവസായവും, 5 ശ.മാ. കൃഷിയും പങ്കിടുന്നു. ഡെൻമാർക്കിന്റെ സേവനവ്യവസായത്തിൽ പ്രധാനമായും സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഗവൺമെന്റ് സർവീസ്, ബാങ്കിംഗ്, ഇൻഷ്വറൻസ്, പ്രോപെർട്ടി, ഗതാഗതം, വാർത്താവിനിമയം എന്നിവ ഉൾപ്പെടുന്നു.

ബെർലിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാൻസ്പാരൻസി ഇന്റർനാഷണൽ (Transparency International)[27] എന്ന സംഘടനയുടെ നിർണയത്തിൽ (2000) ബിസിനസിൽ ലോകത്തെ അഴിമതി രഹിത രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ഡെൻമാർക്കിനാണ്. ഫിൻലൻഡിനാണ് ഒന്നാം സ്ഥാനം.

ഡെൻമാർക്കിന്റെ സമ്പദ്വ്യവസ്ഥയിൽ കൃഷിക്ക് രണ്ടാം സ്ഥാനമാണുള്ളത്. മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം മൂന്നിൽരണ്ട് ഭാഗത്തോളം കൃഷിഭൂമിയായി ഉപയോഗിക്കുന്നു. 40 ഹെക്ടറാണ് കൃഷിയിടങ്ങളുടെ ശരാശരി വിസ്തൃതി. 1880- വരെ ഗോതമ്പായിരുന്നു ഡെൻമാർക്കിന്റെ പ്രധാന കാർഷിക ഉത്പന്നം. എന്നാൽ 80-കളിൽ ഗോതമ്പിനുണ്ടായ വിലയിടിവ് കർഷകരെ മുട്ട, പാൽ തുടങ്ങിയവയുടെ ഉത്പാദനത്തിലേക്കും പന്നി വളർത്തലിലേക്കും വഴിതെളിച്ചു. സഹകരണാടിസ്ഥാനത്തിലുള്ള കൃഷിക്കാണ് ഇവിടെ മുൻതൂക്കം. ഇറച്ചിക്കു വേണ്ടിയുള്ള കന്നുകാലി വളർത്തലും, പാൽ ഉത്പാദനവും പ്രധാന കാർഷിക പ്രവർത്തനങ്ങളിൽ സ്ഥാനം നേടിയിട്ടുണ്ട്. വിളകളിൽ ഭൂരിഭാഗവും കന്നുകാലി തീറ്റകളാകുന്നു. ബാർലി, ഉരുളക്കിഴങ്ങ്, കരിമ്പ് തുടങ്ങിയവയാണ് മുഖ്യ ഭക്ഷ്യവിളകൾ. ഇവയിൽ ബാർലി ഒന്നാംസ്ഥാനം നേടിയിരിക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും ബാർലി തോട്ടങ്ങൾ കാണാം. കയറ്റുമതി ചെയ്യുന്ന കാർഷിക ഉല്പന്നങ്ങളിൽ ഏകദേശം 60 ശ.മാ. ഇറച്ചിയും പാൽ ഉത്പന്നങ്ങളും ഉൾപ്പെടുന്നു.[28]

മത്സ്യബന്ധനം

[തിരുത്തുക]

ഡെൻമാർക്കിന്റെ സമ്പദ്ഘടനയിൽ നിർണായക സ്ഥാനമാണ് മത്സ്യബന്ധനത്തിനുള്ളത്. ഉദ്ദേശം 2 ദശലക്ഷം മെട്രിക് ടൺ ആണ് പ്രതിവർഷ ഉത്പാദനം. ഉത്പാദനത്തിന്റെ ഭൂരിഭാഗവും നോർത്ത് സീയിൽ നിന്നു ലഭിക്കുന്നു. കോഡ്, ലെറിംഗ്, സാൻഡ് ലാൻസെഡ്, സ്പാർട്ട്, വൈറ്റിംഗ്, അയില, സാൽമൻ ട്യൂണ എന്നിവ മുഖ്യയിനങ്ങളിൽപ്പെടുന്നു. എസ്ബ്ജെർഗ് (Esbjerg) ആണ് ഡെൻമാർക്കിലെ പ്രധാന മത്സ്യബന്ധന തുറമുഖം.[29]

ഊർജ്ജം

[തിരുത്തുക]

കൽക്കരി അഥവാ പെട്രോളിയം ഉപയോഗിച്ചുള്ള താപോർജ പ്ലാന്റുകളെ ആശ്രയിച്ചാണ് ഡെൻമാർക്കിന്റെ വൈദ്യുതോർജ നിർമ്മാണം നിലനിൽക്കുന്നത്. 1990-കളിൽ 9.5 ദശലക്ഷം കി.വാട്ട് (KW) ആയിരുന്നു ഉത്പാദനക്ഷമത.[30]

ഉത്പാദനം

[തിരുത്തുക]

20 ശതകത്തിന്റെ മധ്യത്തോടെ ഡെൻമാർക് ഒരു പ്രധാന ഉത്പാദക രാഷ്ട്രമായി വികസിച്ചു. കൃഷിയെ രാണ്ടാം സ്ഥാനത്തേക്കു പിന്തള്ളിക്കൊണ്ടാണ് ഉത്പാദന മേഖല പ്രഥമസ്ഥാനം കൈയടക്കിയത്. ഉത്പാദനത്തെ പരിപോഷിപ്പിക്കുവാൻ ഗവൺമെന്റ് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. ഡാനിഷ് നിർമ്മാണ മേഖലയുടെ പകുതിയോളം തലസ്ഥാന നഗരമായ കോപൻഹേഗനിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഗുണമേന്മയേറിയ സ്റ്റീരിയോ, ടെലിവിഷന്, ഫർണിച്ചർ, പോർസലിൻ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങൾ. ഡീസൽ എൻജിൻ, യന്ത്രസാമഗ്രികൾ, മരുന്നുൾ, കപ്പൽ, തുണിത്തരങ്ങൾ, സംസ്കരിച്ച ആഹാര പദാർഥങ്ങൾ, തുടങ്ങിയവയും പ്രാധാന്യമർഹിക്കുന്നു.[31]

