Jump to content

മൈക്കെലാഞ്ജലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Michelangelo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മികലാഞ്ചലൊ

മൈക്കെലാഞ്ജലോയുടെ രേഖാചിത്രം - ദനിയെല്ലെ ദ വൊൽതെറായുടെ രചന
ജനനപ്പേര്മൈക്കെലാഞ്ജലോ ദ ലൊദൊവീചൊ ബ്വൊനറൊത്തി സിമോനി
ജനനം (1475-03-06)മാർച്ച് 6, 1475
ഇതാലിയയിലെ തുസ്കനിയിൽ പെട്ട കപ്രെസെയിലെ അരെറ്റ്സൊ എന്ന സ്ഥലത്തിനടുത്ത്
മരണം ഫെബ്രുവരി 18, 1564(1564-02-18) (പ്രായം 88)
റോം
പൗരത്വം ഇതാലിയ
രംഗം ശില്പി, ചിത്രകാരൻ, നിർമ്മാതാവ്, കവി
പരിശീലനം ദൊമെനിക്കോ ഗിർലാൻദായോയുടെ കീഴിൽ പരിശീലനം നേടി.[1]
പ്രസ്ഥാനം ഇറ്റാലിയൻ നവോത്ഥാനം

മൈക്കെലാഞ്ജലോ എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്ന മൈക്കെലാഞ്ജലോ ദ ലോദൊവിചൊ ബ്വൊനറൊത്തി സിമോനി (മാർച്ച് 6, 1475 - മാർച്ച് 18, 1564) ഇറ്റാലിയൻ ശിൽ‌പിയും ചിത്രകാരനും കവിയും നിർമ്മാണവിദഗ്ദ്ധനും ആയിരുന്നു.[2] കലയുടെ ലോകത്തിനപ്പുറത്ത് കാര്യമായി വ്യാപരിക്കാതിരുന്നിട്ടും, താൻ തെരഞ്ഞെടുത്ത മേഖലയുടെ വിവിധ ശാഖകളിൽ പ്രകടിപ്പിച്ച പ്രതിഭാവൈവിദ്ധ്യവും തികവും കണക്കിലെടുത്ത്, അദ്ദേഹത്തെ സമകാലീനനും എതിരാളിയും മറ്റൊരു ഇറ്റാലിയൻ സ്വദേശിയുമായിരുന്ന ലിയനാർഡോ ഡാ വിഞ്ചിക്കൊപ്പം, തികവുറ്റ രണ്ടു നവോത്ഥാനനായകന്മാരിൽ ഒരാളായി പരിഗണിച്ചുവരുന്നു.

ദീർഘമായ ജീവിതത്തിനിടെ വിവിധമേഖലകളിൽ മൈക്കലാഞ്ചലോ നൽകിയ സംഭാവനകൾക്ക് കണക്കില്ല; അദ്ദേഹത്തിന്റേതായും അദ്ദേഹത്തെക്കുറിച്ചും ഉള്ള കരടുകളുടേയും കത്തിടപാടുകളുടേയും സ്മരണകളുടേയും ബഹുലതകൂടി കണക്കിലെടുത്താൽ, പതിനാറാം നൂറ്റാണ്ടിലെ കലാനായകന്മാരിൽ ഏറ്റവുമേറെ രേഖകൾ അവശേഷിപ്പിച്ചുപോയത് മൈക്കെലാഞ്ജലോ ആയിരിക്കും. അദ്ദേഹത്തിന്റെ രണ്ട് ഏറ്റവും പ്രശസ്തസൃഷ്ടികളായ പ്യേത്താ, ദാവീദ് എന്നിവ, മുപ്പതുവയസ്സ് തികയുന്നതിനുമുൻപ് പൂർത്തിയാക്കപ്പെട്ടവയാണ്. ചിത്രകലയെക്കുറിച്ച് കാര്യമായ മതിപ്പ് പ്രകടിപ്പിക്കാതിരുന്ന മികലാഞ്ചെലോ, റോമിലെ സിസ്റ്റൈൻ ചാപലിന്റെ മച്ചിന്മേൽ ബൈബിളിലെ സൃഷ്ടിയുടെ കഥയും, ചുവരിന്മേൽ ക്രൈസ്തവസങ്കല്പത്തിലെ അന്ത്യവിധിരംഗങ്ങളും വരച്ചുചേർത്ത് അനശ്വരനായി. പാശ്ചാത്യകലയുടെ ചരിത്രത്തെ ഏറ്റവുമേറെ സ്വാധീനിച്ച രണ്ടു ചുവർ ചിത്രങ്ങളാണവ. ജീവിതാവസാനത്തോടടുത്ത് റോമിൽ തന്നെയുള്ള പത്രോസിന്റെ ബസിലിക്കായുടെ താഴികക്കുടം അദ്ദേഹം രൂപകല്പന ചെയ്തു.

ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവചരിത്രം എഴുതപ്പെട്ട ആദ്യത്തെ പാശ്ചാത്യകലാകാരനാണ് അദ്ദേഹമെന്നത് മികെലാഞ്ചലോയുടെ വിശേഷസ്ഥാനത്തിന് തെളിവാണ്.[3] രണ്ടു ജീവചരിത്രങ്ങളാണ് അക്കാലത്ത് എഴുതപ്പെട്ടത്; നവോത്ഥാനാരംഭം മുതൽ കലയുടെ ലോകം കൈവരിച്ച നേട്ടങ്ങളുടെ പരകോടിയായാണ് ആ ജീവചരിത്രങ്ങളിലൊന്നിൽ ഗിയോർഗിയോ വാസാരി മികെലാഞ്ചെലോയെ ചിത്രീകരിച്ചത്. ഈ നിലപാട് കലാചരിത്രകാരന്മാർ നൂറ്റാണ്ടുകളോളം പിന്തുടർന്നു. ജീവിതകാലത്ത് അദ്ദേഹം ദൈവികൻ(Il Divino) എന്നുപോലും വിളിക്കപ്പെട്ടിരുന്നു.[4] അദ്ദേഹത്തിൻറെ കലയുടെ ഗാംഭീര്യമാണ് സമകാലീനർ ഏറ്റവും ആദരിച്ചത്. മൈക്കെലാഞ്ജലോയുടെ തീവ്രവും വ്യക്തിനിഷ്ടവുമായ ശൈലിയെ അനുകരിക്കാനുള്ള അനന്തരഗാമികളുടെ ശ്രമമാണ് പാശ്ചാത്യകലയിൽ നാവോത്ഥാനപരകോടിയെ പിന്തുടർന്നുണ്ടായ മാനറിസം എന്ന പ്രസ്ഥാനത്തിനു കാരണമായത്.

ജീവിതം

[തിരുത്തുക]

തുടക്കം

[തിരുത്തുക]
ഫ്ലോറൻസിലെ ഉഫീസി സംഗ്രഹാലയത്തിനു മുൻപിലുള്ള മൈക്കെലാഞ്ചലോയുടെ പ്രതിമ

1475 മാർച്ച് 6-ന് [ക] ഇറ്റലിയിൽ ടസ്ക്കനിയിൽ പെട്ട കപ്രസെയിലെ അരെസ്സോ എന്ന സ്ഥലത്തിനടുത്താണ് മൈക്കലാഞ്ചലോ ജനിച്ചത്[5] കുടുംബം പലതലമുറകളിലായി ഫ്ലോറൻസിലെ ഇടത്തരം പണമിടപാടുകാരായിരുന്നു. എന്നാൽ മൈക്കലാഞ്ചലോയുടെ പിതാവ് ലൊഡോവിഷ്യോ ദി ലിയൊനാർഡോ ദി ബ്യൂനറോട്ടി ദി സിമോണി, ബാങ്കിന്റെ സാമ്പത്തികഭദ്രത നിലനിർത്തുന്നതിൽ പരാജയപ്പെട്ടതിനാൽ ഇടക്കിടെയുള്ള സർക്കാർ ഉദ്യോഗത്തെയാണ് ആശ്രയിച്ചത്.[3] മൈക്കലാഞ്ചലോയുടെ ജനനസമയത്ത് പിതാവ്, കാപ്രെസേ എന്ന ചെറുപട്ടണത്തിലെ മജിസ്ട്രേട്ടും ചിയൂസിയിലെ പ്രദേശാധികാരിയുമായിരുന്നു. ഫ്രാൻസെസ്കാ ദി നേരി ദെൽ മിനിയാറ്റോ ദി സിയേനാ ആയിരുന്നു അമ്മ.[6] പിതാവിന്റെ കുടുംബം കനോസയിലെ പ്രസിദ്ധയായ മാത്തിൽഡെ പ്രഭ്വിയുടെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെട്ടിരുന്നു; ഈ അവകാശവാദം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും മൈക്കലാഞ്ചലോ തന്നെ അത് വിശ്വസിച്ചിരുന്നു.[7] മൈക്കലാഞ്ചലോയുടെ ജനനത്തിന് കുറേ മാസങ്ങൾക്കുശേഷം കുടുംബം ഫ്ലോറൻസിലേക്കു മടങ്ങി. മൈക്കലാഞ്ചലോ വളർന്നത് അവിടെയാണ്. മൈക്കലാഞ്ചലോയുടെ പിതാവിന് സെറ്റിനാനോ എന്ന പട്ടണത്തിൽ ഒരു മാർബിൾഖനിയും കൃഷിയിടവും ഉണ്ടായിരുന്നു. പിൽക്കാലത്ത് അമ്മയുടെ ദീർഘമായ രോഗാവസ്ഥയുടേയും മരണത്തിന്റേയും സമയത്ത്, ഏഴുവയസ്സായിരുന്ന മൈക്കലാഞ്ചലോ, അവിടെ ഒരു കല്പ്പണിക്കാരന്റെ കുടുംബത്തിൽ താമസിച്ചു.[6] തന്നിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ താൻ ജനിച്ച അരെസ്സോയിലെ ശാലീനസാഹചര്യത്തിൽ നിന്ന് കിട്ടിയതാണെന്ന് മൈക്കലാഞ്ചലോ പറഞ്ഞതായി ജീവചരിത്രകാരൻ ഗിയോർഗിയോ വാസാറി രേഖപ്പെടുത്തിയിട്ടുണ്ട്. പോറ്റമ്മയുടെ മുലപ്പാലിനൊപ്പം, പിന്നീട് ശില്പവിദ്യയിൽ തന്റെ ഉപകരണങ്ങളായിത്തീർന്ന ഉളിയും ചുറ്റികയും കൈകാര്യം ചെയ്യാനുള്ള കഴിവും താൻ സ്വാംശീകരിച്ചതായി അദ്ദേഹം പറഞ്ഞു.[5]

ബാലനായ മൈക്കലാഞ്ചലോയെ, ഫ്ലോറൻസിലെ ഫ്രാൻസെസ്കോ ഡ ഉർബിനോ എന്ന മാനവികതാവാദിയുടെ(Humanist) അടുത്ത് പിതാവ് പ്രാരംഭവിദ്യാഭ്യാസത്തിനയച്ചു.[5][8][ഖ] എന്നാൽ കലാകാരനായ മൈക്കലാഞ്ചലോ സ്കൂൾ വിദ്യാഭ്യാസത്തിൽ താത്പര്യം കാട്ടിയില്ല. പള്ളികളിലെ ചിത്രങ്ങൾ പകർത്തിയും ചിത്രകാരന്മാരുടെ ചങ്ങാത്തം നേടിയുമാണ് അദ്ദേഹം സമയം പോക്കിയത്.[8] പതിമൂന്നാം വയസ്സിൽ മൈക്കലാഞ്ചലോ, ഡൊമിനിക്കോ ഘിർലാൻഡയോ എന്ന ചിത്രകാരന്റെ കീഴിൽ പരിശീലനത്തിനു ചേർന്നു.[1][9] പതിനാലുവയസ്സുമാത്രമുള്ള മൈക്കലാഞ്ചലോക്ക്, പരിശീലനകാലത്തുതന്നെ കലാകാരനെന്ന നിലയിൽ പ്രതിഫലം കൊടുക്കണമെന്ന പിതാവിന്റെ ആവശ്യം, ഘിർലാൻഡയോക്ക് സമ്മതിക്കേണ്ടിവന്നു. അക്കാലത്ത് അത് തീരെ പതിവില്ലാത്തതായിരുന്നു.[10] 1489-ൽ മെഡിസിയിലെ ലോറെൻസോ ഏറ്റവും നല്ല രണ്ടു ശിഷ്യന്മാരുടെ സേവനം വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ ഘിർലാൻഡയോ അയച്ചത് മൈക്കലാഞ്ചലോയെയും ഫ്രാൻസെസ്കോ ഗ്രനാച്ചിയേയും ആണ്.[11] മൈക്കെലാഞ്ചലോയുടെ പ്രതിഭ ബോദ്ധ്യമായ ലോറൻസോ മെഡിച്ചി അദ്ദേഹത്തിന്റെ തന്റെ വീട്ടിൽ താമസിപ്പിക്കുകയും ഒരു മകനോടെന്നപോലെ പെരുമാറുകയും ചെയ്തു. സന്തോഷകരമായ അക്കാലത്ത് അദ്ദേഹത്തിന് ഒരു തിക്താനുഭവവും ഉണ്ടായി. പിയെട്രോ ടോറിഗിയാനോയുമായുണ്ടായ വാഗ്വാദമായിരുന്നു അത്. അരിശം വന്ന പിയെട്രോയുടെ മുഷ്ടിപ്രയോഗത്തിൽ മൈക്കെലാഞ്ചലോയുടെ മൂക്കിന്റെ പാലം തകർന്നു. അവശേഷിച്ച ജീവിതകാലമത്രയും അദ്ദേഹം ആ കലഹത്തിന്റെ തെളിവ് മുഖത്ത് കൊണ്ടുനടന്നു.[12] 1490 മുതൽ 1492 വരെ മൈക്കലാഞ്ചലോ, നവപ്ലേറ്റോണിക മാതൃകയിൽ ലോറെൻസോ മെഡിച്ചി സ്ഥാപിച്ചിരുന്ന മാനവീയ അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു. ബെർട്ടോൾഡോ ദി ഗിയോവാന്നിയുടെ കീഴിൽ അദ്ദേഹം ശില്പവിദ്യയും അഭ്യസിച്ചു. അക്കാദമിയിൽ മൈക്കലാഞ്ചലോയുടെ വീക്ഷണവും കലയും അക്കാലത്തെ പ്രധാനചിന്താവ്യവസ്ഥകളുടേയും, മാർസിലിയൊ ഫിസിനോ, പിക്കോ ദെല്ലാ മിരാന്ദോല, അഞ്ചെലോ പോളിസിയാനോ തുടങ്ങിയ എഴുത്തുകാരുടേയും സ്വാധീനത്തിൽ വന്നു.[13] അക്കാലത്താണ് മൈക്കലാഞ്ചലോ പടികളിലെ മാതാവ്(Madonna of the Steps)(1490–1492) അശ്വമനുഷ്യരുടെ യുദ്ധം (Battle of the Centaurs)(1491–1492) തുടങ്ങിയ ശില്പങ്ങൾ തീർത്തത്. ഇവയിലെ രണ്ടാമത്തേത് പോളിസിയാനോ നിർദ്ദേശിച്ച വിഷയത്തെ ആധാരമാക്കി ലോറൻസോ മെഡിച്ചിക്കു വേണ്ടി നിർമ്മിച്ചതാണ്.[14]

യൗവനാരംഭം

[തിരുത്തുക]
ജാക്കോപിനോ ഡെൽ കണ്ടി(1510-98) വരച്ച മൈക്കെലാഞ്ചലോയുടെ ചിത്രം

1492 ഏപ്രിൽ 8-ന് ലോറെൻസോ മെഡിച്ചി മരിച്ചതിനെ തുടർന്ന് മൈക്കലാഞ്ചലോയുടെ ചുറ്റുപാടുകൾ മാറി.[15] മെഡിസിയുടെ കൊട്ടാരത്തിലെ സുരക്ഷവിട്ട് അദ്ദേഹം പിതാവിന്റെ വീട്ടിലേക്കു മടങ്ങി. തുടർന്നുവന്ന മാസങ്ങളിൽ ഫ്ലോറൻസിലെ പരിശുദ്ധാത്മാവിന്റെ പള്ളിയിലെ പ്രിയോറിന് സമ്മാനിക്കാനായി, അദ്ദേഹം തടിയിൽ ഒരു ക്രൂശിതരൂപം കൊത്തിയുണ്ടാക്കി. മനുഷ്യശരീരഘടനയുടെ പഠനത്തിനു പള്ളിയുടെ കീഴിലുള്ള ആസ്പത്രിയിലെ ശവങ്ങൾ ഉപയോഗിക്കാൻ പ്രിയോർ മൈക്കലാഞ്ചലോയെ അനുവദിച്ചിരുന്നു.[16] 1493-നും 1494-നും ഇടക്ക് ഹെർക്കുലീസിന്റെ ഒരു ബൃഹദ്കായപ്രതിമക്കുവേണ്ടിയുള്ള മാർബിൾപ്പാളി അദ്ദേഹം വാങ്ങി. നിർമ്മാണത്തിനുശേഷം ഫ്രാൻസിലേക്കയച്ച ആ പ്രതിമ, ക്രി.വ. 1700-നടുത്ത് അപ്രത്യക്ഷമാവുകയാണുണ്ടായത്.[14][c] 1494 ജനുവരി 20-ന് കനത്ത ഹിമപാതമുണ്ടായപ്പോൾ ലോറൻസോയുടെ പിൻഗാമിയായ പിയെറൊ ദി മെഡിച്ചി ഒരു ഹിമപ്രതിമയുണ്ടാക്കുന്ന പണിയേൽപ്പിച്ചതോടെ മൈക്കലാഞ്ചലോ മെഡിച്ചികളുടെ കീഴിലുള്ള ഉദ്യോഗത്തിൽ വീണ്ടും പ്രവേശിച്ചു.

അതേവർഷം തന്നെ സവനരോളയുടെ ഉയർച്ചയെ തുടർന്ന് മെഡിച്ചിമാർ ഫ്ലോറൻസിൽ നിന്ന് ബഹിഷ്കൃതരായി. അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കോളിളക്കങ്ങൾ അവസാനിക്കുന്നതിനുമുൻപേ ഫ്ലോറൻസുവിട്ട മൈക്കലാഞ്ചലോ, ആദ്യം വെനീസിലേക്കും തുടർന്ന് ബൊളോഞ്ഞായിലേക്കും പോയി.[15] ബൊളോഞ്ഞായിൽ നിർമ്മിച്ചുകൊണ്ടിരുന്ന വിശുദ്ധ ഡോമിനിക്കിന്റെ ദേവാലയത്തിലെ അവസാനത്തെ കൊത്തുരൂപങ്ങളുടെ ചുമതല അദ്ദേഹത്തിനുകിട്ടി. 1494 അവസാനമായപ്പോൾ, ഫ്ലോറൻസിലെ രാഷ്ട്രീയസാഹചര്യങ്ങൾ തണുത്തു. നേരത്തേ ഫ്രഞ്ച് ആക്രമണത്തിന്റെ ഭീഷണിയെ നേരിട്ടിരുന്ന ഫ്ലോറൻസിന്, ഫ്രാൻസിലെ ചാൾസ് എട്ടാമൻ രാജാവിന് തുടരെ തുടരെയായുണ്ടായ സൈനികപരാജയങ്ങൾ മൂലം ഭീഷണി ഇല്ലാതായി. ഫ്ലോറൻസിലേക്ക് മടങ്ങിയ മൈക്കലാഞ്ചലോയെ സവൊനരോളയുടെ പുതിയ ഭരണം ജോലിയൊന്നും ഏല്പിച്ചില്ല. അദ്ദേഹം മെഡിച്ചിമാരുടെ സേവനത്തിലേക്ക് മടങ്ങി.[17] ഫ്ലോറൻസിൽ കഴിഞ്ഞ ആറുമാസക്കാലം മൈക്കെലാഞ്ചലോ രണ്ടുചെറിയ ശില്പങ്ങളുടെ പണിയിൽ ഏർപ്പെട്ടു. ശിശുവായ സ്നാപകയോഹന്നാന്റേയും ഉറങ്ങുന്ന പ്രേമദേവന്റേയും(Sleeping Cupid) ശില്പങ്ങളായിരുന്നു അവ. കോൺഡിവി പറയുന്നത്, സ്നാപകയോഹന്നാന്റെ ശില്പം ഏർപ്പാടാക്കിയ പിയേർഫ്രാൻസെസ്കോ മെഡിസി, അതിന് മണ്ണിനടിയിൽ നിന്ന് കുഴിച്ചെടുത്തതുപോലെയുള്ള രൂപം നൽകാൻ ആവശ്യപ്പെട്ടെന്നാണ്. അതിനെ ഒരു പുരാതനശില്പമെന്നമട്ടിൽ റോമിൽ, കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്‌ഷ്യം. എന്നാൽ മെഡിസിയേയും മൈക്കൽ അഞ്ചലോയേയും ഇക്കാര്യത്തിൽ ഒരിടനിലക്കാരൻ വഞ്ചിച്ചു. ശില്പം വിലക്കുവാങ്ങിയ കർദ്ദിനാൾ റഫേലാ റിയാരിയോക്ക് തട്ടിപ്പ് മനസ്സിലായെങ്കിലും ശില്പത്തിന്റെ കലാഗുണം അംഗീകരിച്ച അദ്ദേഹം നിർമ്മാതാവിനെ റോമിലേക്കു ക്ഷണിച്ചു.[18] തന്റെ ശില്പം അന്യനാട്ടിൽ വിറ്റഴിക്കാനായതിന്റെ സന്തോഷവും ഫ്ലോറൻസിലെ യാഥാസ്ഥിതികസാഹചര്യങ്ങളും റോമിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ മൈക്കലാഞ്ചലോയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.[17]

സൃഷ്ടികൾ

[തിരുത്തുക]

ബാക്കസ്

[തിരുത്തുക]

1496 ജൂൺ മാസം ഇരുപത്തിയഞ്ചാം തിയതി, 21 വയസ്സുള്ളപ്പോൾ മൈക്കെലാഞ്ചലോ റോമിലെത്തി.[19] അതേവർഷം ജൂലൈ 4-ന്, കർദ്ദിനാൾ റഫേലോ റിയാറിയോയുടെ നിയോഗപ്രകാരം അദ്ദേഹം റോമൻ സങ്കല്പത്തിലെ വീഞ്ഞിന്റെ ദേവനായ ബാക്കസിന്റെ ബൃഹദ്കായപ്രതിമ നിർമ്മിക്കാൻ തുടങ്ങി. വീഞ്ഞിന്റെ ദേവനെ ഉന്മത്തനായ അവസ്ഥയിലും ഉടലിനൊത്ത വലിപ്പമില്ലാത്ത തലയോടുകൂടിയുമാണ് മൈക്കെലാഞ്ചലോ സൃഷ്ടിച്ചത്. സ്ത്രീപുരുഷഭാവങ്ങൾ ചേർന്നതെങ്കിലും ഉടൽ സുന്ദരമായിരുന്നു. നിർമ്മാണം പൂർത്തിയായ ശില്പം കർദ്ദിനാളിനു സ്വീകാര്യമായില്ല. ഒടുവിൽ ബാങ്ക് ഇടപാടുകാരനായ ജാകോപ്പോ ഗാലിയുടെ കൈവശം ചെന്നുചേർന്ന അത് അദ്ദേഹത്തിന്റെ ഉദ്യാനത്തെ അലങ്കരിച്ചു. ഇപ്പോൾ ഈ ശില്പം ഫ്ലോറൻസിലെ ബാർഗെല്ലോ മ്യൂസിയത്തിലാണ്.[12]

പ്യേത്താ

[തിരുത്തുക]
മൈക്കലാഞ്ചലോയുടെ പ്യേത്താ - കുരിശിൽ നിന്നിറക്കിയ യേശുവിന്റെ മൃതശരീരത്തെ അമ്മ മറിയം മടിയിൽ കിടത്തിയിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ ശില്പം 1499-ൽ കൊത്തിയുണ്ടാക്കിയതാണ്. അത് നിർമ്മിക്കുമ്പോൾ മൈക്കലാഞ്ചലോക്ക് 24 വയസ്സേ ഉണ്ടായിരുന്നുള്ളു.