അന്താരാഷ്ട്ര വ്യാപാരം

[തിരുത്തുക]

ക്രോൺ (Crown) അഥവാ ക്രൗൺ (Krone)[32] ആണ് ഡെൻമാർക്കിന്റെ കറൻസി (6.0965 ക്രോൺ = യു. എസ്. ഡോളർ) കോപെൻഹേഗൻ ആസ്ഥാനമായുള്ള നാഷണൽ ബാങ്ക് ഒഫ് ഡെൻമാർക്ക് മുഖ്യ ബാങ്കും. നാഷണൽ ബാങ്ക് ഒഫ് ഡെൻമാർക്കിനു പുറമേ രാജ്യത്തുടനീളം ശാഖകളുള്ള നിരവധി വാണിജ്യ ബാങ്കുകളും ഡെൻമാർക്കിലുണ്ട്. കോപെൻഹേഗനിൽ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചും പ്രവർത്തിക്കുന്നുണ്ട്.[33]

1960-കളുടെ മധ്യത്തോടെ ബ്രിട്ടനെ പിന്തള്ളിക്കൊണ്ട് പശ്ചിമ ജർമനി ഡെൻമാർക്കുമായി അന്താരാഷ്ട്ര വാണിജ്യബന്ധത്തിലേർപ്പെട്ടു. ഇപ്പോഴും ജർമനി തന്നെയാണ് ഡെൻമാർക്കിന്റെ പ്രധാന അന്താരാഷ്ട്ര വ്യാപാര പങ്കാളി. എന്നാൽ ബ്രിട്ടനിലേക്കാണ് ഡെൻമാർക് ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്.

1960-കളുടെ ആദ്യഘട്ടംവരെ കന്നുകാലികൾ, സംസ്കരിച്ച ഇറച്ചി, പാൽ ഉത്പന്നങ്ങൾ എന്നിവയായിരുന്നു പ്രധാന കയറ്റുമതി വിഭവങ്ങൾ. തുടർന്നു വ്യവസായിക ഉത്പന്നങ്ങളുടെ കയറ്റുമതി ആരംഭിക്കുകയും കാർഷികോല്പന്നങ്ങൾ പിന്തള്ളപ്പെടുകയും ചെയ്തു. യന്ത്രസാമഗ്രികൾ, പ്രാഥമിക ലോഹങ്ങൾ, ലോഹോത്പന്നങ്ങൾ, ഗതാഗതസാമഗ്രികൾ, ഇന്ധനം, ലൂബ്രിക്കൻസ് തുടങ്ങിയവ പ്രധാനമായി ഇറക്കുമതി ചെയ്യുന്നു.[34]

ഗതാഗതവും വാർത്താവിനിമയവും

[തിരുത്തുക]
ഡന്മാർക്കിലെ നോർവെ കോളനി

ആധുനികവും വികസിതവുമാണ് ഡെൻമാർക്കിലെ ഗതാഗതസംവിധാനം. രാജ്യത്തിന്റെ നാനാഭാഗങ്ങളേയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന നവീന റോഡുകൾ ഡെൻമാർക്കിന്റെ പ്രത്യേകതയാണ്. ജനസംഖ്യയിൽ നാലിലൊരാൾക്ക് വീതം മോട്ടോർ കാറും പകുതിയോളം പേർക്ക് മോട്ടോർ സൈക്കിളും സ്വന്തമായിട്ടുണ്ട്. മിക്ക റോഡുകൾക്കും സമാന്തരമായി പ്രത്യേക മോട്ടോർ സൈക്കിൾ പാതകൾ കാണാം. ഗവൺമെന്റിന്റെ അധീനതയിലുള്ള റെയിൽവേ രാജ്യത്തെ മിക്ക നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ദ്രുതഗതിയിലുള്ള യാത്രാസൗകര്യം പ്രദാനം ചെയ്യുന്നു.

സ്കാൻഡിനേവിയൻ എയർ ലൈനിന്റെ വിമാനം

സ്കാൻഡിനേവിയൻ എയർലൈൻസ് സിസ്റ്റത്തിന്റെ (SAS) ഭാഗമാണ് ഡാനിഷ് എയർലൈൻസ്. ഡാൻ എയർ ആണ് ആഭ്യന്തര സർവീസുകൾ കൈകാര്യം ചെയ്യുന്നത്. കോപെൻഹേഗനു സമീപം പ്രവർത്തിക്കുന്ന കാസ്ട്രപ് (Kastrup) അന്താരാഷ്ട്ര വിമാനത്താവളം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വ്യോമപഥാതിർത്തികളിൽ ഒന്നാണ്. പ്രതിവർഷം 12 ദശലക്ഷം യാത്രക്കാർ ഇതുവഴി യാത്രചെയ്യുന്നു.[35]

ഒരു ദ്വീപസമൂഹമായതിനാൽ ഡെൻമാർക്കിലെ ഗതാഗത സംവിധാനത്തിൽ നിർണായക സ്ഥാനമാണ് ജലഗതാഗതത്തിനുള്ളത്. ഇത് ജട്‌ലൻഡിനെ ബാൾടിക് ദ്വീപുകളുമായും ബാൾടിക് ദ്വീപുകളെ പരസ്പരവും ബന്ധിപ്പിക്കുന്നു. ഇവിടെ നിന്ന് ജർമനി, സ്വീഡന്‍, നോർവെ എന്നീ രാജ്യങ്ങളിലേക്കും കടത്തു സൗകര്യമുണ്ട്. സജെൻലാൻഡ്, ഫാൾസ്റ്റർ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റോർ സ്രോം പാലത്തിന് 3211 മീ. നീളമുണ്ട്. കോപെൻഹേഗനാണ് ഡെൻമാർക്കിലെ പ്രധാന തുറമുഖം.[36]