1497 നവംബർ മാസം വത്തിക്കാനിലെ ഫ്രഞ്ച് സ്ഥാനപതി മൈക്കലാഞ്ചലോക്ക് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത സൃഷ്ടികളിലൊന്നായ പ്യേത്തായുടെ നിയോഗം നൽകി. അടുത്തവർഷം ആഗസ്റ്റിലാണ് അതിനുള്ള ഉടമ്പടിയിൽ എത്തിച്ചേർന്നത്. 450 'ഡക്കറ്റ്' പ്രതിഫലത്തിന് ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. ഇപ്പോൾ റോമിലെ പത്രോസിന്റെ ബസിലിക്കായിലുള്ള ഈ ശില്പത്തിലും ചില കുറവുകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് മാതാവിന്റെ വസ്ത്രാലങ്കാരത്തിലെ ധാരാളിത്തമാണ്. അവരുടെ തല ചെറുതാണ്. മടിയിൽ കിടക്കുന്ന മകനേക്കാൾ പ്രായക്കുറവാണ് അവരുടെ മുഖത്ത് കാണുന്നത്. നിത്യകന്യകയായ മറിയം ദൈവപരിപാലനയാൽ നിത്യയൗവനം നിലനിർത്തിയിരുന്നുവെന്നാണ് ഈ വിമർശനത്തിന് മൈക്കെലാഞ്ചലോ കൊടുത്ത മറുപടി.[12]

കുറുവുകൾ ചൂണ്ടിക്കാട്ടാനായേക്കുമെങ്കിലും മൊത്തത്തിലെടുത്താൽ അസാമാന്യശക്തിയുള്ളൊരു ശില്പമായി പിയെത്താ പരിഗണിക്കപ്പെട്ടുവരുന്നു. അക്കാലത്ത് അത് "ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം" എന്ന് വിലയിരുത്തപ്പെട്ടു. അതിനുലഭിച്ച പുകഴ്ചയെ മൈക്കെലാഞ്ചലോയുടെ ജീവചരിത്രകാരൻ വസാരി ഇങ്ങനെ സംക്ഷേപിച്ചിരിക്കുന്നു: "രൂപരഹിതമായ ഒരു ശിലാഖണ്ഡത്തെ മാംസരൂപത്തിൽ പ്രകൃതിക്ക് എത്തിച്ചേരാനാകാത്ത പൂർണ്ണതയാക്കി മാറ്റുകയെന്നത് തീർച്ചയായും അതിശയകരമായിരുന്നു."

ദാവീദ്

[തിരുത്തുക]
The 1504-ൽ പൂർത്തിയായ മൈക്കെൽ ആഞ്ചലോയുടെ ദാവീദ്, നവോത്ഥാനകാലത്തെ ഏറ്റവും പ്രസിദ്ധമായ ശില്പങ്ങളിലൊന്നാണ്.


1499–1501 കാലത്ത് മൈക്കാലാഞ്ചലോ ഫ്ലോറൻസിലേക്കു മടങ്ങി. നവോത്ഥാനവിരുദ്ധ പുരോഹിതനായിരുന്ന സവൊനരോളയുടെ പതനത്തിനും 1498-ലെ വധത്തിനും ശേഷം ഫ്ലോറൻസിലെ സ്ഥിതിഗതികൾ മാറിയിരുന്നു. അവിടത്തെ കമ്പിളിവ്യാപാരസമിതി, പുതിയ ഭരണാധികാരി പിയേർ സോർഡെരിനിയോട്, 40 വർഷം മുൻപ് അഗസ്റ്റിനോ ഡി ദുസ്സിയോ തുടങ്ങിവച്ച ഒരു പദ്ധതി പൂർത്തിയാക്കിയെടുക്കാൻ ആവശ്യപ്പെട്ടു: ഫ്ലോറൻസിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി സ്ഥാപിക്കാൻ ഒരു കൂറ്റൻ പ്രതിമക്കുള്ള പദ്ധതിയായിരുന്നു അത്. 1501 ആഗസ്റ്റ് മാസം മൈക്കെലാഞ്ചലോ തന്റെ ഏറ്റവും പ്രസിദ്ധമായ സൃഷ്ടി, ദാവീദിന്റെ പ്രതിമയുടെ നിർമ്മാണത്തിനുള്ള ഉടമ്പടിയിൽ ഒപ്പുവച്ചു. മാസം ആറുസ്വർണ്ണനാണയങ്ങൾ(ഫ്ലോറിൻസ്) പ്രതിഫലമായി വങ്ങി രണ്ടുവർഷം കൊണ്ട് പ്രതിമ പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. പൂർത്തിയായിക്കഴിഞ്ഞ് കൂടുതൽ പ്രതിഫലം അർഹിക്കുന്നതെന്ന് തോന്നിയാൽ നഗരാധികാരികൾ മന:സാക്ഷിക്കനുസരിച്ച് വേണ്ടത് കൊടുക്കും എന്നും ഉടമ്പടിയിൽ ഉണ്ടായിരുന്നു. ഒടുവിൽ ഈ ശില്പത്തിന് മൈക്കെലാഞ്ചലോക്ക് കിട്ടിയ മൊത്തം പ്രതിഫലം 400 സ്വർണ്ണനാണയങ്ങൾ ആയിരുന്നു.

നേരത്തേയൊരാൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്ന, പതിമൂന്നരയടി നീളമുള്ള രൂപരഹിതമായൊരു മാർബിൾഖണ്ഡത്തിൽ തീർത്ത ഈ നായകശില്പം, അസാമാന്യമായ സാങ്കേതികവൈദഗ്ദ്ധ്യവും ഭാവനാസമ്പന്നതയും കൊണ്ട് അനുഗൃഹീതനായ ഒരു ശില്പി എന്ന നിലയിൽ മൈക്കലാഞ്ചലോയുടെ സ്ഥാനം ഉറപ്പിച്ചു. 1504-ൽ പണിതീർന്ന ശില്പം ശില്പശാലയിൽ നിന്ന് അത് സ്ഥാപിക്കാനായി മൈക്കെലാഞ്ചലോ തെരഞ്ഞെടുത്ത സ്ഥലത്തെത്തിച്ചത്, നാല്പതുമനുഷ്യർ നാലുദിവസം അദ്ധ്വാനിച്ചാണ്. അതിനെ ഉയർത്തി സ്ഥാപിക്കാൻ പിന്നെയും ഇരുപത്തിയൊന്നുദിവസം വേണ്ടിവന്നു. 369 വർഷം തുറസ്സായ സ്ഥലത്ത് നിന്ന് മങ്ങലേക്കാൻ തുടങ്ങിയ ശില്പം 1873-ൽ ഫ്ലോറൻസിലെ കലാഅക്കാദമിയിലേക്ക് മാറ്റപ്പെട്ടു.[12]

ശില്പത്തിന്റെ മൂക്കിന് നീളം കൂടിപ്പോയെന്ന് ഫ്ലോറൻസിലെ ഗണതന്ത്രനേതാവായിരുന്ന പിയെറോ സോഡറീനിയുടെ വിമർശനത്തോട് ശില്പി പ്രതികരിച്ചതിനെക്കുറിച്ച് രസകരമായൊരു കഥ ജീവചരിത്രകാരനായ വസാറി പറയുന്നുണ്ട്. സോഡറീനി നോക്കി നിൽക്കെ, ഒരു കയ്യിൽ ഒളിച്ചുവച്ച കുറെ മാർബിൾ പൊടിയും മറുകയ്യിൽ ഉളിയും ആയി മൈക്കെലാഞ്ചലോ ഏണികയറി ശിലപത്തിന്റെ മുഖത്തിനടുത്തെത്തി. ഉളികൊണ്ട്, മൂക്ക് ചെത്തിമിനുക്കുകയാണെന്ന് ഭാവിച്ചതിനോപ്പം അദ്ദേഹം കയ്യിൽ ഒളിച്ചുവച്ചിരുന്ന മാർബിൾ പോടി ഇടക്കിടെ താഴേക്കു വീഴ്ത്തുകയും ചെയ്തു. ഒടുവിൽ മൂക്ക് ശരിയായെന്ന് സോഡറീനി സമ്മതിച്ചുവത്രെ.

മൈക്കെലാഞ്ചലോ തിരുക്കുടുംബവും സ്നാപകയോഹന്നാനും എന്ന ചിത്രം രചിച്ചതും ഇക്കാലത്തുതന്നെയാണ്. ആ ചിത്രം ഡോണി ടോഡോ എന്നും ട്രിബ്യൂണിലെ തിരുക്കുടുംബം എന്നും അറിയപ്പെടുന്നു: എഞ്ചലാ ഡോണിയുടേയും മദ്ദാലേന സ്ട്രോസിയുടേയും വിവാഹത്തോടനുബന്ധിച്ച് രചിക്കപ്പെട്ടതാണത്. ഇറ്റലിയിലെ ഉഫീസി പ്രദർശനശാലയിൽ ട്രിബ്യൂൺ എന്നറിയപ്പെട്ടിരുന്ന മുറിയിലാണ് പതിനേഴാം നൂറ്റാണ്ടിൽ അത് സൂക്ഷിക്കപ്പെട്ടിരുന്നത്. മാതാവിനേയും ഉണ്ണിയേശുവിനേയും, സ്നാപകയോയോഹന്നാനോടൊപ്പം ചിത്രീകരിച്ചിട്ടുള്ളതും ഇപ്പോൾ ലണ്ടണിലെ ദേശീയ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്നതുമായ മാഞ്ചസ്റ്ററിലെ മാതാവ് എന്ന ചിത്രവും, മൈക്കെലാഞ്ചലോ ഇക്കാലത്ത് വരച്ചതാകാം.

ജൂലിയസ് രണ്ടാമന്റെ കീഴിൽ

[തിരുത്തുക]

ശവകൂടീരം, "പിസായിലെ യുദ്ധം"

[തിരുത്തുക]

1505-ൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മാർപ്പാപ്പ, ജൂലിയസ് മൂന്നാമൻ മൈക്കെലാഞ്ചലോയെ റോമിലേക്ക് തിരികെ ക്ഷണിച്ചു. മാർപ്പാപ്പയുടെ ശവകുടീരം പണിയാൻ അദ്ദേഹത്തിന് ചുമതല കിട്ടി. റോമിലെ "ചങ്ങലക്കിട്ട പത്രോസിന്റെ" ദേവാലയത്തിലാണ് ആ ശവകുടീരം. അതിന്റെ പ്രധാന ആകർഷണം മോശെയുടെ പ്രതിമയാണ്. അത് പൂർത്തിയായത് പിൽക്കാലത്ത്, 40 വർഷത്തിനുശേഷം മൈക്കെലാഞ്ചലോക്കു തൃപ്തിയാകാത്ത വിധമാണ്. ശവകുടീരത്തിന്റെ പണിക്കുവേണ്ട ഒരുക്കങ്ങൾ ചെയ്തുകഴിഞ്ഞപ്പോൾ, റോമിലെ എതിരാളികളുടെ ഉപജാപങ്ങളും മറ്റും മൂലം മാർപ്പാപ്പക്ക് അതിൽ താത്പര്യം കുറഞ്ഞതാണ് കാരണം. മാർപ്പാപ്പയെ കാണാൻ 1506-ലെ പീഡാനുഭവ ആഴ്ചയിൽ പലവട്ടം ശ്രമിച്ച് പരാജയപ്പെട്ട മൈക്കെലാഞ്ചലോ അദ്ദേഹത്തിന് ഇങ്ങനെ എഴുതി:-

ഉടൻ റോം വിട്ടുപോയ മൈക്കെലാഞ്ചലോ മാർപ്പാപ്പ ആവശ്യപ്പെട്ടിട്ടും തിരികെചെല്ലാൻ വിസമ്മതിച്ചു. ഫ്ലോറൻസിൽ കഴിഞ്ഞ ഇക്കാലത്ത് അദ്ദേഹം "പിസായിലെ യുദ്ധം" എന്ന രേഖാചിത്രസമുച്ചയും വരച്ചു. ഏറെ പുകഴ്ത്തപ്പെട്ട ഇത് ചിത്രമായി വികസിക്കപ്പെട്ടില്ല. ഇന്ന് അതിന്റെ ചിലഭാഗങ്ങളുടെ പകർപ്പുകൾ മാത്രമാണ് ലഭ്യമായുള്ളത്.

പീരങ്കിയായിത്തീർന്ന പ്രതിമ

[തിരുത്തുക]

താമസിയാതെ മൈക്കെലാഞ്ചലോക്ക് ജൂലിയസ് മാർപ്പാപ്പയെ അനുസരിച്ച് അക്കാലത്ത് അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ വന്ന ബൊളോഞ്ഞയിലേക്ക് പോകേണ്ടി വന്നു. അവിടെ തന്റെ തന്നെ ഒരു കൂറ്റൻ ഓട്ടുപ്രതിമയുടെ നിർമ്മാണത്തിനുള്ള നിയോഗമാണ് ഇത്തവണ മാർപ്പാപ്പ മൈക്കെലാഞ്ചലോക്ക് നൽകിയത്. 1508-ൽ പ്രതിമ പൂർത്തിയായി. എന്നാൽ അതിന് മൂന്നുവർഷത്തെ ആയുസ്സേ ഉണ്ടായുള്ളു. 1511-ൽ ബൊളോഞ്ഞ പിടിച്ചെടുത്ത കലാപകാരികൾ പ്രതിമ ഉരുക്കി ഒരു പീരങ്കി ഉണ്ടാക്കി. അവർ പീരങ്കിക്ക് ജൂലിയ എന്നാണ് പേരിട്ടത്.[12][20]

സിസ്റ്റൈൻ ചാപ്പൽ മച്ച്

[തിരുത്തുക]
സിസ്റ്റൈൻ ചാപ്പലിന്റെ മച്ച് വരച്ചത് മൈക്കെലാഞ്ചലോയാണ്. 1508 മുതൽ 1512 വരെയുള്ള നാലുവർഷം കൊണ്ടാണ് അത് പൂർത്തിയാക്കിയത്

ഇതിനിടെ മൈക്കെലാഞ്ചലോക്ക്, റോമിൽ സിക്സ്റ്റസ് നാലാമൻ മാർപ്പാപ്പയുടെ പേരിലുള്ള സിസ്റ്റൈൻ ചാപ്പലിന്റെ മച്ച് വരക്കുന്ന ജോലി ജൂലിയസ് മാർപ്പാപ്പയുടെ നിർബ്ബന്ധത്തിനുവഴങ്ങി ഏറ്റെടുക്കേണ്ടിവന്നു. തറയിൽ നിന്ന് 68 അടി ഉയരത്തിലുള്ള മച്ചിൽ ജോലി ചെയ്യുന്നത് എളപ്പമല്ലായിരുന്നു. താൻ ചിത്രകാരനല്ല ശില്പിയാണെന്നും ഈ ജോലി റാഫേലിനെയോ മറ്റോ ഏല്പ്പിക്കണമെന്നുമൊക്കെ മൈക്കെലാഞ്ചലോ പറഞ്ഞെങ്കിലും മാർപ്പാപ്പാ വഴങ്ങിയില്ല. 3000 ഡുക്കാറ്റ് അദ്ദേഹം പ്രതിഫലമായി വാഗ്ദാനം ചെയ്തു. പരിചയമില്ലാതിരുന്ന ഒരു മാധ്യമത്തിലുള്ള ഈ ജോലിക്ക് തന്നെ നിയോഗിക്കാൻ മാർപ്പാപ്പയെ സ്വാധീനിച്ചത്, നിർമ്മാതാവായ ബ്രമാണ്ടേയും ചിത്രകാരനായ റാഫേലും ആയിരുന്നുവെന്ന് മൈക്കെലാഞ്ചലോ കരുതി. നിയോഗം തൃപ്തികരമായി പൂർത്തിയാക്കാൻ മൈക്കെലാഞ്ചലോക്കാവില്ലെന്നും, ചുവർചിത്രകലയിലെ അതികായനായി അക്കാലത്ത് എണ്ണപ്പെട്ടിരുന്ന റാഫേലുമായുള്ള താരതമ്യം മൈക്കെലാഞ്ചലോക്ക് ദോഷകരമാകുമെന്നും അവർ കരുതിയതത്രെ. എന്നാൽ അക്കാലത്തെ തന്നെ രേഖകളെ വിലയിരുത്തിയ ആധുനികചരിത്രകാരന്മാർ ഈ കഥ തള്ളിക്കളയുന്നു. മൈക്കെലാഞ്ചലോയുടെ വീക്ഷണകോണിന്റെ പ്രതിഫലനം മാത്രമാകാമിതെന്നാണ് അവരുടെ മതം.

ചപ്പലിന്റെ 12,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മച്ച് അളന്നു തിരിച്ച് മൈക്കെലാഞ്ചലോ ജോലി തുടങ്ങി. അദ്ദേഹത്തിനു കിട്ടിയ നിയോഗം മച്ചിൽ, യേശുവിന്റെ അപ്പസ്തോലന്മാരെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പശ്ചാത്തലമാക്കി വരക്കാനായിരുന്നു. എന്നാൽ വ്യത്യസ്തവും കൂടുതൽ സങ്കീർണവുമായ ഒരു പദ്ധതി വേണമെന്ന് അദ്ദേഹം വാദിച്ചു. സൃഷ്ടിയുടെ കഥ, പാപം മൂലം മനുഷ്യനുവന്ന പതനം, പ്രവാചകന്മാരിലൂടെ കിട്ടിയ ദൈവികരക്ഷയുടെ വാഗ്ദാനം, അതിന്റെ പൂർത്തീകരണത്തെ സൂചിപ്പിക്കുന്ന യേശുവിന്റെ വംശാവലി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതിയിൽ ഉണ്ടായിരുന്നത്. റോമൻ കത്തോലിക്കാസഭയുടെ വിശ്വാസംഹിതയെ പ്രതിഫലിപ്പിക്കും വിധം ചാപ്പലിനകത്താകെയുള്ള ചിത്രാലങ്കാരസമുച്ചയത്തിന്റെ ഭാഗമായാണ് ഇവ വിഭാവന ചെയ്യപ്പെട്ടത്.

ആദത്തിന്റെ സൃഷ്ടി - സിസ്റ്റൈൻ ചാപ്പലിന്റ മച്ചിൽ മൈക്കെലാഞ്ചലോ വരച്ച ചിത്രം
ഹവ്വയുടെ സൃഷ്ടി മൈക്കലാഞ്ചലോയുടെ ഭാവനയിൽ

മച്ചിലെ വരയിൽ ഒടുവിൽ 343 രൂപങ്ങൾ ഉണ്ടായി. ഉല്പത്തി പുസ്തകത്തിലെ സംഭവങ്ങളുടെ മൂന്നുകൂട്ടമായി തിരിക്കപ്പെട്ട ഒൻപത് ചിത്രങ്ങളായിരുന്നു രചനയുടെ കേന്ദം: ദൈവം ലോകത്തെ സൃഷ്ടിക്കുന്നത്; മനുഷ്യന്റെ സൃഷ്ടിയും ദൈവപ്രസാദത്തിൽ നിന്നുള്ള പതനവും; നോഹയുടേയും കുടുംബത്തിന്റേയും അവസ്ഥയിൽ പ്രകടമായ മനുഷ്യാവസ്ഥ എന്നിവയായിരുന്നു അവ. മച്ചിനെ താങ്ങിനിർത്തിയ കമാനങ്ങളിൽ യേശുവിന്റെ അവതാരം പ്രവചിച്ചുവെന്ന് കരുതപ്പെടുന്ന പന്ത്രണ്ട് മനുഷ്യരുടെ രൂപങ്ങൾ വരച്ചുചേർത്തു. ഇസ്രായേലിലെ ഏഴുപ്രവാചകന്മാരുടേയും പൗരാണികലോകത്തിലെ അഞ്ചു സിബിലിയ പ്രവാചികമാരുടേയും ചിത്രങ്ങളായിരുന്നു അവ.

മച്ചിലെ ചിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായവ ആദത്തിന്റെ സൃഷ്ടി, ഏദേൻ തോട്ടത്തിലെ ആദവും ഹവ്വയും, മഹാപ്രളയം, ഏശയ്യാ പ്രവാചകൻ, ക്യൂമേയൻ സിബിൽ തുടങ്ങിയവയാണ്. ജനാലകൾക്കുചുറ്റം യേശുവിന്റെ പുർവികന്മാരെ വരച്ചുചേർത്തു.

ആദ്യം നിലത്തുവച്ച് കാർട്ടൂണുകളായി വരച്ചെടുത്ത രൂപങ്ങൾ പുതുതായി പ്ലാസ്റ്റർ തേച്ച മച്ചിൽ പതിച്ച്, വരകളിലൂടെ തുളച്ച് ചിത്രത്തിന്റെ രൂപരേഖ മച്ചിൽ പതിക്കുകയായിരുന്നു. തുടർന്ന് കാർട്ടുണുകൾ പൊളിച്ചുമാറ്റിയിട്ട്, മച്ചിൽ പകർന്നുകിട്ടിയ രൂപരേഖയെ നിറവും വിശദാംശങ്ങളും ചേർത്ത് വികസിപ്പിച്ചെടുത്തു. സഹായികളായി നിയോഗിച്ച അഞ്ചുപേരുമായി ചേർന്നുപോവുക മൈക്കെലാഞ്ചലോയുടെ പ്രതിഭക്കും സ്വഭാവത്തിനും ബുദ്ധിമുട്ടായിരുന്നെവെന്നതും പ്രശ്നമുണ്ടാക്കി. ഒടുവിൽ അവരെ പിരിച്ചുവിട്ട് അദ്ദേഹം ഒറ്റക്കാണ് ജോലിചെയ്തത്. വര തീർന്നുകാണാൻ തിടുക്കം കാട്ടിയ മാർപ്പാപ്പയുടെ അക്ഷമയായിരുന്നു മറ്റൊരു പ്രശ്നം. "എപ്പോൾ പൂർത്തിയാകും" എന്ന മാർപ്പാപ്പയുടെ ചോദ്യത്തിന്, "ചിത്രങ്ങൾ കലാപരമായ തികവിലെത്തിയെന്ന് എനിക്ക് ബോദ്ധ്യമാകുമ്പോൾ" എന്നായിരുന്നു മൈക്കെലാഞ്ചലോയുടെ മറുപടി. പണിക്കുവേണ്ടി കെട്ടിയുണ്ടാക്കിയ തടിക്കൂട്ടിൽ നിന്ന് മൈക്കെലാഞ്ചലോയെ താഴേക്കെറിയും എന്ന് മാർപ്പാപ്പ ഭീഷണിപ്പെടുത്തുകപോലും ചെയ്തെന്ന് വസാരി പറയുന്നു. ചിത്രങ്ങൾ അനാവരണം ചെയ്തപ്പോൾ, അവയെ സ്വർണ്ണം കൊണ്ടുള്ള വരകളും കൂടി ചേർത്ത് മോടിപിടിപ്പിക്കണമെന്ന് മാർപ്പാപ്പ പറഞ്ഞെങ്കിലും മൈക്കെലാഞ്ചലോ സമ്മതിച്ചില്ല. പ്രവാചകൻമാർക്കും പുണ്യവാന്മാർക്കും അത്തരം മോടികൾ ചേരുകയില്ല എന്ന് അദ്ദേഹം വാദിച്ചു.[12]

മച്ച് പൂർത്തിയാകാൻ 1508 മേയ് മുതൽ 1512 ഒക്ടോബർ വരെയുള്ള നാലര വർഷത്തോളമെടുത്തു. ചിത്രരചനയുടെ ചരിത്രത്തിൽ ഒരുവ്യക്തിയുടെ മാത്രം നേട്ടമായി ഈ രചനാസമുച്ചയത്തെ വെല്ലുന്ന മറ്റൊന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[12]

മെഡിച്ചി മാർപ്പാപ്പമാരുടെ കീഴിൽ ഫ്ലോറൻസിൽ

[തിരുത്തുക]
മൈക്കെലാഞ്ചലോയുടെ മോശെ - പാർശ്വങ്ങളിൽ ഇസ്രായേൽ ഗോത്രങ്ങളുടെ മാതാക്കളായ റാഹേലും ലെയ്യായുമാണ്.