ഏകദേശം 50 ദിനപത്രങ്ങൾ ഡെൻമാർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. മിക്ക ഡാനിഷ് കുടുംബങ്ങൾക്കും പരമാവധി ഒരു റേഡിയോയും ടെലിവിഷനും സ്വന്തമായി ഉണ്ട്. ഡാനിഷ് സാംസ്കാരിക വകുപ്പിൻ കീഴിലുള്ള റേഡിയോ ഡെൻമാർക്കിനാണ്, റേഡിയോ ടെലിവിഷൻ പ്രക്ഷേപണത്തിന്റെ ചുമതല. 1988-ൽ വാണിജ്യ ടെലിവിഷൻ ശൃംഖല പ്രക്ഷേപണം ആരംഭിച്ചു. ദീർഘദൂര ടെലിഫോൺ സർവീസുകൾ ഗവൺമെന്റിലും പ്രാദേശിക സർവീസുകൾ സ്വകാര്യ കമ്പനികളിലും നിക്ഷിപ്തമായിരിക്കുന്നു. ഉദ്ദേശം 3 ദശലക്ഷം ടെലിഫോൺ ലൈനുകൾ ഡെൻമാർക്കിൽ ഉപയോഗത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ഭരണകൂടം

[തിരുത്തുക]

രാജാവ് അഥവാ രാജ്ഞി രാഷ്ട്രത്തലവനായുള്ള ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് ഡെൻമാർക്. 1849-ൽ ഡെൻമാർക് ഏകാധിപത്യ രാജവാഴ്ചയിൽ നിന്ന് ഭരണഘടനാധിഷ്ഠിത രാജവാഴ്ചയിലേക്ക് മാറി. 1915-ലെ ഭരണഘടന പ്രകാരം സമ്പൂർണ രാഷ്ട്രീയ ജനാധിപത്യവും പ്രായപൂർത്തി വോട്ടവകാശവും നിലവിൽവന്നു. 1953-ലെ ഭരണഘടന പാർലമെന്റിന്റെ ഉപരിമണ്ഡലത്തെ റദ്ദാക്കുകയും സ്ത്രീകളുടെ വോട്ടവകാശം അംഗീകരിക്കുകയും ചെയ്തു. ഇത് ഗവൺമെന്റിനെ മൂന്നായി വിഭജിക്കുന്നു.

  1. ഭരണ നിർവഹണസമിതി
  2. നിയമ നിർമ്മാണ സഭ,
  3. നീതിന്യായം.

പ്രായോഗികാർഥത്തിൽ ഒരു ബഹുപാർട്ടി പാർലമെന്ററി ജനാധിപത്യ രാഷ്ട്രമായ ഡെൻമാർക്കിലെ നിയമനിർമ്മാണാധികാരം രാജാവിലും ഏകമണ്ഡല പാർലമെന്റിലു(Floketing)മാണ് നിക്ഷിപ്തമായിരിക്കുന്നത്. രാഷ്ട്രത്തലവൻ രാജാവാണെങ്കിലും പരിമിതമായ അധികാരമേ ഇദ്ദേഹത്തിനുള്ളൂ. രാജാവ് നിയമിക്കുന്ന പ്രധാനമന്ത്രിയാണ് ഗവൺമെന്റിനെ പ്രതിനിധാനം ചെയ്യുന്നത്. പാർലമെന്റിൽ ഭൂരിപക്ഷം നേടുന്ന പാർട്ടിയുടേയും പാർലമെന്റ് അംഗങ്ങളുടേയും പിന്തുണയുള്ള നേതാവായിരിക്കും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ ബാഹുല്യം ഡെന്മാർക്കിൽ ഏകപാർട്ടി ഭരണം അസാധ്യമാക്കുന്നു. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ സഖ്യകക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നു. പാർലമെന്റിലെ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെടുന്ന പ്രധാനമന്ത്രി മറ്റു ക്യാബിനറ്റ് അംഗങ്ങളോടൊപ്പം രാജിവയ്ക്കുകയോ രാജാവിനോട് പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ അഭ്യർഥിക്കുകയോ ചെയ്യുന്നു.[37]

പ്രധാനമന്ത്രിയാണ് ക്യാബിനറ്റിന്റെ തലവൻ. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം രാജാവ് അഥവാ രാജ്ഞി മറ്റു ക്യാബിനറ്റ് അംഗങ്ങളെ നിയമിക്കുന്നു. ഓരോ അംഗവും പ്രത്യേക വകുപ്പുകളെ പ്രതിനിധാനം ചെയ്യുന്നു. ക്യാബിനറ്റ് രാജാവിന്റെ നാമത്തിൽ ഭരണ നിർവഹണാധികാരം വിനിയോഗിക്കുന്നു. ഏകമണ്ഡല സഭയാണ് ഡെൻമാർക് പാർലമെന്റ്. മൊത്തം 179 അംഗങ്ങളിൽ 175 അംഗങ്ങളെ ഡെൻമാർക്കിൽ നിന്നും രണ്ടു അംഗങ്ങളെ വീതം ഗ്രീൻലൻഡ്, ഫറോസ് ദ്വീപുകളിൽ നിന്നും തെരഞ്ഞെടുക്കുന്നു. പാർലമെന്റാണ് ഡെൻമാർക്കിലെ പരമോന്നത നിയമനിർമ്മാണ സഭ. എന്നാൽ പാർലമെന്റ് പാസാക്കുന്ന ചില ബില്ലുകൾക്ക് ഡാനിഷ് വോട്ടർമാരുടെ അംഗീകാരം ആവശ്യമുണ്ട്. പാർലമെന്റ് അംഗങ്ങളിൽ മൂന്നിലൊന്ന്, വോട്ടർമാരുടെ അംഗീകാരം വേണമെന്ന് ആവശ്യപ്പെട്ടാലും വോട്ടർമാർക്ക് ബില്ലിന്മേൽ വോട്ടവകാശം ലഭിക്കുന്നു.