1513-ൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ മരണത്തെ തുടർന്ന് അധികാരമേറ്റ പത്താം ലിയോ മാർപ്പാപ്പ ഫ്ലോറൻസിലെ മെഡിച്ചി കുടുംബത്തിൽപെട്ട ആളായിരുന്നു. അദ്ദേഹം ഫ്ലോറൻസിലെ വിശുദ്ധ ലോറൻസിന്റെ ബസിലിക്കായുടെ പൂമുഖം പുതുക്കിപ്പണിയാനും അതിനെ ശില്പങ്ങൾ കൊണ്ടലങ്കരിക്കാനും മൈക്കെലാഞ്ചലോയെ നിയോഗിച്ചു. മൈക്കെലാഞ്ചലോ മനസ്സില്ലാതെയാണെങ്കിലും സമ്മതിച്ചു. എന്നാൽ സാമ്പത്തികഞെരുക്കത്തിലായ മെഡിച്ചിമാർ പദ്ധതി ഇടക്കുവച്ച് ഉപേക്ഷിച്ചതുമൂലം, പൂമുഖത്തിനുവേണ്ട പ്ലാനുകളും മാതൃകകളും രൂപപ്പെടുത്തുന്നതിലും ഈ പദ്ധതിക്കുവേണ്ടി മാത്രമായി പിയേട്രാസാന്ത്രായിൽ ഒരു വെണ്ണക്കൽഖനി തുറക്കുന്നതിലും ചെലവഴിച്ച മൂന്നുവർഷങ്ങൾ മൈക്കെലാഞ്ചലോയുടെ കലാജീവിതത്തിലെ ഏറ്റവും കൈപ്പുനിറഞ്ഞവയായി. ആ ബസിലിക്കാ ഇപ്പോഴും പൂമുഖമില്ലാതെ തന്നെയിരിക്കുന്നു.

ഈ പരിണാമത്തിൽ മനസ്സുമടുക്കാതെ, മെഡിച്ചി മറ്റൊരു ബൃഹദ്പദ്ധതിയുമായി മൈക്കെല്ലാഞ്ചലോയെ സമീപിച്ചു. വിശുദ്ധ ലോറൻസിന്റെ ദേവാലയത്തിൽതന്നെ ഒരു കുടുംബശ്മശാനമാണ് ഇത്തവണ അദ്ദേഹം പദ്ധതിയിട്ടത്. 1520-കളിലും 1530-കളിലും മൈക്കെലാഞ്ചലോയുടെ സമയമത്രയും അപഹരിച്ച ഈ പദ്ധതി, ഭാഗ്യത്തിന് പൂർത്തീകരണത്തിനടുത്തെത്തി. അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു. മുഴുവൻ പൂർത്തിയാകാത്തതാണെങ്കിലും, മൈക്കെലാഞ്ചലോയുടെ ശില്പ-നിർമ്മാണ സങ്കല്പങ്ങളുടെ ഒത്തുചേരലിന് ഏറ്റവും നല്ല ഉദാഹരണമായി അത് നിലനിൽക്കുന്നു. ശ്മശാനത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടു കല്ലറകൾ, ചെറുപ്രായത്തിൽ ഏറെ പ്രാധാന്യം കൈവരിക്കാതെ മരിച്ച രണ്ടു മെഡിച്ചിമാരുടേതാണെന്നത് രസകരമാണ്. ലോറൻസോയുടെ ഒരു മകനും പേരക്കിടാവുമായിരുന്നു അവർ. ലോറൻസോയെ തന്നെ സംസ്കരിച്ചിരിക്കുന്നത്, ചാപ്പലിന്റെ പാർശ്വഭിത്തികളിലൊന്നിൽ പൂർത്തീകരിക്കപ്പെടാത്തതും ഏറെ ശ്രദ്ധേയമല്ലാത്തതുമായ ഒരു കല്ലറയിലാണ്. ആദ്യം ഉദ്ദേശിച്ചിരുന്നതുപോലെ, അദ്ദേഹത്തിനായി പ്രത്യേകം സ്മാരകങ്ങളൊന്നും നിർമ്മിക്കാനുമായില്ല.

1527-ൽ ഫ്ലോറൻസിലെ പൗരന്മാർ മെഡിച്ചിമാരെ അധികാരഭ്രഷ്ടരാക്കി ഗണതന്ത്രം പുനസ്ഥാപിച്ചതിനെ തുടർന്ന് നഗരം ഉപരോധത്തിലായപ്പോൾ മെഡിച്ചിമാരുടെ ഏകാധിപത്യത്തെ വെറുത്തിരുന്ന മൈക്കെലാഞ്ചലോ ഗണതന്ത്രഫ്ലോറൻസിന്റെ രക്ഷക്കെത്തി. അടുത്ത രണ്ടുവർഷം, നഗരത്തിന്റെ കോട്ടകളെ ശക്തിപ്പെടുത്തി അതിന്റെ പ്രതിരോധം ഭദ്രമാക്കുന്നതിൽ അദ്ദേഹം സഹായിച്ചു. എന്നാൽ 1530-ൽ ഗണതന്ത്രവാദികൾ പരാജയപ്പെടുകയും മെഡിച്ചിമാർ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. മെഡിച്ചിമാരോട് അകല്ച്ചയിലായ മൈക്കെലാഞ്ചലോ, 1530-കളുടെ മദ്ധ്യത്തിൽ എന്നെന്നേക്കുമായി ഫ്ലോറൻസ് വിട്ടുപോവുകയും മെഡിച്ചിമാരുടെ ശ്മശാനദേവാലയത്തിന്റെ അവശേഷിച്ച നിർമ്മാണജോലി തന്റെ സഹായികളെ ഏല്പ്പിക്കുകയും ചെയ്തു.

റോമിലെ അവസാന സൃഷ്ടികൾ

[തിരുത്തുക]

അന്ത്യവിധി

[തിരുത്തുക]
സിസ്റ്റൈൻ ചാപ്പലിന്റെ ചുവരിലെ അന്ത്യവിധിയുടെ ചിത്രം

സിസ്റ്റൈൻ ചാപ്പലിന്റെ ചുവരിൽ അന്ത്യവിധിയുടെ ചിത്രം വരയ്ക്കാൻ അറുപതുവയസ്സുള്ള മൈക്കെലാഞ്ചലോയെ നിയോഗിച്ചത് ക്ലെമെന്റ് എട്ടാമൻ മാർപ്പപ്പയാണ്. ജോലി ഏല്പിച്ച് ഏറെ വൈകാതെ മാർപ്പാപ്പ മരിച്ചു. മൈക്കെലാഞ്ചലോ രചന തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തിയത് പോൾ മൂന്നാമൻ മാർപ്പാപ്പയാണ്. മൈക്കെലാഞ്ചലോ 1534 മുതൽ 1541 വരെ ആ ചിത്രത്തിന്റെ രചനയിൽ മുഴുകി. ചാപ്പലിന്റെ അൾത്താരക്കുപിന്നിലെ രണ്ടായിരത്തോളം ചതുരശ്രയടി ഭിത്തി നിറഞ്ഞുനിൽക്കുന്ന കൂറ്റൻ രചനയാണത്. ലോകാവസാനത്തോടനുബന്ധിച്ചു നടക്കുന്ന തന്റെ രണ്ടാമത്തെ ആഗമനത്തിൽ, പുണ്യവാന്മാരാൽ പരിസേവിതനായ യേശു, മനുഷ്യാത്മാക്കളെയെല്ലാം അവരുടെ ജീവിതകർമ്മങ്ങളുടെ അടിസ്ഥാനത്തിൽ വിധിച്ച് നിത്യസമ്മാനത്തിലേക്കോ നിത്യശിക്ഷയിലേക്കോ അയക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

യുവാവായിരിക്കെ, ഫ്ലോറൻസിലെ നവോത്ഥാനവിരുദ്ധപുരോഹിതൻ സവനരോളയുടെ പ്രഭാഷണങ്ങൾ മൈക്കെലാഞ്ചലോ കേട്ടിട്ടുണ്ടാകാം. അഴിമതിയിലും ഭോഗപരതയിലും മുഴുകിയിരുന്ന റോമിന്റെമേൽ, ആ പരിഷ്കർത്താവിന്റെ മുന്നറിയിപ്പുകളും ശാപങ്ങളും ആവർത്തിക്കുകയായിരുന്നു അന്ത്യവിധിയിലൂടെ മൈക്കെലാഞ്ചലോ എന്ന് പറയുന്നവരുണ്ട്. പിൽക്കാലതലമുറകളിൽ ക്രിസ്തുമതത്തിന്റെ ആസ്ഥാനത്തിലെ ആ ദേവാലയത്തിൽ ബലിയർപ്പിക്കാനെത്തുന്ന മാർപ്പാപ്പമാരുടെ മുൻപിൽ രക്ഷപെടാനാകാത്ത ദൈവവിധിയുടെ മുന്നറിയിപ്പ് രേഖപ്പെടുത്തി വക്കുകയായിരുന്നു അദ്ദേഹം. ജൂലിയസ് മാർപ്പാപ്പയുടെ പണിതീരാതെനിന്ന ശവകുടീരം, ബൊളോഞ്ഞയിൽ കലാപകാരികൾ ഉരുക്കി പീരങ്കിയുണ്ടാക്കാനുപയോഗിച്ച തന്റെ ശില്പം തുടങ്ങിയവ നൽകിയ കയ്പ്പും അന്ത്യവിധിയുടെ തീക്ഷണത കൂട്ടിയിരിക്കാം. സാധാരണകലാകാരന്മാർ ശിശുസഹജമായ ഓമനത്തത്തോടെ ചിത്രീകരിക്കാറുള്ള മാലാഖമാരെപ്പോലും അന്ത്യവിധിയിൽ, കായികാഭ്യാസികളുടെ പേശീസമൃദ്ധിയിലാണ് മൈക്കെലാഞ്ചലോ ചിത്രീകരിച്ചത്.