ഭരണസൗകര്യാർഥം ഡെൻമാർക്കിനെ 14 കൗണ്ടികളും കോപെൻഹേഗെൻ, ഫ്രെഡ്റിക്സ്ബെർഗ് (Frederikberg) എന്നീ രണ്ടു വലിയ മുനിസിപ്പാലിറ്റികളുമായി വിഭജിച്ചിരിക്കുന്നു. കൗണ്ടികളെ മുന്നൂറോളം ചെറിയ മുനിസിപ്പാലിറ്റികളായും വിഭജിച്ചിട്ടുണ്ട്. മിക്കവാറും ഒരു നഗരവും അതിനോട് ചേർന്ന ഗ്രാമപ്രദേശവും ഉൾപ്പെടുന്നതാണ് ഒരു മുൻസിപ്പാലിറ്റി. തെരഞ്ഞെടുക്കപ്പെടുന്ന കൗൺസിലുകളാണ് കൗണ്ടികളുടേയും മുനിസിപ്പാലിറ്റികളുടേയും ഭരണനിർവഹണസമിതികൾ. മേയറാണ് കൗൺസിലിന്റെ തലവൻ.

സുപ്രീം കോടതിയാണ് രാജ്യത്തെ പരമോന്നത നീതിന്യായ കോടതി. 15 ജഡ്ജിമാർ ഉൾപ്പെടുന്ന സുപ്രീം കോടതിയിൽ പരമാവധി 5 ജഡ്ജിമാരെങ്കിലും കേസ് വിചാരണയിൽ ഉണ്ടായിരിക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നു. മൊത്തം 30 ജഡ്ജിമാരുള്ള രണ്ടു ഹൈക്കോടതികൾക്കു പുറമേ, നൂറിലധികം കീഴ്ക്കോടതികളും ഡെൻമാർക്കിൽ പ്രവർത്തിക്കുന്നുണ്ട്.[38]

ചരിത്രം

[തിരുത്തുക]
സ്കാൻഡിനേവിസം

ചരിത്രാതീതകാലം മുതൽ ഡെൻമാർക്കിൽ ജനങ്ങൾ കുടിയേറിപ്പാർത്തിരുന്നതായി പുരാവസ്തു പഠനങ്ങൾ സൂചന നൽകുന്നുണ്ട്. എന്നാൽ ഇവരുടെ ആദ്യകാല ജീവിതത്തെപ്പറ്റിയുള്ള വ്യക്തമായ ചരിത്രരേഖകൾ ലഭിച്ചിട്ടില്ല. മൃഗങ്ങളെ വേട്ടയാടിയും മത്സ്യബന്ധനം നടത്തിയും ഇവർ ജീവിതം കഴിച്ചുകൂട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇവിടത്തെ ആദ്യകാല നിവാസികൾ ബി.സി. 3000-ത്തോടെ കാർഷികവൃത്തിയിൽ ഏർപ്പെട്ടുതുടങ്ങിയതായി അനുമാനിക്കുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആദ്യകാലങ്ങളിൽ ഇവർ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെത്തിയെങ്കിലും അതിനെപ്പറ്റിയുള്ള ആധികാരിക രേഖകൾ ലഭ്യമല്ല. വൈക്കിങ്ങുകൾ എന്നറിയപ്പെടുന്ന സ്ക്കാൻഡിനേവിയൻ യോദ്ധാക്കൾ 8-ം ശതകത്തിന്റെ അന്ത്യത്തോടെ തുടങ്ങിവച്ച ആക്രമണപരമ്പരകൾ യൂറോപ്പിലാകെ സംഭ്രമം പരത്തി. ഡെൻമാർക്കുകാർ കൂടി ഉൾപ്പെട്ട വിഭാഗമായിരുന്നു വൈക്കിങ്ങുകൾ. ഈ ആക്രമണങ്ങളിലൂടെ ഡെൻമാർക്കുകാർ ചരിത്രരേഖകളിൽ സ്ഥാനം പിടിച്ചുതുടങ്ങി. ഇംഗ്ലണ്ടിലും ഫ്രാൻസിലും ചില പ്രദേശങ്ങൾ സ്വന്തമാക്കുവാൻ ഡെൻമാർക്കുകാരായ വൈക്കിങ്ങുകൾക്കു സാധിച്ചു. 9-ം ശതകത്തിൽ ഷാർലമെൻ നടത്തിയ ആക്രമണത്തെ എതിർത്തു തോൽപിക്കാൻ ഡെൻമാർക്കിനു കഴിഞ്ഞു. 9-ം ശതകം മുതൽ ശക്തന്മാരായ രാജാക്കന്മാർ ഡെൻമാർക്കിന്റെ ഭരണനേതൃത്വത്തിലെത്തിച്ചേർന്നു. ഇവർ നോർവെ കീഴടക്കിയിരുന്നു. ഡെൻമാർക്കിലെ കാനൂട്ട് രാജാവിന്റെ ഭരണകാലം (1018-35) തുടങ്ങിയപ്പോഴേക്കും ഇംഗ്ലണ്ട് ഡെൻമാർക്കിന്റെ അധികാരപരിധിക്കുള്ളിലായിക്കഴിഞ്ഞു. അങ്ങനെ ഡെൻമാർക്, നോർവെ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഒരു വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായിത്തീർന്നു കാനൂട്ട്. എന്നാൽ കാനൂട്ടിന്റെ പിൻഗാമികളുടെ ഭരണകാലത്ത് രാജ്യം ശിഥിലമായിപ്പോയി. നോർവെയിലെ രാജാവായ മാഗ്നസ് ഒന്നാമൻ 1042-ൽ ഡെൻമാർക്കിലേയും രാജാവായി (1047 വരെ).[39]