ചിത്രരചനനടന്നുകൊണ്ടിരിക്കുമ്പോൾ, അതിന്റെ ചടുലഭാവവും അതിലെ രൂപങ്ങളുടെ നഗ്നതയും ഭാവവൈചിത്ര്യവും കണ്ട്, അത് ദേവാലത്തിനല്ല മദ്യവിലപനശാലക്കാണ് ഇണങ്ങുക എന്ന് പോൾ മൂന്നാമൻ മാർപ്പാപ്പയുടെ ഉദ്യോഗസ്തനായ ബിയാജിയോ ദ സെസേന അഭിപ്രായപ്പെട്ടു. താമസിയായെ ചിത്രത്തിൽ നരകശിക്ഷക്ക് വിധിക്കപ്പെടുന്നവർക്കിടയിൽ ബിയാജിയോയുടെ മുഖവും മൈക്കെലാഞ്ചലോ വരച്ചുചേർത്തു. അതിനെതിരെ തന്നോട് പരാതിപ്പെട്ട ബിയാജിയോക്ക് പോൾ മൂന്നാമൻ കൊടുത്ത മറുപടി, ആത്മാക്കളെ നരകത്തിൽ നിന്ന് കരകയറ്റാൻ മാർപ്പാപ്പാക്കുപോലും കഴിവില്ല എന്നായിരുന്നത്രെ.[12]

"അത്തിയില" പ്രയോഗം

[തിരുത്തുക]

ചിത്രം പൂർത്തിയായിക്കഴിഞ്ഞപ്പോൾ, മാർപ്പാപ്പയുടെ പള്ളിയിൽ നഗ്നത ചിത്രീകരിച്ചത് അശ്ലീലവും ദൈവനിന്ദയുമായി പലർക്കും തോന്നി. കർദ്ദിനാൾ കരാഫയും, മാണ്ടുവായുടെ സ്ഥാനപതിയായിരുന്ന മോൺസിഞ്ഞോർ സെർനിനിയും അതിനെ നീക്കം ചെയ്യുകയോ സെൻസർ ചെയ്യുകയോ വേണമെന്നു വാദിച്ചെങ്കിലും മാർപ്പാപ്പ സമ്മതിച്ചില്ല. പക്ഷേ, മൈക്കെലാഞ്ചലോയുടെ മരണശേഷം, ചിത്രത്തിൽ കാണാമായിരുന്ന ജനനേന്ദ്രിയഭാഗങ്ങൾ മറയ്ക്കാൻ തീരുമാനമായി. അത്തരം ഭാഗങ്ങളെ അരവസ്ത്രങ്ങൾ കൊണ്ടുമറക്കുന്ന ജോലിക്കായി നിയോഗിച്ചത് മൈക്കെലാഞ്ചലോയുടെ സഹായിയായിരുന്ന ഡാനിയേൽ ദ വോൾട്ടേരയെ ആയിരുന്നു. മറ്റുശരീരഭാഗങ്ങളെ വോൾട്ടേര വെറുതെവിട്ടു. ഇതിനെ തുടർന്ന് റോമിൽ വോൾട്ടേര "കൗപീനങ്ങളുടെ തുന്നൽക്കാരൻ" എന്നറിയപ്പെടാനും തുടങ്ങി. 1993-ൽ 'അന്ത്യവിധി' യുടെ ചുവർചിത്രം കേടുപാടുകൾ തീർത്ത് പുന:സ്ഥാപിക്കപ്പെട്ടപ്പോൾ, ഡാനിയെൽ വോൾട്ടേരയുടെ അരവസ്ത്രങ്ങൾ നീക്കം ചെയ്യേണ്ട എന്ന് പുന:സ്ഥാപകന്മാർ തീരുമാനിച്ചു. വോൾട്ടേരയുടെ 'മാന്യതാ' പ്രയോഗത്തിന്റെ ചരിത്രപരമായ പ്രാധാന്യമാണ് അവർ കണക്കിലെടുത്തത്. മൈക്കലാഞ്ചലോയുടെ വര ഉരച്ചുമാറ്റിയാണ് പലയിടത്തും വോട്ടേര തന്റെ മാറ്റങ്ങൾ വരുത്തിയതെന്നത്, ആ മാറ്റങ്ങളെ നീക്കം ചെയ്യുന്നത് എളുപ്പമല്ലാതാക്കുകയും ചെയ്തിരുന്നു. മൈക്കെലാഞ്ചലോയുടെ മൂലരചയോട് പൂർണ്ണവിശ്വസ്തത പുലർത്തുന്ന ഒരു പകർപ്പ് മാർസെല്ലേ വെനൂസ്തി നിർവഹിച്ചത്, നേപ്പിൾസിലെ കപ്പോഡിമോണ്ടേ സംഗ്രഹാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

വിലക്കപ്പെട്ട കനി - സിസ്റ്റൈൻ ചാപ്പലിന്റെ മച്ചിലെ ‍ചിത്രം - മൈക്കെലാഞ്ചലോ സൃഷ്ടിച്ച മനുഷ്യരൂപങ്ങളുടെ നഗ്നത, മതയാഥാസ്ഥിതികരെ അസ്വസ്ഥരാക്കി.

സെൻസർഷിപ്പ് മൈക്കെലാഞ്ചലോയെ എന്നും പിന്തുടർന്നു. അശ്ലീലതകളുടെ സ്രഷ്ടാവ് എന്നുവരെ അദ്ദേഹം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ചിത്രരചനകളിലേയും ശില്പങ്ങളിലേയും ജനനേന്ദ്രിയഭാഗങ്ങൾ മറക്കുകയെന്ന ദൗത്യം ഏറ്റെടുത്ത കത്തോലിക്കാ പ്രതിനവീകരണത്തിലെ(Catholic Counter Remormation) കുപ്രസിദ്ധമായ "അത്തിയില പ്രസ്ഥാനം" (fig-leaf campaign) ആദ്യം ആക്രമിച്ചത് മൈക്കെലാഞ്ചലോയുടെ സൃഷ്ടികളെയാണ്. റോമിലെ മിനർവാമാതാവിന്റെ പള്ളിയിലെ രക്ഷകനായ യേശുവിന്റെ ശില്പത്തിൽ അത്തിയിലപ്രസ്ഥാനം ഉടുപ്പിച്ച അരവസ്ത്രം ഇപ്പോഴുമുണ്ട്. ബെൽജിയത്തിൽ ബർഗസ് മാതാവിന്റെ പള്ളിയിലെ വിശുദ്ധമാതാവിന്റെ ശില്പത്തോടൊപ്പമുള്ള ഉണ്ണിയേശുവിനും 'അത്തിയില' കിട്ടി. ലണ്ടണിലെ വിക്ടോറിയ-ആൽബർട്ട് സംഗ്രഹാലയത്തിലുള്ള ദാവീദിന്റെ ശില്പത്തിന്റെ പ്ലാസ്റ്റർ പകർപ്പിനുപിന്നിൽ ഒരു പെട്ടിയിൽ 'അത്തിയില' കരുതിയിട്ടുണ്ട്. രാജകുടുംബത്തിലെ വനിതകൾ സംഗ്രഹാലയം സന്ദർശിക്കാനെത്തുമ്പോൾ ശിലപത്തിന്റെ നഗ്നത മറക്കാനായിരുന്നു അത്.

പത്രോസിന്റെ ബസിലിക്കാ

[തിരുത്തുക]
റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ താഴികക്കുടം രൂപകല്പന ചെയ്തത് മൈക്കെലാഞ്ചലോയാണ്.

1546-ൽ മൈക്കെലാഞ്ചലോക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ പുനർനിർമ്മാണച്ചുമതല കിട്ടി. പോൾ മൂന്നാമൻ മാർപ്പാപ്പ ഏല്പ്പിച്ച ഈ ചുമതല വൈമനസ്യത്തോടെ കയ്യേൽക്കുമ്പോൾ മൈക്കെലാഞ്ചലോക്ക് 71 വയസ്സായിരുന്നു. ഈ പ്രായത്തിൽ ഇത്തരം ജോലി നിർവഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവെനെപ്പറ്റി പലരും സംശയം പ്രകടിപ്പിക്കുകയും മറ്റൊരാളെ മുഖ്യശില്പിയായി നിയോഗിക്കാൻ മാറിവരുന്ന മാർപ്പാപ്പാമാരെ നിർബ്ബന്ധിക്കുകയും ചെയ്തു. എന്നാൽ 1560-ൽ ചുമതലയിൽ നിന്നുള്ള മൈക്കെലാഞ്ചലോയുടെ രാജി പീയൂസ് നാലാമൻ മാർപ്പാപ്പ സ്വീകരിച്ചില്ല. ദേവാലയത്തിന്റെ പുനർനിർമ്മാണം പൂർത്തിയായത് മൈക്കെലാഞ്ചലോയുടെ കാലശേഷമാണെങ്കിലും മരണം വരെ അതിന്റെ മുഖ്യശില്പിയായി അദ്ദേഹം തുടർന്നു. ദേവാലയത്തിന്റെ താഴികക്കുടം മൈക്കെലാഞ്ചലോ രൂപകല്പന ചെയ്തതാണ്. അത് ചിത്രത്തൂണുകളുടെ കൂറ്റൻ താളക്രമം(Giant order of Pilasters) സൃഷ്ടിച്ച് ക്ലാസിക്കൽ നിർമ്മാണകലയിൽ വിപ്ലവം സാധിച്ചു.

വ്യക്തിത്വം

[തിരുത്തുക]
മൈക്കെലാഞ്ചലോയുടെ അന്ത്യവിധി എന്ന ചുവർ‍ചിത്രത്തിലെ ഒരു ഭാഗം. രക്തസാക്ഷിത്ത്വത്തിന്റെ ഭാഗമായി ചർമ്മം ഉരിയപ്പെട്ട വിശുദ്ധ ബർത്തലോമ്യൂ സ്വന്തം ചർമ്മം കയ്യിലേന്തിയിരിക്കുന്നു. ചർമ്മത്തിന്റെ മുഖഭാഗത്തിന് ചിത്രകാരന്റെ തന്നെ മുഖഛായയാണെന്നു കാണാം.

ആകാരം, സ്വഭാവം

[തിരുത്തുക]

സഹജീവികളോടുള്ള പരുക്കൻ പെരുമാറ്റവും തന്നെക്കുറിച്ചുതന്നെയുള്ള അതൃപ്തിയും മൈക്കെലാഞ്ചലോയുടെ ബലഹീനതകളായിരുന്നു എന്ന് പറയപ്പെടുന്നു. കാഴ്ചയിലോ പെരുമാറ്റത്തിലോ അദ്ദേഹത്തിൽ ആകർഷകമായൊന്നുമില്ലായിരുന്നു. ഇടത്തരം ഉയരം, പരന്ന തോളുകൾ, മെലിഞ്ഞ ശരീരം, വലിയ തല, വിടർന്നുനിൽക്കുന്ന ചെവികൾ, നീണ്ട് വിഷാദഭാവം കലർന്ന മുഖം, ചതഞ്ഞ മൂക്ക്, തീക്ഷ്ണതയുള്ള ചെറിയ കണ്ണുകൾ, നരകലർന്ന മുടിയും താടിയും, എല്ലാം ചേർന്നതായിരുന്നു യുവത്വത്തിൽ തന്നെ മൈക്കെലാഞ്ചലോയുടെ രൂപം. വസ്ത്രധാരണത്തിൽ അദ്ദേഹം തീരെ ശ്രദ്ധകാട്ടിയില്ല. പഴയ വസ്ത്രങ്ങളെ തൊലിയോട് ഒട്ടിച്ചേരുവോളം അദ്ദേഹം കൊണ്ടുനടന്നു. "കുളിക്കാതിരിക്കാൻ ശ്രദ്ധിക്കുക; ശരീരം തുടയ്ക്കുക മാത്രം ചെയ്യുക" എന്നായിരുന്നത്രെ പിതാവ് മകന് കൊടുത്ത ഉപദേശം. ഈ ഉപദേശത്തിന്റെ ആദ്യഭാഗം മാത്രമാണ് മകൻ അനുസരിച്ചതെന്ന് പറയപ്പെടുന്നു. ചിലപ്പോഴൊക്കെ ഷൂ പോലും ഊരിമാറ്റാതെയാണ് അദ്ദേഹം ഉറങ്ങിയത്. ഏറെ ദിവസങ്ങൾ ധരിച്ചശേഷം ഷൂ ഊരിമാറ്റുമ്പോൾ പലപ്പോഴും തൊലി ഒപ്പം ഇളകിപ്പോയിരുന്നത്ര. ഊരിമാറ്റിയാൽ വീണ്ടും ധരിക്കാൻ പാടുപെടണമല്ലോ എന്നോർത്ത് അദ്ദേഹം വസ്ത്രം മാറാൻ മടിച്ചു എന്നാണ് ജീവചരിത്രകാരൻ വസാരി പറയുന്നത്. ഏറെ സമ്പാദിച്ചിട്ടും കിട്ടുന്നത് ഭക്ഷിച്ച് ദരിദ്രനെപ്പോലെ മൈക്കെലാഞ്ചലോ ജീവിച്ചു. ചിലപ്പോഴൊക്കെ റൊട്ടിയുടെ പുറംതോടുകൊണ്ട് തൃപ്തിപ്പെട്ടു. ബൊളോഞ്ഞായിൽ അദ്ദേഹവും മൂന്നു സഹായികളും ഒരു കിടക്ക മാത്രമുള്ള ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്.[12]

സുഹൃദ്ബന്ധങ്ങൾക്ക് അദ്ദേഹത്തിന് സമയമില്ലായിരുന്നു. ഭൃത്യനായിരുന്ന ഫ്രാൻസെസ്കോ ഡെഗ്ലി അമാദോരിയുടെ സഹവാസമേ അദ്ദേഹത്തിന് വേണ്ടിയിരുന്നുള്ളു. അമാദോരി ഇരുപത്തഞ്ചുവർഷം മൈക്കെലാഞ്ചലോയെ വിശ്വസ്തതയോടെ സേവിച്ചു. അനേക വർഷങ്ങൾ അവർ ഒരേ കിടക്ക പങ്കിട്ടു. മൈക്കെലാഞ്ചലോയുടെ ഉദാരത അമാദോരിയെ ധനികനാക്കി. അയാളുടെ മരണം മൈക്കെലാഞ്ചലോയെ വേദനിപ്പിച്ചു.