1070-ൽ സ്വീഡനിലെ രാജാവുമായുണ്ടാക്കിയ ഉടമ്പടിപ്രകാരം തെക്കൻ സ്വീഡനിലെ ചില പ്രദേശങ്ങൾ ഡെൻമാർക്കിന്റെ അധീനതയിലായി (17-ം ശതകം വരെ ഈ പ്രദേശങ്ങൾ ഡെൻമാർക്കിന്റെ അധീശത്വത്തിൽത്തന്നെ തുടർന്നു). 12-ം ശതകം ആയതോടെ രാജ്യകാര്യങ്ങളും ഭരണവും ദുർബലമായിക്കൊണ്ടിരുന്നു. ഇതേത്തുടർന്ന് അധികാരത്തിൽ വന്ന വാൾഡമർ ദ ഗ്രേറ്റ് (വാൾഡമർ I) അദ്ദേഹത്തിന്റെ പുത്രനായ വാൾഡമർ ദ വിക്റ്റോറിയസ് (വാൾഡമർ II) എന്നീ രാജാക്കന്മാരുടെ ഭരണകാലത്ത് രാജ്യം വീണ്ടും ശക്തിയാർജിച്ചു. വാൾഡമർ II-ന്റെ (ഭ.കാ. 1202-41) കാലത്ത് ഡെൻമാർക് ഉത്തര യൂറോപ്പിലെ ഒരു പ്രമുഖ ശക്തിയായി അഭിവൃദ്ധി പ്രാപിക്കുകയുണ്ടായി. ഹോൾസ്റ്റീൻ, എസ്ത്തോണിയ തുടങ്ങിയ പ്രദേശങ്ങൾ ഇദ്ദേഹം ഡെൻമാർക്കിന്റെ അധീനതയിലാക്കി. വാൾഡമർ II-ന്റെ മരണത്തോടെ ഡെൻമാർക്കിൽ ഈ രാജവംശത്തിന്റെ പ്രതാപം അസ്തമിച്ചതായി കരുതപ്പെടുന്നു. ദീർഘകാലത്തേക്ക് രാജ്യം ആഭ്യന്തരയുദ്ധം മൂലം അരാജകാവസ്ഥയിലായിരുന്നു. ഫ്യൂഡൽ പ്രഭുക്കളും പള്ളി അധികാരികളും രാജാധികാരത്തെ വെല്ലുവിളിക്കുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. തുടർന്നു രാജാവായ എറിക് V-ന്റെ കാലഘട്ടം (1259-86) ഭരണരംഗത്തുണ്ടായ ചില മാറ്റങ്ങൾ മൂലം ശ്രദ്ധേയമായിത്തീർന്നു. പ്രഭുക്കന്മാരും പുരോഹിതന്മാരും സംഘടിച്ച് രാജാവിന്റെ പരമാധികാരങ്ങൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന ഒരു ചാർട്ടറിൽ എറിക്കിനെക്കൊണ്ട് ഒപ്പുവയ്പ്പിച്ചു. രാജാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രഭുക്കൾ നേടിയെടുത്തു. വർഷംതോറും ഒരു പാർലമെന്റ് സമ്മേളിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തു. ഇംഗ്ലണ്ടിലെ മാഗ്നാകാർട്ടയ്ക്കു സമാനമായ ഒരു ചാർട്ടറായിരുന്നു ഇത്. ഭരണക്രമത്തിൽ ഉണ്ടായ ഈ പരിവർത്തനം 1660 വരെ നിലനിൽക്കുകയുണ്ടായി.

എറിക്കിന്റെ പുത്രനും പിൻഗാമിയുമായ എറിക് മെൻവഡ് (എറിക് VI, ഭ.കാ. 1286-1319) ജർമൻ പ്രദേശങ്ങളിലേക്ക് അധികാരം വ്യാപിപ്പിക്കുവാൻ ശ്രമം നടത്തി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരുവാൻ ഇടയാക്കി. പിന്നീട് രാജാവായ എറിക്കിന്റെ സഹോദരൻ ക്രിസ്റ്റഫർ II പണം സംഭരിക്കുന്നതിനായി ഭൂസ്വത്ത് ഹോൾസ്റ്റീനിലെ കൗണ്ടിന് ഈടുവച്ചു. ഹോൾസ്റ്റീനിലെ കൗണ്ട് കുറേക്കാലത്തേക്ക് ഡെൻമാർക്കിലെ മേധാവിക്കു സമം പെരുമാറുന്ന അവസ്ഥ ഈ സംഭവംമൂലം സംജാതമായി. പില്ക്കാലത്ത് ഭരണാധികാരിയായ വാൾഡമർ IV (ഭ.കാ. 1340-75) മധ്യകാല ഡെൻമാർക്കിലെ ഏറ്റവും പ്രശസ്തനും പ്രാപ്തനുമായ രാജാവായിരുന്നു. ഈടുവച്ചിരുന്ന പ്രദേശങ്ങൾ തിരിച്ചെടുത്ത് ഇദ്ദേഹം രാജ്യത്തെ ശക്തമാക്കി.[40]

ജർമനധിനിവേശം

വാൾഡമറിന് പുത്രന്മാരില്ലാത്തതുകൊണ്ട് മകൾ മാർഗരറ്റിന്റെ പുത്രനായ ഒലേഫിനെ (1376-87) രാജാവായി പ്രിവികൗൺസിൽ തിരഞ്ഞെടുത്തു. മാർഗരറ്റ് റീജന്റായി ഭരണം നടത്തി. നോർവെയിലെ രാജാവായ ഹാകോൺ VI-ന്റെ ഭാര്യയായിരുന്നു മാർഗരറ്റ്. ഹാകോണിന്റെ മരണത്തെത്തുടർന്ന് 1380-ൽ ഒലേഫ് നോർവെയുടേയും രാജാവായി. ഒലൊഫ് മരണമടഞ്ഞതിനാൽ 1387-ൽ മാർഗരറ്റ് ഡെൻമാർക്കിന്റേയും നോർവെയുടേയും ഭരണം തുടർന്നു നടത്തിവന്നു. സ്വീഡനിലെ ആഭ്യന്തര പ്രശ്നത്തിലിടപെടാൻ അവിടത്തെ പ്രഭുക്കൾ മാർഗരറ്റിനെ ക്ഷണിച്ചു. 1389-ൽ മാർഗരറ്റിന്റെ സൈന്യം സ്വീഡനിലെ രാജാവിനെ പരാജയപ്പെടുത്തി. ഇതോടുകൂടി അവർ സ്വീഡന്റേയും ഭരണാധികാരം പിടിച്ചെടുത്തു. തന്റെ സഹോദരിയുടെ ചെറുമകനായ എറിക് VII-നെ മൂന്നു രാജ്യങ്ങളുടേയും രാജാവായി അംഗീകരിപ്പിക്കാൻ മാർഗരറ്റിനു കഴിഞ്ഞു (1397). മൂന്നു രാജ്യങ്ങളുടേയും സംയുക്ത ഭരണം കാൽമർ യൂണിയൻ എന്ന പേരിൽ അറിയപ്പെട്ടു.

മാർഗരറ്റിനെപ്പോലെ ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നില്ല എറിക്. ഇദ്ദേഹത്തിന്റെ ഭരണത്തിൽ അതൃപ്തരായ പ്രിവി കൗൺസിൽ അനന്തരവനായ ക്രിസ്റ്റഫറിനെ രാജാവായി തെരഞ്ഞെടുത്തു (1439-40). ക്രിസ്റ്റഫറിന്റെ മരണശേഷം കാൽമർ യൂണിയൻ ദുർബലമായിത്തുടങ്ങിയിരുന്നു. സ്വീഡനിലെ പ്രഭുക്കന്മാർ പ്രത്യേകം രാജാവിനെ കണ്ടെത്തിയത് യൂണിയന് വലിയ ആഘാതമായി. ഇതോടെ ഡെന്മാർക്കും നോർവെയും ഓൾഡൻബർഗ് (Oldenberg) രാജകുടുംബത്തിലെ ക്രിസ്ത്യൻ I -നെ രാജാവായി തെരഞ്ഞെടുത്തു (1448). പിന്നീട് ക്രിസ്ത്യൻ II, ഫ്രഡറിക് I, ക്രിസ്ത്യൻ III എന്നിവർ ഭരണാധിപന്മാരായി. 16-ം ശതകത്തിലുണ്ടായ റഫർമേഷ (reformation)ന്റെ തരംഗങ്ങൾ ഡെൻമാർക്കിലും എത്തിച്ചേർന്നു. ക്രിസ്ത്യൻ III-ന്റെ ഭരണകാലത്ത് (1534-59) റഫർമേഷന്റെ ഫലമായി ലൂഥറനിസം ഡെൻമാർക്കിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

ക്രിസ്ത്യൻ III-ന്റെ പിന്തുടർച്ചക്കാരനായ ഫ്രഡറിക് II-ന്റെ ഭരണകാലഘട്ടം (1559-88) സ്വീഡനുമായി ഏഴുവർഷം നീണ്ടുനിന്ന യുദ്ധത്തിന് (1563-70) സാക്ഷ്യം വഹിച്ചു. ബാൾട്ടിക് മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ഇരുരാജ്യങ്ങളും തമ്മിലുണ്ടായ കിടമത്സരമാണ് ഈ യുദ്ധത്തിനു കാരണമായത്. യുദ്ധം ഡെൻമാർക്കിന്റെ സാമ്പത്തികഘടനയെ താറുമാറാക്കി.

16-ം ശതകത്തിന്റെ മധ്യത്തോടെ ഡെൻമാർക്ക് വീണ്ടും സാമ്പത്തിക വളർച്ച കൈവരിച്ചു. കയറ്റുമതി മേഖലയിലെ വർധനയും കാർഷികമേഖലയിലെ പുരോഗതിയും രാഷ്ട്രത്തെ സമ്പന്നമാക്കി. 16-ം ശതകത്തിന്റെ അവസാനകാലങ്ങളിലും 17-ം ശതകത്തിന്റെ ആദ്യകാലങ്ങളിലും ഡെൻമാർക് സാംസ്കാരികമായി ഔന്നത്യം പ്രാപിച്ചു. പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന ടൈക്കോ ബ്രാഹെ ഇക്കാലത്താണു ജീവിച്ചിരുന്നത് (1546-1601). ക്രിസ്ത്യൻ IV (ഭ. കാ. 1588-1648) ഡെൻമാർക്കിന്റെ വാണിജ്യ-വ്യാവസായിക വികസനത്തിന് പ്രോത്സാഹനം നൽകിയ രാജാവായിരുന്നു. ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇദ്ദേഹത്തിന്റെ കാലത്താണ് രൂപീകരിക്കപ്പെട്ടത്. ജർമനി കേന്ദ്രീകരിച്ചു നടന്ന മുപ്പതു വർഷയുദ്ധത്തിൽ (1618-48) ക്രിസ്ത്യൻ IV പങ്കെടുത്തു. ഇക്കാലങ്ങളിൽ സ്വീഡനുമായും മറ്റ് അയൽരാജ്യങ്ങളുമായും ഡെൻമാർക് നിരവധി യുദ്ധങ്ങളിലേർപ്പെടുകയുണ്ടായി.