ലൈംഗികചായ്‌വ്

[തിരുത്തുക]

മൈക്കെലാഞ്ചലോയുടെ പ്രേമത്തിൽ പ്ലേറ്റോണിസത്തോടൊപ്പം മറയില്ലാത്ത സ്വവർഗ്ഗരതിയുടേയും സൂചനകൾ കാണുന്നവരുണ്ട്; 1543-ൽ താനുമായി കണ്ടുമുട്ടി ഒരുവർഷം മാത്രം കഴിഞ്ഞുള്ള ചെച്ചിനോ ഡീ ബ്രാച്ചിയുടെ മരണത്തിൽ മൈക്കെലാഞ്ചലോ എഴുതിയ ചരമഗീതങ്ങൾ ഇതിനുതെളിവായി പറയപ്പെടുന്നു. അവയിൽ പ്രകടമാകുന്ന പ്രണയം കാൽപനികമെന്നതിനപ്പുറം ശാരീരികം കൂടി ആയിരുന്നുവെന്നാണ് വാദം.[21] എന്നാൽ ആ ഗീതങ്ങൾ പ്ലേറ്റോണികസം‌വാദങ്ങളുടെ നിർമ്മമവും ഉദാത്തവുമായ പുനരാവിഷകരണമാണെന്നും ഉത്തേജകകവിതയെ സംസ്കൃതഭാവങ്ങളുടെ പ്രകടനത്തിനുള്ള ഉപാധിയാക്കുകമാത്രമാണ് മൈക്കെലാഞ്ചലോ ചെയ്തതെന്നും മറുവാദവുമുണ്ട്. പതിനാറാം നൂറ്റാണ്ടിലെ ഇറ്റലിയിൽ പ്രേമപ്രഖ്യാപനം ഇക്കാലത്തേതിനേക്കാൾ സാധാരണമായിരുന്നെന്നും ഓർക്കേണ്ടതുണ്ട്.[22] മൈക്കെലാഞ്ചലോയുടെ സുഹൃത്ത് നിക്കോളോ ക്വാർട്ടേസിയുടെ ജോലിക്കാരിലൊരാൾ, തന്റെ മകനെ സഹായിയായിയെടുക്കാമെന്നും അവൻ ശയ്യയിലെ കൂട്ടാളിയായും ഉപകരിച്ചേക്കാമെന്നും നിർദ്ദേശിച്ചത് മൈക്കെലാഞ്ചലോ അവജ്ഞാപൂർവം തള്ളിക്കളഞ്ഞു. ആ ജോലിക്കാരനെ പിരിച്ചുവിടാൻ ക്വാർട്ടേസിയോട് അദ്ദേഹം ആവശ്യപ്പെടുകപോലും ചെയ്തു. അദ്ദേഹം തന്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു.

മൈക്കെലാഞ്ചലോ "ശാരീരികബന്ധങ്ങളിൽ" ഏർപ്പെട്ടിരുന്നോ എന്നുപറയുക ബുദ്ധിമുട്ടാണ്. അദ്ദേഹം സംന്യാസിയുടെ ബ്രഹ്മചര്യനിഷ്ഠ പാലിച്ചുവെന്ന് അസ്കാനിയോ കോൺഡിവി അഭിപ്രായപ്പെട്ടിട്ടുണ്ട്.[23] ഏതായാലും അദ്ദേഹം ശില്പങ്ങളിലും ചിത്രങ്ങളിലും കവിതകളിലും തന്റെ സങ്കല്പലോകത്തിന്റെ പരിച്ഛേദം വിട്ടുപോയി.[24]

കവലിയേരി

[തിരുത്തുക]

മൈക്കെലാഞ്ചലോയുടെ പ്രേമത്തിന്റെ ഏറ്റവും ശക്തമായ ലിഖിതപ്രകടനം തോമസ് ഡി കവലിയേരിക്കാണ് കിട്ടിയത്(c. 1509–1587). 1532-ൽ, 57 വയസ്സുള്ള മൈക്കെലാഞ്ചലോ കവലിയേരിയെ കാണുമ്പോൾ അയാൾക്ക് 23 വയസ്സുണ്ടായിരുന്നു. തന്നേക്കാൾ പ്രയമേറിയ മൈക്കെലാഞ്ചലോയുടെ സ്നേഹത്തോട് കവലിയേരി അനുകൂലമായി പ്രതികരിച്ചു: അങ്ങയുടെ പ്രേമം തിരിച്ചും നൽകുമെന്ന് ഞാൻ വാക്കുതരുന്നു. മറ്റാരേയും ഞാൻ ഇത്രയധികം സ്നേഹിച്ചിട്ടില്ല. മറ്റൊരാളുടെ സൗഹൃദവും ഞാൻ ഇത്രയേറെ കൊതിച്ചിട്ടില്ല. കവലിയേരി അവസാനം വരെ മൈക്കെലാഞ്ചലോയോട് വിശ്വസ്തതപുലർത്തി.

മുന്നൂറു ഭാവഗീതങ്ങൾ മൈക്കെലാഞ്ചലോ കവലിയേരിക്ക് സമർപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കവിതാസമുച്ചയമാണത്. അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനികവ്യാഖ്യാതാക്കളുണ്ട്. ഒരു ദത്തുപുത്രനെയാണ് മൈക്കെലാഞ്ചലോ അയാളിൽ കണ്ടതെന്ന് അവർ പറയുന്നു.[25] എന്നാൽ ആ കവിതകളുടെ സ്വവർഗ്ഗരതിഭാവം മൈക്കെലാഞ്ചലോയുടെ കാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1632-ൽ അവ പ്രസിദ്ധീകരിച്ച മൈക്കെലാഞ്ചലോയുടെ അനന്തരവൻ "ചെറിയ മൈക്കെലാഞ്ചലോ", ലിംഗസൂചകമായ സർവനാമങ്ങൾ മാറ്റി അവയിലെ സ്വവർഗ്ഗരതിസൂചനകളെ മറയ്ക്കാൻ ശ്രമിച്ചു. ഭാവഗീതങ്ങളുടെ മൂലരൂപത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ജോൺ ആഡിങ്ങ്‌ടൻ ആ മാറ്റങ്ങളെ തിരസ്കരിച്ചു. വ്യത്യസ്തലൈംഗികചായ്‌വുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടി ആദ്യമായി വാദിച്ച ഇംഗ്ലീഷുകാരനായിരുന്നു ആഡിങ്ങ്‌ടൻ. 1893-ൽ അദ്ദേഹം മൈക്കെലാഞ്ചലോയുടെ ഒരു ജീവചരിത്രവും പ്രസിദ്ധീകരിച്ചു.

വിറ്റോറിയ

[തിരുത്തുക]
മൈക്കെലാഞ്ചലോയുമായി ബൗദ്ധിക-ആത്മീയ തലങ്ങളിൽ സൗഹൃദം പങ്കിട്ട വിറ്റോറിയ കൊളോണ - സെബാസ്റ്റിയാനോ ഡെൽ പിയോംബോ വരച്ച ചിത്രം

റോമിൽ മൈക്കെലാഞ്ചലോ ജീവിച്ചത് ലൊരേറ്റോയിലെ മാതാവിന്റെ പള്ളിക്കടുത്തായിരുന്നു. അവിടെ കവയിത്രിയും പെസ്കാറയിലെ പ്രഭ്വിയും ആയിരുന്ന വിറ്റോറിയ കൊളോണയുമായി അദ്ദേഹം സൗഹൃദത്തിലായി. 1536-ലോ 1538-ലോ അവർ കണ്ടുമുട്ടുമ്പോൾ വിറ്റോറിയ 50 വയസ്സുള്ള വിധവയായിരുന്നു. അവർ പരസ്പരം സമർപ്പിച്ച് ഭാവഗീതങ്ങൾ എഴുതുകയും വിറ്റോറിയയുടെ മരണം വരെ ഇടക്കിടെ കണ്ടുമുട്ടുകയും ചെയ്തിരുന്നു. എന്നാൽ പതിനേഴുവർഷം മുൻപ് മരിച്ച തന്റെ ഭർത്താവിനോട് അപ്പോഴും വിശ്വസ്തയായിരുന്ന വിറ്റോറിയക്ക് ബൗദ്ധികവും ആത്മീയവുമായ തലത്തിലുള്ള സൗഹൃദത്തിലല്ലാതെ മറ്റൊന്നിലും താത്പര്യമുണ്ടായിരുന്നില്ല. "നമ്മുടെ സൗഹൃദവും സ്നേഹവും സ്ഥിരവും ഉറപ്പുള്ളതും ക്രിസ്തീയതയുടെ ചരടുകൊണ്ട് ബന്ധിക്കപ്പെട്ടതുമാണ്" എന്ന് അവർ മൈക്കെലാഞ്ചലോക്ക് എഴുതി. അവർ അദ്ദേഹത്തിന് 143 ഭാവഗീതങ്ങൾ സമ്മാനിച്ചു. മൈക്കെലാഞ്ചലോ മറുപടിയായി എഴുതിയ ഗീതങ്ങൾ ഊഷമളവും ആരാധനാ-ഭക്തിഭാവങ്ങൾ നിറഞ്ഞതും സാഹിത്യപരമായ ആർഭാടങ്ങൾ ഉൾക്കോള്ളുന്നവയുമാണ്. അവരുടെ സംഗമങ്ങളിൽ ആത്മീയവിഷയങ്ങളാണ് ചർച്ചചെയ്യപ്പെട്ടിരുന്നത്. വിറ്റോറിയ മൈക്കെലാഞ്ചാലോയെ അസാധരണമാം വിധം സ്വാധീനിച്ചു. ഭക്തയും ദയാവതിയും വിശ്വസ്തയും ആയ അവരിൽ, ജീവിതത്തിലെ ഉന്നതമായ ആത്മീയാംശങ്ങളെല്ലാം ഒന്നുചേർന്നതായി അദ്ദേഹത്തിനു തോന്നി. 1547-ലെ അവരുടെ മരണസമയത്ത് അദ്ദേഹം അരികെ ഉണ്ടായിരുന്നു. അവരുടെ വിയോഗം അദ്ദേഹത്തെ ദുഃഖവിവശനാക്കുകയും ചെയ്തു.