നീണ്ടുനിന്ന പല യുദ്ധങ്ങളും ഡെൻമാർക്കിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തു. തുടർന്ന് നികുതി ഘടനയിൽ മാറ്റം വരുത്തി. നികുതി കൊടുക്കുന്നതിൽ ഇളവ് അനുഭവിച്ചിരുന്ന പ്രഭുക്കന്മാർ നികുതി കൊടുക്കാൻ ബാധ്യസ്ഥരായിത്തീർന്നു. ശക്തമായ രാജഭരണവ്യവസ്ഥയുടെ ആഗമനം ഇതോടനുബന്ധിച്ചുണ്ടാവുകയും ചെയ്തു. രാജപദവി ശക്തമാക്കുന്നതിനായി പരമ്പരാഗത രാജഭരണമാണ് അഭികാമ്യമെന്ന് പൊതുവായ അഭിപ്രായമുണ്ടായി. അതനുസരിച്ച് 1660-ൽ ഫ്രഡറിക് III പരമ്പരാഗത രാജാവായി പ്രഖ്യാപിക്കപ്പെട്ടു. തുടർന്ന് 1661-ൽ രാജാവിനെ ഡെൻമാർക്കിലെ പരമോന്നത അധികാരിയായി വാഴിച്ചു.[41]

സ്വീഡനുമായുള്ള യുദ്ധം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഡെന്മാർക്കിലെ രാജാക്കന്മാർ കരുതിപ്പോന്നു. 17-ം ശതകത്തിന്റെ ഒടുവിലും 18-ം ശതകത്തിന്റെ ആദ്യകാലങ്ങളിലുമായി പല യുദ്ധങ്ങളുമുണ്ടായി. ഡെൻമാർക്കിന് ഇവകൊണ്ട് പറയത്തക്ക നേട്ടമൊന്നുമുണ്ടായില്ല.

18-ം ശതകത്തിന്റെ പകുതിയോടെ രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടു. അതിനുശേഷം ഗ്രീൻലൻഡ് ഡെൻമാർക്കിന്റെ അധീനതയിലായി. വെസ്റ്റ് ഇൻഡീസിലെ മൂന്നു ദ്വീപുകൾ ഡെൻമാർക്കിന്റെ ഉടമസ്ഥതയിലെത്തി. ഇവിടെ നിന്നുള്ള പഞ്ചസാര, കാപ്പി, പുകയില എന്നിവ ഡെൻമാർക്കിന് സാമ്പത്തിക നേട്ടമുണ്ടാക്കി. ഈ കാലഘട്ടത്തിൽ ഡെൻമാർക്കിൽ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളും ശക്തിയാർജിച്ചിരുന്നു. കൃഷിക്കാർക്ക് പല ഇളവുകളും നൽകപ്പെട്ടു.

നെപ്പോളിയന്റെ യുദ്ധം ചിത്രരചന

നെപ്പോളിയന്റെ ഫ്രാൻസും ബ്രിട്ടനും തമ്മിൽ യുദ്ധമുണ്ടായപ്പോൾ അതിൽനിന്നും ഒഴിഞ്ഞു നിൽക്കാനായിരുന്നു ഡെൻമാർക് ശ്രമിച്ചത്. ഡെൻമാർക് വാണിജ്യതാത്പര്യങ്ങൾ സംരക്ഷിക്കാനായി സ്വീഡനും റഷ്യയുമായിച്ചേർന്ന് ഒരു സായുധ നിഷ്പക്ഷതാ സഖ്യം രൂപീകരിച്ചു. കപ്പലുകളുടെ സംരക്ഷണത്തിനായി ഒരു കോൺവോയ് സമ്പ്രദായം ഡെൻമാർക് നടപ്പിലാക്കി. ഇതോടെ ബ്രിട്ടൻ ഡെൻമാർക്കിനെ ആക്രമിക്കാൻ മുതിർന്നു. കോപെൻഹാഗെനടുത്തുവച്ച് 1801-ലും 1807-ലും ബ്രിട്ടിഷ് നാവികസേന ഡെൻമാർക്കിനോടേറ്റുമുട്ടി. ഇതിനെത്തുടർന്ന് ഡെൻമാർക്ക് നെപ്പോളിയന്റെ പക്ഷത്തേക്കു നീങ്ങി. 1814-ൽ നെപ്പോളിയൻ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ കീൽ ഉടമ്പടിപ്രകാരം (Treaty of Kiel) സ്വീഡന് നോർവെ വിട്ടുകൊടുക്കാൻ ഡെൻമാർക്ക് നിർബന്ധിതമായി. ഈ യുദ്ധം രാജ്യത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് വരുത്തിവച്ചു.[42]

ഫ്രഡറിക് VI 1834-ൽ രാജ്യത്ത് നാലു പ്രവിശ്യാ അസംബ്ലികൾ രൂപവത്കരിച്ചു. പാർലമെന്ററി സമ്പ്രദായത്തിലേക്കുള്ള ഡെൻമാർക്കിന്റെ ആദ്യ ചുവടുവയ്പായിരുന്നു ഇത്. ഫ്രഡറിക് VII ന്റെ ഭരണകാലത്ത് 1849-ൽ ഡെൻമാർക്കിന് ഒരു ഭരണഘടനയുണ്ടായി. ഇതോടെ ഭരണഘടനാനുസൃത രാജഭരണം നിലനിൽക്കുന്ന രാജ്യമായിത്തീർന്നു ഡെൻമാർക്. 19-ം ശതകത്തിന്റെ പകുതിക്കുശേഷം ഡെൻമാർക് വീണ്ടും അഭിവൃദ്ധിയിലേക്കു കുതിച്ചു. 1880-കളിൽ ഉത്പന്നങ്ങളുടെ വൻതോതിലുള്ള കയറ്റുമതി രാഷ്ട്രത്തിന് ശക്തമായ സാമ്പത്തിക അടിത്തറ ഉറപ്പാക്കി. യൂറോപ്പിലെ മികച്ച സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നായി മാറി ഡെൻമാർക്.

ഒന്നാം ലോകയുദ്ധത്തിൽ ഡെൻമാർക് നിഷ്പക്ഷത പാലിച്ചു. യുദ്ധാവസാനം ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെ ഷ്ളിസ്വിഗ് ഭൂപ്രദേശം ഡെൻമാർക്കിനു ലഭിച്ചു. 1930-കളിൽ സാമൂഹിക പരിഷ്കരണ നീക്കങ്ങൾ ഡെൻമാർക്കിലുണ്ടായി. ഒരു ക്ഷേമരാഷ്ട്ര വ്യവസ്ഥിതിയിലേക്കു നീങ്ങുവാനുള്ള യത്നങ്ങൾ നടന്നു.