കലാസങ്കല്പം

[തിരുത്തുക]
ഫ്ലോറൻസിൽ മൈക്കെലാഞ്ചലോയുടെ ശവകുടീരം

കലയുടെ ഉറവിടങ്ങളായി അദ്ദേഹം കണ്ടത് ആന്തരികപ്രചോദനവും സംസ്കാരവുമാണ്. കലാകാരനു കീഴ്പ്പെടുത്താനുള്ള ഒരെതിരാളിയായി പ്രകൃതിയെ അദ്ദേഹം കണ്ടു. ഇത്, അദ്ദേഹത്തിന്റെ സമകാലീനനും പ്രതിയോഗിയുമായി ലിയോനാർഡോ ഡാവിഞ്ചിയുടെ കലാവീക്ഷണത്തിൽ നിന്ന് ഭിന്നമായിരുന്നു. അദ്ദേഹം നിർമ്മിച്ച രൂപങ്ങൾ ബാഹ്യലോകത്തിൽ നിന്ന് വേറിട്ട്, അവയുടെ തന്നെ സ്ഥലസീമയിൽ ശക്തവും ചലനാത്മകവുമായിരിക്കുന്നു. ശിലക്കുള്ളിൽ മുന്നേയുള്ള ശിലപത്തെ അനാവശ്യമായതൊക്കെ മാറ്റി പുറത്തുകൊണ്ടുവരുകയാണ് ശില്പിയുടെ നിയോഗം എന്ന് മൈക്കെലാഞ്ചലോ കരുതി. തന്റെ സൃഷ്ടികളുമായി മൈക്കെലാഞ്ചലോ ആത്മബന്ധം പുലർത്തി. "നീ എന്നോട് സംസാരിക്കാത്തതെന്ത്?" എന്നലറിക്കൊണ്ട്, ദാവീദിന്റെ പ്രതിമയുടെ കാൽമുട്ട് അദ്ദേഹം ഒരിക്കൽ ചുറ്റികകൊണ്ടടിച്ചു പൊട്ടിച്ചുവെന്ന കഥ പ്രസിദ്ധമാണ്. പുരുഷസൗന്ദര്യം മൈക്കെലാഞ്ചലോയെ കലാപരമായും വൈകാരികമായും ആകർഷിച്ചു. അദ്ദേഹത്തിന്റെ കലയുടെ മൗലികഘടകം പുരുഷസൗന്ദര്യത്തിന്റെ ചിത്രീകരണമായിരുന്നു. പൗരുഷത്തെ അദർശവൽക്കരിച്ച യൂറോപ്യൻ നവോത്ഥാനത്തിന്റെ നിലപാടിൽ പങ്കുപറ്റുകയാണ് ഒരളവുവരെ അദ്ദേഹം ചെയ്തതെന്ന് പറയാം. എന്നാൽ പുരുഷസൗന്ദര്യത്തോടുള്ള മൈക്കെലാഞ്ചലോയുടെ കലയുടെ പ്രതികരണത്തിൽ വിഷയലോലുപതയും ആരോപിക്കപ്പെട്ടിട്ടുണ്ട്.[26]

എൺപത്തൊമ്പതാം വയസ്സുവരെ മൈക്കെലാഞ്ചലോ കലാകാരനെന്ന നിലയിൽ പ്രവർത്തനനിരതനായിരുന്നു. ഒടുവിൽ മൂത്രാശയസംബന്ധമായ രോഗങ്ങളും മറ്റും അദ്ദേഹത്തെ വലച്ചു. അടുത്തുവരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മമതയോടെ സമീപിച്ചു. "പടുകിഴവനായ എന്നെ മരണം ഇടക്കിടെ ഉടുപ്പിന്റെ കഴുത്തിൽ പിടിച്ചുവലിച്ച്, കൂടെച്ചെല്ലാൻ നിർബ്ബന്ധിക്കുന്നു" എന്ന് അദ്ദേഹം വസാരിയോട് പറഞ്ഞു. തന്റെ "ആത്മാവിനെ ദൈവത്തിനും, ശരീരത്തെ ഭൂമിക്കും, വസ്തുവകകളെ ബന്ധുക്കൾക്കും" സമർപ്പിച്ചതല്ലാതെ അദ്ദേഹം ഒസ്യത്തൊന്നും എഴുതിയില്ല. 1564 ഫെബ്രുവരി 18-ന് മരിച്ച മൈക്കെലാഞ്ചലോയുടെ ശരീരം, തനിക്കുപ്രിയപ്പെട്ട ടസ്ക്കനിയിൽ സംസ്കരിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കണക്കിലെടുത്ത്, റോമിൽ നിന്ന് കൊണ്ടുവന്ന്, ഫ്ലോറൻസിലെ വിശുദ്ധ കുരിശിന്റെ ബസിലിക്കായിൽ സംസ്കരിച്ചു. ശവസംസ്കാരച്ചടങ്ങുകൾ ദിവസങ്ങൾ നീണ്ടുനിന്നു.[12]

മുഖ്യസൃഷ്ടികൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

ക.^ ഫ്ലോറൻസുകാരുടെ പതിവനുസരിച്ച്, മൈക്കലാഞ്ചലോയുടെ പിതാവ് ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്, യേശുവിന്റെ മനുഷ്യാവതാരം കഴിഞ്ഞ് 1474-ആം വർഷം മാർച്ച് മാസം ആറാം തിയതി എന്നാണ്. എന്നാൽ യേശുവിന്റെ ജനനത്തെ അടിസ്ഥാനമാക്കിയുള്ള റോമൻ കാലഗണനയനുസരിച്ച് മൈക്കലാഞ്ചലോ ജനിച്ചത് 1475-ലാണ്.

ഖ.^ വിദ്യാഭ്യാസം തുടങ്ങുമ്പോൾ മൈക്കലാഞ്ചലോക്ക് എത്ര വയസ്സായിരുന്നുവെന്ന കാര്യത്തിൽ അഭിപ്രായൈക്യമില്ല. പത്തുവയസായിരുന്നെന്ന് ഡി ടോൽനേയും ഏഴുവയസ്സായിരുന്നെന്ന് സെഡ്ജ്വിക്കും പറയുന്നു.

ഇവയും കാണുക

[തിരുത്തുക]

ഈ പ്രശസ്ത നവോത്ഥാന ചിത്രകാരന്മാർക്ക് മൈക്കലാഞ്ജലോയുമായി ബന്ധമുണ്ടായിരുന്നു:

കൂടുതൽ വായനക്ക്

[തിരുത്തുക]
  • Ackerman, James (1986). The Architecture of Michelangelo. University of Chicago Press. ISBN 978-0226002408.
  • Clément, Charles (1892). Michelangelo. Harvard University, Digitized June 25, 2007: S. Low, Marston, Searle, & Rivington, ltd.: London.{{cite book}}: CS1 maint: location (link)
  • Condivi, Ascanio (1553). The Life of Michelangelo. Pennsylvania State University Press. ISBN 0-271-01853-4. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Baldini, Umberto (1982). The Sculpture of Michelangelo. Rizzoli. ISBN 0-8478-0447-x. Archived from the original on 2007-11-24. Retrieved 2009-03-06. {{cite book}}: Check |isbn= value: invalid character (help); Unknown parameter |coauthors= ignored (|author= suggested) (help)
  • Einem, Herbert von (1973). Michelangelo. Trans. Ronald Taylor. London: Methuen.
  • Gilbert, Creighton (1994). Michelangelo On and Off the Sistine Ceiling. New York: George Braziller.
  • Hart, Michael (1992). The 100. Carol. ISBN 0-8065-1350-0.
  • Hibbard, Howard (1974). Michelangelo. New York: Harper & Row.
  • Hirst, Michael and Jill Dunkerton. (1994) The Young Michelangelo: The Artist in Rome 1496-1501. London: National Gallery Publications.
  • Liebert, Robert (1983). Michelangelo: A Psychoanalytic Study of his Life and Images. New Haven and London: Yale University Press. ISBN 0-300-02793-1.
  • Pietrangeli, Carlo, et al. (1994). The Sistine Chapel: A Glorious Restoration. New York: Harry N. Abrams
  • Sala, Charles (1996). Michelangelo: Sculptor, Painter, Architect. Editions Pierre Terrail. ISBN 978-2879390697.
  • Saslow, James M. (1991). The Poetry of Michelangelo: An Annotated Translation. New Haven and London: Yale University Press.
  • Seymour, Charles, Jr. (1972). Michelangelo: The Sistine Chapel Ceiling. New York: W. W. Norton.
  • Stone, Irving (1987). The Agony and the Ecstasy. Signet. ISBN 0-451-17135-7.
  • Summers, David (1981). Michelangelo and the Language of Art. Princeton University Press.
  • Tolnay, Charles (1947). The Youth of Michelangelo. Princeton, NJ: Princeton University Press.
  • Tolnay, Charles de. (1964). The Art and Thought of Michelangelo. 5 vols. New York: Pantheon Books.
  • Néret, Gilles (2000). Michelangelo. Taschen. ISBN 9783822859766.
  • Wilde, Johannes (1978). Michelangelo: Six Lectures. Oxford: Clarendon Press.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Web Gallery of Art, image collection, virtual museum, searchable database of European fine arts (1100–1850)". www.wga.hu. Retrieved 2008-06-13.
  2. "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 699. 2011 ജൂലൈ 18. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)
  3. 3.0 3.1 Michelangelo. (2008). Encyclopædia Britannica. Ultimate Reference Suite.
  4. Jacobs, Frederika (September 2002), "assembling: Marsyas, Michelangelo, and the Accademia del Disegno - Dis", The Art Bulletin: 22, archived from the original on 2009-02-12, retrieved 2009-02-28
  5. 5.0 5.1 5.2 J. de Tolnay, The Youth of Michelangelo, 11
  6. 6.0 6.1 C. Clément, Michelangelo, 5
  7. A. Condivi, The Life of Michelangelo, 5
  8. 8.0 8.1 A. Condivi, The Life of Michelangelo, 9
  9. R. Liebert, Michelangelo: A Psychoanalytic Study of his Life and Images, 59
  10. C. Clément, Michelangelo, 7
  11. C. Clément, Michelangelo, 9
  12. 12.00 12.01 12.02 12.03 12.04 12.05 12.06 12.07 12.08 12.09 12.10 Story of Civilization, അഞ്ചാം വാല്യം, The Renaissance, Will Durant
  13. J. de Tolnay, The Youth of Michelangelo, 18–19
  14. 14.0 14.1 A. Condivi, The Life of Michelangelo, 15
  15. 15.0 15.1 J. de Tolnay, The Youth of Michelangelo, 20–21
  16. A. Condivi, The Life of Michelangelo, 17
  17. 17.0 17.1 J. de Tolnay, The Youth of Michelangelo, 24–25
  18. A. Condivi, The Life of Michelangelo, 19–20
  19. J. de Tolnay, The Youth of Michelangelo, 26–28
  20. Old News - Pope Picks Michelangelo To Paint Chapel Ceiling, Rick Bromer http://www.oldnewspublishing.com/sistine.htm Archived 2007-09-10 at the Wayback Machine.
  21. "MICHELANGELO BUONARROTI" by Giovanni Dall'Orto Babilonia n. 85, January 1991, pp. 14–16 [1] Archived 2007-12-21 at the Wayback Machine.
  22. Hughes, Anthony: "Michelangelo.", page 326. Phaidon, 1997.
  23. Hughes, Anthony: "Michelangelo"., page 326. Phaidon, 1997.
  24. Scigliano, Eric: "Michelangelo's Mountain; The Quest for Perfection in the Marble Quarries of Carrara.", Simon and Schuster, 2005. [2]. Retrieved January 27, 2007
  25. "Michelangelo", The New Encyclopaedia Britannica, Macropaedia, Volume 24, page 58, 1991. The text goes so far as to claim, a bit defensively, 'These have naturally been interpreted as indications that Michelangelo was a homosexual, but such a reaction according to the artist's own statement would be that of the ignorant'.
  26. Hughes, Anthony: "Michelangelo"., page 327. Phaidon, 1997.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ മൈക്കലാഞ്ജലോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മൈക്കെലാഞ്ജലോ&oldid=4024751" എന്ന താളിൽനിന്ന് ശേഖരിച്ചത്