രണ്ടാം ലോകയുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചെങ്കിലും 1940-ൽ ഡെൻമാർക്കിനെ ജർമനി ആക്രമിച്ചു കീഴ്പ്പെടുത്തി. 1945 മേയ് മാസത്തിൽ സഖ്യകക്ഷികൾ ജർമനിയുടെ പക്കൽനിന്നും ഡെൻമാർക്കിനെ മോചിപ്പിച്ചു. യുദ്ധം നിമിത്തം സാമ്പത്തിക അടിത്തറ തകർന്ന ഡെൻമാർക്കിന് യു.എസ്. സാമ്പത്തിക സഹായം നൽകി. തുടർന്ന് ഡെൻമാർക്കിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമായി. 1949-ൽ ഡെൻമാർക് നാറ്റോയിൽ (NATO;North Atlantic Treaty organisation) അംഗമായി. 1960-ൽ യൂറോപ്യൻ ഫ്രീ ട്രേഡ് അസ്സോസിയേഷനിലും (EFTA) അംഗമായിച്ചേർന്നു. 1973-ൽ ഇതിൽനിന്നും പിൻവാങ്ങിയശേഷം യൂറോപ്യൻ ഇക്കണോമിക് കമ്യൂണിറ്റിയിലെ (EEC) അംഗത്വം സ്വീകരിച്ചു. 1978-ഓടെ ഗ്രീൻലൻഡിന് ഡെൻമാർക്ക് സ്വയംഭരണാധികാരം അനുവദിച്ചു. ഇപ്പോൾ (2003) ഭരണഘടനാനുസൃത രാജഭരണ വ്യവസ്ഥിതി പിന്തുടരുന്ന ഒരു രാജ്യമാണ് ഡെൻമാർക്.[43]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Report for Selected Countries and Subjects".
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-23. Retrieved 2009-02-18.
  3. "ജൂട്ട്‌ലാൻഡ്". Archived from the original on 2011-07-06. Retrieved 2010-12-02.
  4. കറ്റ്ഗട്ട്
  5. മൊറൈൻ
  6. ഫിയോർഡുകൾ
  7. "ലിം ഫിയോർഡ്". Archived from the original on 2011-11-28. Retrieved 2010-12-02.
  8. തൈബോൺ കനാൽ
  9. "ഫിൻ ദ്വീപ്". Archived from the original on 2020-08-09. Retrieved 2010-12-02.
  10. ഫാൽസ്റ്റർ ദ്വീപ്
  11. "ബോൺഹോം ദ്വീപ്". Archived from the original on 2010-11-28. Retrieved 2010-12-02.
  12. അറെസോ തടാകം[പ്രവർത്തിക്കാത്ത കണ്ണി]
  13. "ഗുഡെൻ നദി". Archived from the original on 2009-03-05. Retrieved 2010-12-03.
  14. "കാലാവസ്ഥ". Archived from the original on 2009-10-26. Retrieved 2010-12-03.
  15. ഡന്മാർക്കിലെ കാലാവസ്ഥ
  16. ഡന്മാർക്കിലെ ജനസംഖ്യ
  17. "ബാറ്റിൽ-ആക്സ് ജനത". Archived from the original on 2010-10-01. Retrieved 2010-12-03.
  18. ഡേൻസ് ഗോത്രവിഭാഗം
  19. ഡന്മാർക്കിലെ ഭാഷ
  20. ഡന്മാർക്കിലെ മതം
  21. ഡന്മാർക്കിന്റെ വിദ്യാഭ്യാസം
  22. ഗ്രന്ഥശാലകളും മ്യൂസിയങ്ങളും
  23. ഹാൻസ് ക്രിസ്ത്യൻ ആൻഡെഴ്സെൻ
  24. കാൾ എ. നെൽസെൻ
  25. "കാൾ ഡ്രെയെർ". Archived from the original on 2010-05-09. Retrieved 2010-12-06.
  26. ഡന്മാർക്കിന്റെ സമ്പത് വ്യവസ്ഥ]
  27. ട്രാൻസ്പാരൻസി ഇന്റർനാഷണൽ
  28. കൃഷിയും ഉത്പാദനവും[പ്രവർത്തിക്കാത്ത കണ്ണി]
  29. മത്സ്യബന്ധനം
  30. താപ ഊർജം
  31. "ഉത്പാദനം" (PDF). Archived from the original (PDF) on 2010-07-27. Retrieved 2010-12-06.
  32. ക്രൗൺ (Krone)
  33. നാഷണൽ ബാങ്ക് ഓഫ് ഡെന്മാർക്ക്[പ്രവർത്തിക്കാത്ത കണ്ണി]
  34. "അന്താരാഷ്ട്ര വ്യാപാരം" (PDF). Archived from the original (PDF) on 2011-09-29. Retrieved 2010-12-07.
  35. സ്കാൻഡിനേവിയൻ എയർ ലൈൻ
  36. ജലഗതാഗതം
  37. ഡെന്മാർക്ക് ഗവണ്മെന്റ്
  38. ഡെന്മാർക്ക് ഗവണ്മെന്റ്
  39. സ്കാൻഡിനേവിയൻ കിങ്ഡം
  40. ഡെന്മാർക്കിന്റെ ചരിത്രം
  41. ചരിത്രം
  42. നെപ്പോളിയനുമായുണ്ടായ യുദ്ധം
  43. ഡെന്മാർക്കിന്റെ ചരിത്രം

പുറംകണ്ണികൾ

[തിരുത്തുക]

വീഡിയോ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെന്മാർക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡെന്മാർക്ക്&oldid=4074836" എന്ന താളിൽനിന്ന് ശേഖരിച്ചത്